മൂന്ന് മാസമായി ഒന്നാം റാങ്കിൽ, ഈ വർഷം രണ്ടാം ഗ്രാൻഡ് സ്ലാം; സിന്നർ ദ്യോകോവിച്ചിനും നദാലിനും പിൻഗാമിയാകുമോ?
text_fieldsന്യൂയോർക്: നൊവാക് ദ്യോകോവിചും റാഫേൽ നദാലും കോർട്ട് വിടുന്നതോടെയുണ്ടാവുന്ന വിടവുകൾ നികത്താനാരൊക്കെ എന്ന ചോദ്യത്തിന് വ്യക്തമായൊരു ഉത്തരം നൽകുകയാണ് യാനിക് സിന്നർ. ഈ വർഷം രണ്ടാം ഗ്രാൻഡ് സ്ലാം കിരീടവും നേടി താരം സ്വപ്നക്കുതിപ്പ് തുടരുന്നു. യു.എസ് ഓപൺ ടെന്നിസ് പുരുഷ സിംഗ്ൾസ് ഫൈനലിൽ ആതിഥേയതാരം ടെയ്‍ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലോക ഒന്നാം നമ്പറുകാരൻ പരാജയപ്പെടുത്തിയത്. സ്കോർ: 6-3, 6-4, 7-5. യു.എസ് ഓപൺ നേടുന്ന ആദ്യ ഇറ്റാലിയൻ പുരുഷ താരമായി ഇതോടെ സിന്നർ.
ആർതർ ആഷെ സ്റ്റേഡിയത്തിൽ അമേരിക്കക്കാരൻ ഫ്രിറ്റ്സിന്റെ ജയം ആഘോഷിക്കാനെത്തിയ നാട്ടുകാരെ തീർത്തും നിരാശരാക്കുന്നതായിരുന്നു സിന്നറിന്റെ പ്രകടനം. ആദ്യ സെറ്റിലെ ആവേശം പക്ഷേ, സിന്നർ 6-3ന് നേടുന്നതിലാണ് കലാശിച്ചത്. രണ്ടാം സെറ്റ് 6-4നും ഇറ്റലിക്കാരനൊപ്പം നിന്നു. മത്സരഫലം നിർണയിച്ചേക്കാവുന്ന മൂന്നാം സെറ്റിൽ ഫ്രിറ്റ്സ് തിരിച്ചടിച്ച് ഒരുഘട്ടത്തിൽ മുന്നിലെത്തിയെങ്കിലും കീഴടങ്ങേണ്ടിവന്നു (7-5). ജനുവരിയിൽ നടന്ന ആസ്ട്രേലിയൻ ഓപൺ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകളിൽ റഷ്യൻ താരം ഡാനിൽ മെദ്വദേവിനോട് മുട്ടുമടക്കിയശേഷം മൂന്നെണ്ണം ജയിച്ചാണ് സിന്നർ കന്നി ഗ്രാൻഡ് സ്ലാം സ്വന്തമാക്കിയത്.
മൂന്ന് മാസമായി ഒന്നാം റാങ്കിൽ തുടരുകയാണ് താരം. യു.എസിൽ ദ്യോകോവിചും പിന്നാലെ കാർലോസ് അൽകാരസും മെദ്വദേവും മടങ്ങിയതോടെ സിന്നറിന്റെ സാധ്യതകൾ വർധിച്ചിരുന്നു. 2015ൽ വനിത കിരീടം നേടിയ ഫ്ലാവിയ പെന്നെറ്റ ആയിരുന്നു ഇതുവരെ യു.എസ് ഓപൺ നേടിയ ഏക ഇറ്റാലിയൻ താരം. ഈ സീസണിൽ നിരവധി വലിയ വിജയങ്ങളുണ്ടായെന്നും ആസ്ട്രേലിയയിൽനിന്ന് തുടങ്ങി നന്നായി കളിക്കാൻ കഴിയുന്നത് ആത്മവിശ്വാസം കൂട്ടുന്നുവെന്നും സിന്നർ പ്രതികരിച്ചു. ഈയിടെ സിൻസിനാറ്റി ഓപണിലും താരം ജേതാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.