ഒളിമ്പിക്സ് ഹോക്കി: അയർലൻഡിനെ വീഴ്ത്തി ഇന്ത്യ ഒന്നാമത്
text_fieldsപാരിസ്: ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ക്വാർട്ടർ ഫൈനൽ പ്രതീക്ഷ സജീവമാക്കി ഇന്ത്യക്ക് രണ്ടാം ജയം. ആദ്യ കളിയിൽ ന്യൂസിലൻഡിനെ തോൽപിക്കുകയും പിന്നീട് അർജന്റീനയുടെ സമനിലയിൽ കുരുങ്ങുകയും ചെയ്ത ടീം ഇന്നലെ മൂന്നാം മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് അയർലൻഡിനെ തകർത്തു. ഒരിക്കൽകൂടി മിന്നിത്തിളങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യൻ ജയത്തിന്റെ അടിസ്ഥാനം. ഇതോടെ പൂൾ ബിയിൽ മൂന്ന് മത്സരങ്ങളിൽ ടീമിന് ഏഴ് പോയന്റായി. ആദ്യ നാലിലെ സ്ഥാനം നിലവിൽ സുക്ഷിതമാക്കിയ ഇന്ത്യക്ക് ബെൽജിയം, ആസ്ട്രേലിയ എന്നീ കരുത്തരെക്കൂടി നേരിടാനുണ്ട്.
അയർലൻഡിനെതിരായ മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ഇന്ത്യക്ക് അനുകൂലമായി പെനാൽറ്റി കോർണർ. ഹർമൻപ്രീതിന്റെ ഫ്ലിക് പക്ഷെ മാത്യൂ നെൽസൺ തടഞ്ഞു. 11ാം മിനിറ്റിലെ പെനാൽറ്റി സ്ട്രോക്കാണ് ഗോളിൽ കലാശിച്ചത്. ഗുർജന്തും മൻദീപ് സിങ്ങും ചേർന്ന് നൽകിയ അവസരം മുതലെടുത്ത് ഹർമൻ ലക്ഷ്യം കണ്ടു. ഇന്ത്യ 1-0ത്തിന് മുന്നിൽ. 18ാം മിനിറ്റിൽ ഇന്ത്യക്ക് പെനാൽറ്റി കോർണർ. ഹർമന്റെ ഫ്ലിക്ക് തടഞ്ഞത് ജെറെമി ഡങ്കൻ തൊട്ടടുത്ത മിനിറ്റിൽ വീണ്ടും പെനാൽറ്റി കോർണർ. ഇക്കുറി ഹർമന് പിഴച്ചില്ല. രണ്ട് ഗോളുമായി ഇന്ത്യ മുന്നേറവെ തിരിച്ചടിക്കാനുള്ള ഐറിഷ് ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തിയില്ല. ആദ്യ പകുതി തീരുമ്പോൾ 55 ശതമാനം പന്ത് അധീനതയും ഇന്ത്യക്കായിരുന്നു.
രണ്ടാം പകുതി തുടങ്ങിയപ്പോഴും അയർലൻഡുകാരുടെ അധ്വാനത്തെ ഹർമനും സംഘവും ചെറുത്തുകൊണ്ടിരുന്നു. 35ാം മിനിറ്റിൽ പെനാൽറ്റി കോർണർ. ഇക്കുറി നായകന് പിഴച്ചു. ഗ്രീൻ മെഷീൻ പന്ത് അടിച്ചകറ്റി. 41ാം മിനിറ്റിൽ അയർലൻഡിന് പെനാൽറ്റി കോർണർ. മലയാളി ഗോൾകീപ്പർ പി.ആർ ശ്രീജേഷ് സേവ് ചെയ്തെങ്കിലും മറ്റൊന്നുകൂടി അനുവദിച്ചു. ഇത്തവണ ഒ ഡോങ്കിന്റെ ഫ്ലിക്ക് ലക്ഷ്യം തെറ്റി. 43ാം മിനിറ്റിൽ ഐറിഷ് പടക്ക് ചാൻസ്. ഇന്ത്യൻ പ്രതിരോധനിര ചെറുത്തുതോൽപിച്ചു. മൂന്നാം ക്വാർട്ടർ തീരാനിരിക്കെ അയർലൻഡിന് തുടർച്ചയായ പെനാൽറ്റി കോർണറുകൾ. നാലാം ക്വാർട്ടറിനൊടുവിലും പെനാൽറ്റി കോർണർ ലഭിച്ചെങ്കിലും ഒരു ഗോൾപോലും മടക്കാനാവാതെ അയർലൻഡ് മുട്ടുമടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.