'ഡു ഓർ ടൈ'; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ രണ്ട് റൗണ്ടുകൾ മാത്രം
text_fieldsസിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ് നിശ്ചിത റൗണ്ടിൽ ഇനി ബാക്കിയുള്ളത് രണ്ട് ഗെയിമുകൾ മാത്രം. വിശ്രമദിനത്തിന് ശേഷം 13ാം റൗണ്ടിൽ ബുധനാഴ്ച ഇന്ത്യയുടെ ഡി. ഗുകേഷും നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനും ഏറ്റുമുട്ടും. ആറ് പോയന്റ് വീതം നേടി ഒപ്പത്തിനൊപ്പം നിൽക്കുന്ന ഇവരിൽ ഇന്ന് ജയിക്കുന്നവർക്ക് കിരീടത്തിന്റെ തൊട്ടടുത്തെത്താം. വ്യാഴാഴ്ചത്തെ 14ാം ഗെയിമിൽ പിന്നെ വേണ്ടത് സമനില മാത്രം. അതല്ല, 7-7ലാണ് അവസാനിക്കുന്നതെങ്കിൽ കഴിഞ്ഞ തവണത്തെ ലിറെൻ-നെപോംനിയാഷി പോരാട്ടം പോലെ ടൈ ബ്രേക്കർ ജേതാവിനെ തീരുമാനിക്കും.
തുടർച്ചയായ ഏഴ് സമനിലകൾക്കുശേഷം 11ാം റൗണ്ടിൽ ലിറെനെ ഞെട്ടിച്ച് ഗുകേഷ് ജയം നേടി മുന്നിലെത്തിയതോടെ 18 വയസ്സുകാരനായ ചെന്നൈ സ്വദേശി ചരിത്രം കുറിക്കുമെന്നാണ് കണക്കുകൂട്ടിയത്.
ഒരു പോയന്റ് വ്യത്യാസത്തിൽ ചാമ്പ്യനെ പിറകിലാക്കിയ കൗമാരതാരത്തിന് മൂന്ന് റൗണ്ട് ബാക്കി നിൽക്കെ ആവശ്യം ഒന്നര പോയന്റായിരുന്നു.
എന്നാൽ, തൊട്ടടുത്ത റൗണ്ടിൽ ലിറെൻ തിരിച്ചടിക്കുന്നതാണ് കണ്ടത്. നേരത്തേ ലിറെൻ കാണിച്ച അബദ്ധങ്ങൾ പലതും ഉപയോഗപ്പെടുത്തുന്നതിൽ പരാജയപ്പെട്ട ഗുകേഷ് പക്ഷേ, അവസരത്തിനൊത്തുയർന്ന് ജയം പിടിച്ചു. തോൽവി പിണഞ്ഞതോടെ ഉണർന്നുകളിച്ച 32കാരൻ ലിറെൻ 12ാം റൗണ്ടിൽ തിരുത്തി തിരിച്ചുവരുകയായിരുന്നു. ആദ്യ മത്സരത്തിൽ ലിറെനും മൂന്നാമത്തേതിൽ ഗുകേഷും ജയിച്ചിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും രണ്ടാമത്തെ മാത്രം ഇന്ത്യക്കാരനുമാണ് ഗുകേഷ്.
സിംഗപ്പൂരിലെ റിസോർട്സ് വേൾഡ് സെന്റോസയിലാണ് മത്സരം നടക്കുന്നത്. 138 വർഷത്തെ ചരിത്രത്തിലാദ്യമായി രണ്ട് ഏഷ്യൻ താരങ്ങൾ നേർക്കുനേർ വന്ന ലോക പോരാട്ടം കൂടിയാണിത്.
ഒരേ പോയന്റായാൽ വെള്ളിയാഴ്ചയായിരിക്കും ടൈ ബ്രേക്കർ. റാപ്പിഡ്, മിനി റാപ്പിഡ്, ബ്ലിറ്റ്സ്, സഡൻ ഡെത്ത് ബ്ലിറ്റ്സ് മാച്ചുകളാണ് ടൈ ബ്രേക്കർ റൗണ്ടിലുള്ളത്. വിജയിയെ നിശ്ചയിക്കാൻ ആവശ്യമെങ്കിൽ മാത്രമാണ് ഇവ ഓരോന്നും കളിക്കുക.
കളത്തിൽ ചൂടുപിടിക്കുമ്പോൾ -കെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
ലോക ചാമ്പ്യൻ തന്റെ തന്ത്രങ്ങൾ മെനയൽ മുമ്പേ തുടങ്ങിയിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. ലോക ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ- ചൈന മത്സരം വന്നപ്പോൾ ഡി. ഗുകേഷിനെതിരെ ഡിങ് ലിറെൻ മത്സരിക്കാതെ മാറിനിന്നത് ചേർത്തുവായിക്കുക. ആദ്യ 12 കളികൾ കഴിഞ്ഞപ്പോൾ ഒട്ടും പ്രവചിക്കാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങൾ മാറി മറിഞ്ഞുകഴിഞ്ഞിരിക്കുന്നു.
ആദ്യ ഗെയിമിൽ അടിപതറിയ പോലെതന്നെ 12ാം റൗണ്ടിലും ഗുകേഷിന് താളം തെറ്റിയപ്പോൾ ലോകചാമ്പ്യൻ തന്റെ വിശ്വരൂപം പുറത്തെടുത്തിട്ടാണ് ഒഴിവു ദിനത്തിനായി പിരിഞ്ഞത്. 11ാമത്തെയും 12ാമത്തെയും കളികളിൽ അവരവരുടെ ഒളിപ്പിച്ചുവെച്ച വജ്രായുധങ്ങൾ പുറത്തെടുച്ചു വിജയക്കൊടി പാറിച്ചു. അടുത്ത രണ്ടു കളികളിൽ ജയിച്ചു ടൈ ബ്രേക്കറിലേക്ക് പോവാതിരിക്കാനാവും ഗുകേഷ് ശ്രമിക്കുക. അല്ലെങ്കിൽ ലോകചാമ്പ്യന് മുൻതൂക്കമുള്ള കുറഞ്ഞ സമയ പരിധിയുള്ള കളികൾ ഗുകേഷിന് വെല്ലുവിളിയാവാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ കളിയിലെ പരാജയത്തിൽ നിന്നും പുറത്തു കടക്കുക എന്നുള്ളതാവും ഗുകേഷിന്റെ ആദ്യ കടമ്പ. ലോകചാമ്പ്യൻ ഏറ്റവും മികച്ച കളിയും ഹോം വർക്കുമാണ് തിങ്കളാഴ്ച കാഴ്ചവെച്ചത്. എന്തായാലും രണ്ടു ചേരികളിലും പുതിയ തന്ത്രങ്ങൾ മെനയുന്ന തിരക്കിലാവും താരങ്ങൾ. ലോക ചാമ്പ്യൻ പട്ടം കൈയെത്തും ദൂരത്തിരിക്കെ ഗുകേഷ് തന്റെ ഞരമ്പുകൾ എങ്ങനെ തണുപ്പിച്ചുവെക്കും എന്നതും ലോകചാമ്പ്യൻ ഏതൊക്കെ തരത്തിൽ പ്രകോപിപ്പിക്കുമെന്നും കാത്തിരുന്ന് കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.