ഒളിമ്പിക്സ് ഫുട്ബാൾ: അർജന്റീനക്ക് കടുപ്പം; ഫ്രാൻസിനും സ്പെയിനിനും ആദ്യ കടമ്പ എളുപ്പമാകും
text_fieldsപാരിസ്: പാരിസ് ഒളിമ്പിക്സ് ഫുട്ബാൾ പോരാട്ടങ്ങൾക്കുള്ള ഗ്രൂപ്പുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. ലോകകപ്പിലും കോപ അമേരിക്കയിലും കിരീടം ചൂടിയ അർജന്റീനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ താരതമ്യേന കടുപ്പമുള്ള എതിരാളികളെ കിട്ടിയപ്പോൾ യൂറോ ചാമ്പ്യന്മാരായ സ്പെയിനിനും ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ഫ്രാൻസിനും ആദ്യ കടമ്പ എളുപ്പമാകും.
എ ഗ്രൂപ്പിൽ ഫ്രാൻസിനൊപ്പം യു.എസ്.എ ഉണ്ടെങ്കിലും ഗിനിയ, ന്യൂസിലാൻഡ് ടീമുകളാണ് അവശേഷിക്കുന്നത്. ഇതിനാൽ മുന്നേറാൻ എളുപ്പമാകും. അർജന്റീന ഉൾപ്പെടുന്ന ‘ബി’ ഗ്രൂപ്പിൽ മൊറോക്കൊ, ഇറാഖ്, യുക്രെയ്ൻ ടീമുകളാണുള്ളത്. സ്പെയിനിനൊപ്പം ഗ്രൂപ്പ് ‘സി’യിൽ ഉസ്ബകിസ്ഥാൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയും ‘ഡി’ ഗ്രൂപ്പിൽ ജപ്പാൻ, പരാഗ്വെ, മാലി, ഇസ്രായേൽ എന്നിവയുമാണ് ഏറ്റുമുട്ടുക. ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർ നേരിട്ട് ക്വാർട്ടർ ഫൈനലിന് യോഗ്യത നേടും.
23 വയസ്സിന് മുകളിലുള്ള മൂന്നുപേർക്ക് മാത്രമാണ് ഒരു ടീമിൽ കളിക്കാനാവുക. ഹൂലിയൻ അൽവാരസ്, നികൊളാസ് ഒട്ടാമെൻഡി, ഗോൾകീപ്പർ ജെറോണിമൊ റൂളി എന്നിവരാണ് അർജന്റീനക്കായി കളത്തിലിറങ്ങുന്ന സീനിയർ താരങ്ങൾ. അതേസമയം, പ്രായം അനുകൂലമായിട്ടും യൂറോ കപ്പിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ലമീൻ യമാൽ, നികൊ വില്യംസ്, പെഡ്രി എന്നിവരൊന്നും സ്പെയിൻ നിരയിലില്ല. ഫെർമിൻ ലോപസ്, അലക്സ് ബേന എന്നിവരാണ് 23ന് മുകളിൽ പ്രായമുള്ളവർ.
അതേസമയം, ഫ്രാൻസ് നിരയിൽ സൂപ്പർ താരങ്ങളൊന്നും ഇല്ല. ലിയോണിന്റെ റയാൻ ഷെർക്കി, റെന്നെ സ്ട്രൈക്കർ ആർനോഡ് കലിമുവേൻഡൊ, ക്രിസ്റ്റൽ പാലസിന്റെ യാൻ ഫിലിപ്പ് മറ്റേറ്റ എന്നിവരാണ് 23 വയസ്സിന് മുകളിലുള്ളവർ.
16 ടീമുകളാണ് ഒളിമ്പിക്സിനെത്തുന്നത്. നിലവിലെ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാനായിരുന്നില്ല. കഴിഞ്ഞ തവണ ഫൈനലിൽ സ്പെയിനിനെ 2-1ന് തോൽപിച്ചാണ് ബ്രസീൽ സ്വർണമണിഞ്ഞത്. ജപ്പാനെ 3-1ന് കീഴടക്കി മെക്സിക്കോ വെങ്കലവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.