മികവൊളിമ്പിക്സ്: മലപ്പുറം ജില്ല ഒളിമ്പിക്സ് മത്സരങ്ങൾക്ക് കൊടിയിറങ്ങി
text_fieldsജനുവരി 15 മുതൽ 18 വരെ നടന്ന ജില്ല ഒളിമ്പിക്സിൽ 24 ഒളിമ്പിക് ഇനങ്ങളുണ്ടായിരുന്നു. ഇതാദ്യമായാണ് ഇത്രയും കായിക ഇനങ്ങൾക്ക് ഒരേസമയം ജില്ല വേദിയാവുന്നത്. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയമായിരുന്നു പ്രധാന വേദി. കൂടാതെ മലപ്പുറം, നിലമ്പൂര്‍, മഞ്ചേരി, എടപ്പാള്‍, പൊന്നാനി, തിരൂര്‍, കോട്ടക്കല്‍ എന്നീ സ്ഥലങ്ങളിലും മത്സരങ്ങൾ അരങ്ങേറി. അത്ലറ്റിക്സ്, ബോക്സിങ്, ഫുട്ബാൾ, വോളിബാള്‍, സൈക്ലിങ്, ജൂഡോ, റസ്ലിങ്, തൈക്വാൻഡോ, കബഡി, ആര്‍ച്ചറി, ടേബിള്‍ ടെന്നീസ്, റഗ്ബി, നീന്തല്‍, ടെന്നീസ്, ബാസ്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍, റൈഫിള്‍ ഷൂട്ടിങ്, വുഷു, വെയ്റ്റ് ലിഫ്റ്റിങ്, ഹോക്കി, നെറ്റ്ബാൾ, ബാഡ്മിൻറൺ, ഖോഖോ, കരാട്ടേ എന്നിവയായിരുന്നു ഇനങ്ങൾ. ആൺ, പെൺ വിഭാഗങ്ങളിൽ മത്സരം.
കണ്ടുപരിചയിക്കാത്തവയും കൺകുളിർക്കെ
പല ഇനങ്ങളും മലപ്പുറത്തെ സംബന്ധിച്ച് പുതുമ നിറഞ്ഞതായിരുന്നു. റൈഫിൾ ഷൂട്ടിങ്, സൈക്ലിങ്, റഗ്ബി, വുഷു തുടങ്ങിയവയെല്ലാം വിജയകരമായി പര്യവസാനിച്ചു. ഓരോ ഇനങ്ങളിലും മത്സരാർഥികളെ പങ്കെടുപ്പിക്കേണ്ട ചുമതല ഓരോന്നിെൻറയും ജില്ല അസോസിയേഷനുകൾക്കായിരുന്നു. ജില്ലയിൽ വേണ്ടത്ര പ്രചാരമില്ലാത്തവയിൽ ഒഴിച്ച് മിക്കതിലും മാന്യമായ പങ്കാളിത്തം ഉറപ്പുവരുത്തി. സൈക്ലിങ്ങിൽ 11 പേർ മാത്രമേ എത്തിയുള്ളൂ. റൈഫിൾ ഷൂട്ടിങ്ങിലും ഇത്രതന്നെ. നീന്തലിൽ 40 പേരും പങ്കെടുത്തു. ഫുട്ബാൾ, ഹോക്കി, വോളിബാൾ, ഹാൻഡ്ബാൾ തുടങ്ങിയ ടീം ഇനങ്ങൾ മികച്ച നിലവാരം പുലർത്തിയതായി കായിക വിദഗ്ധർ പറയുന്നു. ഹാൻഡ്ബാളിൽ ദേശീയ താരങ്ങളടക്കം മത്സരിച്ചു.
പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ
ഡിസംബറിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന ജൂനിയർ മീറ്റ് അണ്ടർ 18 വിഭാഗത്തിലെ സ്വർണ ജേതാവായ ഐഡിയൽ കടകശ്ശേരിയുടെ മുഹമ്മദ് ഷാൻ ജില്ല ഒളിമ്പിക്സിൽ സീനിയർ താരങ്ങളെയും യൂനിവേഴ്സിറ്റി താരങ്ങളെയും മറികടന്ന് ഫിനിഷ് ചെയ്തത് മുമ്പത്തേക്കാൾ മികച്ച സമയത്തിൽ. 10.08 സെക്കൻഡാണ് 17 വയസ്സുകാരെൻറ പുതിയ സമയം. 11.06 സെക്കൻഡായിരുന്നു സംസ്ഥാന മീറ്റിൽ. ഹൈജംപ് ജേതാവ് ഐഡിയലിലെ തന്നെ മുഹമ്മദ് മുഹ്സിനും പ്രതീക്ഷ നൽകുന്ന താരമാണ്. റഗ്ബിയിൽ ടി.എം.ജിയുടെ ശ്രീലക്ഷ്മി, അതുൽ, വോളിബാൾ താരം കൊണ്ടോട്ടി ഇ.എം.ഇ.എയുടെ ദിൽഷിൻ, ഹാൻഡ്ബാളിലെ മുഹമ്മദ് സഹദ് തുടങ്ങിയവരെല്ലാം ദേശീയ നിലവാരത്തിലുള്ള പ്രകടനങ്ങൾ നടത്തി കാണികളുടെ മനംകവർന്നു. വനിത ഹോക്കി കിരീടം നേടിയ കടുങ്ങപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീമിലും മികവുറ്റ ഒരുപിടി താരങ്ങളുണ്ട്.
വികസനം തേടുന്ന അടിസ്ഥാന സൗകര്യങ്ങൾ
ചില ഇനങ്ങൾ നടത്താൻ വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകതകൂടി വിളിച്ചുപറയുന്നുണ്ട് ജില്ല ഒളിമ്പിക്സ്. സൈക്ലിങ് വെലോഡ്രം ജില്ലയിൽ ഇല്ല. മത്സരങ്ങൾ നടത്തിയത് കാലിക്കറ്റ് സർവകലാശാല കാമ്പസിലെ റോഡിലാണ്. റൈഫിൾ ഷൂട്ടിങ് മഞ്ചേരിയിലായിരുന്നു. ഉപകരണങ്ങൾ കൂടുതൽ ലഭ്യമാവാത്തത് മത്സരാർഥികളെ അകറ്റി. റഗ്ബിക്ക് വേദിയായത് തിരൂർ മുനിസിപ്പൽ സ്റ്റേഡിയം. ഇത്തരം മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ ജില്ലയുടെ കായിക മേഖലയുടെ അടിയന്തരാവശ്യങ്ങളിൽ ഉൾപ്പെട്ടു എന്നതാണ് ജില്ല ഒളിമ്പിക്സിെൻറ പ്രത്യേകതകളിലൊന്ന്.
കോവിഡിനെയും തോൽപിച്ചു; ഇനിയെന്ത്?
കോവിഡ് മൂന്നാം തരംഗ ഭീഷണി സജീവമായിരിക്കെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് ജില്ല ഒളിമ്പിക്സ് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിെൻറ ആശ്വാസത്തിലാണ് ജില്ല ഒളിമ്പിക് അസോസിയേഷൻ. കോവിഡ് വ്യാപനം രൂക്ഷമാകവെ സംസ്ഥാന ഒളിമ്പിക്സ് അനിശ്ചിതത്വത്തിലാണ്. അതേസമയം, പരീക്ഷകളിൽ ഗ്രേസ് മാർക്കും ഉപരിപഠനത്തിന് ബോണസ് മാർക്കും ലഭിക്കുന്നതിന് ഒളിമ്പിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന മത്സരങ്ങളിലെ പ്രകടനങ്ങളും പരിഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. കൂടുതൽപേരുടെ പങ്കാളിത്തത്തിനും ഇത് വഴിവെക്കും.
ജില്ല ഒളിമ്പിക്സ് മത്സരങ്ങൾക്ക് കൊടിയിറങ്ങി
മലപ്പുറം: 52 കൊല്ലം പിന്നിട്ടു മലപ്പുറം ജില്ലയുടെ പിറവിക്ക്. അരനൂറ്റാണ്ട് കഴിഞ്ഞ മലപ്പുറത്തിെൻറ ചരിത്രത്തിൽ ഇന്നോളം രണ്ടുപേർക്ക് മാത്രമേ ലോക കായിക മാമാങ്കമായ ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ. അത്ലറ്റിക്സിലടക്കം ഇന്ത്യ സ്വർണം നേടി അത്ഭുതപ്പെടുത്തുന്ന കാലമാണ്.
അരക്കോടിയോളം ജനങ്ങളുള്ള ജില്ലയിൽനിന്ന് ഒളിമ്പിക്സിലും മറ്റു ലോക ചാമ്പ്യൻഷിപ്പുകളിലും അവസരം കാത്തിരിക്കുന്നവരുണ്ടെന്ന് തന്നെയാണ് ജില്ല ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിച്ച മലപ്പുറം ഒളിമ്പിക്സിന് കൊടിയിറങ്ങിയപ്പോൾ വ്യക്തമാവുന്നത്.
സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ടി.വി. ഇബ്രാഹീം എം.എൽ.എ, വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് എന്നിവർ സമ്മാനവിതണം നിർവഹിച്ചു.
'ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് യു. തിലകൻ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എ. ശ്രീകുമാർ, ഒളിമ്പിക് അസോസിയേഷൻ ജില്ല സെക്രട്ടറി ഋഷികേഷ് കുമാർ, ഇന്റർനാഷണൽ ഫുട്ബാളർ യു. ഷറഫലി, കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, അത്ലറ്റിക് അസോസിയേഷൻ ജില്ല പ്രസിഡൻറ് മജീദ് ഐഡിയൽ എന്നിവർ സംബന്ധിച്ചു. ആയോധന കലകളുടെ പ്രദർശനവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.