‘ആഘോഷിക്കുന്നതിന് മുമ്പ് ഗസ്സക്ക് വേണ്ടി ഒരു നിമിഷം’; വിജയത്തിന് പിന്നാലെ കിക്ക് ബോക്സിങ് ചാമ്പ്യൻ റികോ വെരോവൻ
text_fieldsആംസ്റ്റർഡാം: വിജയത്തിന് പിന്നാലെ ഗസ്സയിലെ സാഹചര്യം മനസ്സിലാക്കാൻ ഒരു നിമിഷമെടുക്കണമെന്ന അഭ്യർഥനയുമായി ലോക ഹെവിവെയ്റ്റ് കിക്‌ബോക്‌സിങ് ചാമ്പ്യൻ റികോ വെരോവൻ. താരിഖ് ഒസാരോക്കെതിരായ മത്സര വിജയത്തിന് ശേഷമുള്ള പ്രതികരണത്തിൽ എല്ലാവരും ലോക സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി പ്രാർഥിക്കണമെന്നും ‘കിക്ക് ബോക്സിങ്ങിലെ രാജകുമാരൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം അഭ്യർഥിച്ചു.
മുട്ടുകാലിന്റെ പരിക്ക് കാരണം ഒരു വർഷത്തിലധികം റിങ്ങിൽനിന്ന് വിട്ടുനിന്ന് കിരീടത്തോടെ തിരിച്ചുവന്ന താരത്തിന്റെ വാക്കുകളെ കാണികൾ ആരവങ്ങളോടെയാണ് എതിരേറ്റത്.
‘ലോകത്ത് ഭ്രാന്തമായ ചില കാര്യങ്ങൾ നടക്കുന്നുണ്ട്. ആഘോഷിക്കുന്നതിനുമുമ്പ് ഗസ്സയുടെ സാഹചര്യം മനസ്സിലാക്കാൻ നമുക്ക് ഒരു നിമിഷം എടുക്കാം, ലോകത്തിലെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രതീക്ഷിക്കുകയും പ്രാർഥിക്കുകയും ചെയ്യാം’, താരം പറഞ്ഞു.
അതേസമയം, ഫലസ്തീനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ജബലിയ അഭയാർഥി ക്യാമ്പിലെ വീടുകൾക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 30 പേരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 10,500ലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.