ഒളിമ്പിക്സ് ഫുട്ബാൾ: ജയത്തോടെ തുടങ്ങി ഫ്രാൻസും സ്പെയിനും
text_fieldsപാരിസ്: ഒളിമ്പിക്സ് ഫുട്ബാളിൽ തകർപ്പൻ ജയത്തോടെ തുടങ്ങി ഫ്രാൻസും സ്പെയിനും. യു.എസ്.എയെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ആതിഥേയർ തകർത്തുവിട്ടതെങ്കിൽ ഉസ്ബകിസ്താനെ 2-1നാണ് സ്പെയിൻ വീഴ്ത്തിയത്.
ഫ്രാൻസിനെതിരെ യു.എസ്.എ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ, തുടക്കത്തിൽ തന്നെ ജോർദെ മിഹൈലോവിച്ചിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിച്ചത് ലീഡ് നേടാനുള്ള അവസരം നഷ്ടമാക്കി. ഗോൾരഹിതമായി ആദ്യപകുതി അവസാനിച്ചപ്പോൾ 61ാം മിനിറ്റിൽ ലകാസറ്റെയിലൂടെ ഫ്രാൻസ് ലീഡെടുത്തു. 20 വാര അകലെനിന്നുള്ള അലക്സാന്ദ്രെ ലകാസറ്റെയുടെ ഷോട്ട് യു.എസ് ഗോൾകീപ്പർക്ക് ഒരവസരവും നൽകാതെ വലയിൽ കയറുകയായിരുന്നു.
എട്ട് മിനിറ്റിനകം ആതിഥേയർ ലീഡുയർത്തി. അടുത്തിടെ ബയേൺ മ്യൂണിക് നിരയിലെത്തിയ മൈക്കൽ ഒലിസെയുടെ വകയായിരുന്നു രണ്ടാം ഗോൾ. നിശ്ചിത സമയം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ശേഷിക്കെ ലോയിക് ബെയ്ഡ് ഹെഡറിലൂടെ മൂന്നാം ഗോളും നേടിയതോടെ പട്ടിക പൂർത്തിയായി.
മറ്റൊരു മത്സരത്തിൽ യൂറോ ചാമ്പ്യന്മാരായ സ്പെയിനിന്റെ യുവനിര ഉസ്ബകിസ്താനെ 2-1ന് വീഴ്ത്തി കുതിപ്പ് തുടങ്ങി. 29ാം മിനിറ്റിൽ മാർക് പബിലിലൂടെ സ്പെയിനാണ് ആദ്യം ഗോളടിച്ചത്. എന്നാൽ, ഹാഫ്ടൈമിന് തൊട്ടുമുമ്പ് ഉസ്ബകിസ്താൻ തിരിച്ചടിച്ചു. പെനാൽറ്റി കിക്കിൽനിന്ന് എൽദോർ ഷൊമുറോദോവ് ആണ് വല കുലുക്കിയത്. 59ാം മിനിറ്റിൽ സ്പെയിനിന് അനുകൂലമായി പെനാൽറ്റി ലഭിച്ചെങ്കിലും സെർജിയോ ഗോമസിന്റെ ഷോട്ട് ഉസ്ബക് ഗോൾകീപ്പർ തടഞ്ഞു. എന്നാൽ, മൂന്ന് മിനിറ്റിനകം ഗോമസ് തന്നെ ഗോളടിച്ച് സ്പെയിനിന് ജയം സമ്മാനിച്ചു. 2-1ന് ഗിനിയയെ വീഴ്ത്തി ന്യൂസിലാൻഡും വിജയത്തോടെ തുടക്കമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.