ഇന്ത്യക്ക് പത്താം സ്വർണം; സ്ക്വാഷിൽ പുരുഷ ടീം തോൽപിച്ചത് പാകിസ്താനെ
text_fieldsചില്ലുകൂട്ടിലെ സ്ക്വാഷ് കോർട്ടിൽ ചിരവൈരികളായ പാകിസ്താനെതിരെ മധുരവിജയവുമായി ഇന്ത്യയുടെ ആൺകുട്ടികൾ. പുരുഷന്മാരുടെ ടീമിനത്തിൽ 2-1നാണ് വീറോടെ പൊരുതിയ ഇന്ത്യ അയൽക്കാരെ കീഴടക്കി സ്വർണത്തിലെത്തിയത്. നിർണായകമായ മൂന്നാം സെറ്റിൽ നൂർ സമാനെതിരെ വിജയം നേടിയ അഭയ് സിങ്ങാണ് സുവർണനേട്ടത്തിലെ ഹീറോ. ആദ്യ മത്സരത്തിൽ മഹേഷ് മങ്കാഓംകർ പാകിസ്താന്റെ ഇഖ്ബാൽ നാസിറിനോട് തോറ്റിരുന്നു. രണ്ടാം കളിയിൽ മുഹമ്മദ് അസിം ഖാനെതിരെ സീനിയർ താരം സൗരവ് ഘോഷാൽ ജയം നേടി 1-1ന് സമനില പിടിച്ചു. നിർണായകമായ മൂന്നാം കളിയിൽ അഞ്ചു ഗെയിം നീണ്ട ആവേശപ്പോരിലാണ് സ്വർണത്തിലേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തിയത്. ഗ്രൂപ് ഘട്ടത്തിൽ പാകിസ്താനോടേറ്റ പരാജയത്തിന് പ്രതികാരം കൂടിയായി ഈ നേട്ടം. 2014ലാണ് ഇന്ത്യ ഇതിനുമുമ്പ് ഏഷ്യൻ ഗെയിംസിൽ സ്ക്വാഷ് ടീമിനത്തിൽ സ്വർണം നേടിയത്.
ആദ്യ കളിയിൽ ഇഖ്ബാൽ നാസിറിനെതിരെ സ്വയം വരുത്തിയ പിഴവുകളാണ് മഹേഷ് മങ്കാഓംകറിന് വിനയായത്. സ്കോർ: 8-11, 2-11, 3-11. ഒന്നാം ഗെയിമിൽ 7-7ന് ഒപ്പത്തിനൊപ്പം നിന്നെങ്കിലും പിന്നീട് കളി കൈവിട്ടു. എതിരാളിയുടെ ലോബുകൾക്ക് പലപ്പോഴും മറുപടി നൽകാനാവാതെ ഇന്ത്യൻ താരം നേരിട്ടുള്ള ഗെയിമിൽ തോൽവിയടഞ്ഞു. ആദ്യ കളി കൈവിട്ടെങ്കിലും പരിചയസമ്പന്നനായ സൗരവ് ഘോഷാൽ ഇന്ത്യയുടെ അഭിമാനം കാത്തു. ആറാമത്തെ ഏഷ്യൻ ഗെയിംസിൽ റാക്കറ്റേന്തുന്ന ഘോഷാൽ 11-5, 11-1, 11-3 എന്ന സ്കോറിന് അതിവേഗം മുഹമ്മദ് അസിം ഖാനെ തറപറ്റിച്ചു. ഒന്നാം ഗെയിമിൽ 0-3ന് പിന്നിലായ ശേഷമായിരുന്നു ഇന്ത്യൻ താരത്തിന്റെ കുതിപ്പ്. തകർപ്പൻ ഷോട്ടുകളും ടെക്നിക്കുകളുമായി സൗരവ് കളം നിറഞ്ഞപ്പോൾ രണ്ടാം ഗെയിമിൽ ഒരു പോയന്റ് മാത്രമാണ് വിട്ടുകൊടുത്തത്. മൂന്നാം ഗെയിമിലും ഘോഷാൽ എളുപ്പം മുന്നേറി.
നിർണായകമായ മൂന്നാം മത്സരത്തിൽ പാകിസ്താന്റെ കൗമാര താരമായ നൂർ സമാനെതിരെ നാലാം ഗെയിമിൽ തോൽവിയുടെ വക്കിൽനിന്നാണ് 25കാരനായ അഭയ് സിങ് തിരിച്ചുവന്നത്. സ്കോർ: 11-7, 9-11, 8-11, 11-9, 12-10. ഒന്നാം ഗെയിം നേടിയ അഭയ് സിങ്ങിന് രണ്ടും മൂന്നും ഗെയിമുകളിൽ അടിപതറി. ഇതോടെ പാകിസ്താന് മാനസികമായ മുൻതൂക്കം ലഭിച്ചു. നാലാം ഗെയിമിൽ തോറ്റാൽ സ്വർണം നഷ്ടമാകുമെന്നതിനാൽ അഭയ് സിങ് കൈമെയ് മറന്ന് പൊരുതി. എന്നാൽ, 3-5, 6-8 എന്നിങ്ങനെ അഭയ് സിങ് പിന്നിലായി. 9-7ന് പാക് താരം മുന്നിലെത്തിയിട്ടും അഭയ് സിങ് വിറച്ചില്ല. തുടർച്ചയായ നാലു പോയന്റുമായി ഇന്ത്യൻ താരം മത്സരം നിർണായകമായ അഞ്ചാം ഗെയിമിലേക്ക് നീട്ടി. ഈ ഗെയിമിൽ ആവേശം പരകോടിയിലെത്തി. 2-2, 7-7, 8-8, 10-10 എന്ന രീതിയിൽ ‘കട്ടക്ക് കട്ട’യായിരുന്നു പോരാട്ടം. 10-10ലെത്തിയപ്പോൾ നൂർ സമാന്റെ ബാക്ക് ഹാൻഡ് ഷോട്ട് ഫൗളായതോടെ 12-10ൽ അഭയ് സിങ് സ്വർണമുറപ്പിച്ചു. 64 മിനിറ്റ് നീണ്ട മൂന്നാം മത്സരത്തിനുശേഷം ആവേശഭരിതരായ ഇന്ത്യൻ താരങ്ങളും കാണികളും ആർപ്പുവിളിച്ചു. മറുഭാഗത്ത് പാക് താരം കണ്ണീരണിഞ്ഞ് മടങ്ങി. ഏറ്റവും സന്തോഷകരമായ നിമിഷമാണിതെന്നും ഞായറാഴ്ച വ്യക്തിഗത മത്സരങ്ങളുള്ളതിനാൽ ആഘോഷങ്ങൾക്ക് സമയമില്ലെന്നും അഭയ് സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.