കായിക മേഖലക്ക് 1217 കോടി; ഒന്നാം നമ്പർ ഒഡിഷ
text_fieldsഭുവനേശ്വർ: രാജ്യത്ത് കായിക മേഖലക്ക് മികച്ച പിന്തുണ നൽകുന്ന ഒഡിഷയിൽ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ വൻ തുക നീക്കിയിരിപ്പ്. നിലവിലുള്ളതിലും 34 ശതമാനം ബജറ്റ് വിഹിതമാണ് വർധിച്ചത്. 1217 കോടി രൂപയാണ് അനുവദിച്ചത്. ഒരു സംസ്ഥാനത്ത് കായിക രംഗത്തിനായി നീക്കിവെക്കുന്ന ഏറ്റവും വലിയ തുകയാണിത്. കഴിഞ്ഞ വർഷം 911 കോടി രൂപയായിരുന്നു. ‘കായികം യുവജനങ്ങൾക്ക്, യുവജനത ഭാവിക്ക്’ എന്ന മുഖ്യമന്ത്രി നവീൻ പട്നായകിന്റെ കാഴ്ചപ്പാടാണ് ഒഡിഷയിൽ കായിക താരങ്ങൾക്കും മറ്റും വൻ പ്രോത്സാഹനമേകുന്നത്. 2010ൽ 20 കോടിയായിരുന്നു കായിക മേഖലക്കുള്ള ബജറ്റ് വിഹിതം. കേരളത്തിൽ അടുത്ത വർഷത്തേക്കുള്ള ബജറ്റിൽ കായിക-യുവജനക്ഷേമ വകുപ്പുകളിലെ വിവിധ പദ്ധതികൾക്ക് 195 കോടിയാണ് ആകെ നീക്കിവെച്ചത്. പ്രവർത്തനച്ചെലവടക്കമുള്ള തുകയാണിത്.
ഇത്തവണ പരിശീലനത്തിനായി 30 കോടി രൂപ നീക്കിവെച്ചു. മത്സരങ്ങൾ നടത്താൻ 24 കോടിയും താരങ്ങൾക്ക് ഇൻസെന്റിവും അവാർഡുകളും നൽകാൻ 10 കോടിയും അനുവദിച്ചു. ഖേലോ ഇന്ത്യക്ക് അഞ്ചും മികച്ച പ്രകടനം നടത്തുന്ന താരങ്ങൾക്ക് പരിശീലനത്തിനും മത്സരങ്ങളിൽ പങ്കെടുക്കാനുമായി മൂന്നു കോടിയും രൂപ പ്രത്യേകം നീക്കിവെച്ചിട്ടുണ്ട്.
ഏഴു വർഷത്തോളമായി രാജ്യത്തെ കായിക മേഖലയുടെ തലസ്ഥാനമായി ഒഡിഷ മാറിയിട്ടുണ്ട്. 2017ൽ ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ് മനോഹരമായി സംഘടിപ്പിച്ചാണ് അടുത്തകാലത്ത് ഒഡിഷ കായിക ഭൂപടത്തിലേക്കുയർന്നത്. ഈ മീറ്റിൽ മെഡൽ നേടിയ മലയാളികളടക്കമുള്ള താരങ്ങൾക്ക് 25 ലക്ഷം രൂപ വരെ മുഖ്യമന്ത്രി നവീൻ പട്നായക് പാരിതോഷികം നൽകിയിരുന്നു. കലിംഗ സ്പോർട്സ് കോംപ്ലക്സാണ് ഇവിടത്തെ പ്രധാന മൈതാനം. കഴിഞ്ഞ മാസം പുരുഷ ലോകകപ്പ് ഹോക്കിക്ക് വേദിയായത് കലിംഗയും പുത്തൻ കളിയിടമായ റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയവുമായിരുന്നു.
15 മാസത്തിനുള്ളിലാണ് സ്റ്റേഡിയം നിർമിച്ചത്. ഒമ്പതു മാസംകൊണ്ട് 222 മുറികളുള്ള ലോകകപ്പ് വില്ലേജും സജ്ജമാക്കി. തുടർച്ചയായി രണ്ടാം തവണയാണ് ലോകകപ്പ് ഹോക്കിക്ക് ഒഡിഷ ആതിഥേയരാകുന്നത്. ഇന്ത്യൻ ടീമിന്റെ പ്രധാന സ്പോൺസറും ഒഡിഷയായിരുന്നു. ഒരു സംസ്ഥാനം ദേശീയ ടീമിന്റെ പ്രായോജകരാകുന്നത് ചരിത്രത്തിലാദ്യമാണ്. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടും ഭംഗിയായി സംഘടിപ്പിച്ചു. പുരുഷ ലോക പ്രോ ലീഗിനും ദേശീയ ചാമ്പ്യൻഷിപ്പിനും വരും മാസങ്ങളിൽ സംസ്ഥാനം വേദിയാകും.
കലിംഗ സ്പോർട്സ് കോംപ്ലക്സിൽ ഹോക്കി, നീന്തൽ, അത്ലറ്റിക്സ് തുടങ്ങിയവയുടെ ഹൈ പെർഫോമൻസ് കേന്ദ്രങ്ങളുണ്ട്. 2019ൽ റിലയൻസ് ഫൗണ്ടേഷനുമായി സഹകരിച്ച് ആരംഭിച്ച അത്ലറ്റിക്സ് ഹൈ പെർഫോമൻസ് കേന്ദ്രത്തിൽനിന്ന് മികച്ച താരങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ദേശീയ റെക്കോഡ് ജേതാക്കളായ ജ്യോതി യാരാജി, അംലാൻ ബോർഗോഹെയ്ൻ തുടങ്ങിയവർ ഇതിൽപെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.