എൽദോയുടെ വീട്ടിലും നാട്ടിലും ആഹ്ലാദപ്പെരുമഴ
text_fieldsകോലഞ്ചേരി: സ്വർണം ഉറപ്പിച്ച മൂന്നാം ചാട്ടത്തിൽ എൽദോസ് പോളിന്റെ വീട്ടിൽ ഉയർന്നത് ആരവം. ആദ്യശ്രമത്തിൽ കുറഞ്ഞ ദൂരം ചാടിയെങ്കിലും അത് മറികടക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു വീട്ടിലുണ്ടായിരുന്നവർ. ശേഷം സ്വർണനേട്ടം കൈവരിച്ചപ്പോൾ എൽദോയുടെ വീട് ആഹ്ലാദത്തിൽ മുങ്ങി. ഷാപ്പ് തൊഴിലാളിയായ പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ പൗലോസിന്‍റെയും പരേതയായ മറിയക്കുട്ടിയുടെയും മൂത്ത മകനാണ് എൽദോസ്. പ്രാരാബ്ധങ്ങളോടും പ്രതിസന്ധികളോടും പടവെട്ടിയാണ് കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടം ഈ 25 കാരൻ സ്വന്തമാക്കിയത്.
പേരക്കുട്ടിയുടെ നേട്ടം സന്തോഷത്തിന്‍റെ നിറകണ്ണുകളുമായി നോക്കിനിന്നു മുത്തശ്ശി പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ മറിയാമ്മ (86). നാലര വയസ്സിൽ മാതാവിനെ നഷ്ടമായ എൽദോക്ക് പിന്നീട് വളർത്തമ്മയും പോറ്റമ്മയുമെല്ലാം മറിയാമ്മയാണ്. സ്കൂൾ-കോളജ് വിദ്യാദ്യാസകാലങ്ങളിലും പരിശീലന കാലങ്ങളിലുമെല്ലാം മുത്തശ്ശിയാണ് എൽദോയുടെ വഴികാട്ടി. എത്ര വലിയ തിരക്കുകൾക്കിടയിലും ദിവസവും മുത്തശ്ശിയുമായി സംസാരിക്കാൻ എൽദോ സമയം കണ്ടെത്താറുണ്ട്. തീർത്തും നിർധന സാഹചര്യത്തിൽ തന്‍റ കരപരിലാളനയിൽ വളർന്ന ചെറുമകൻ രാജ്യമറിയുന്ന കായിക പ്രതിഭയായി എന്ന സന്തോഷം പലപ്പോഴും ആനന്ദാശ്രുക്കളായി ഒഴുകി.
പാമ്പാക്കുട സ്കൂളിലെ പ്ലസ് ടു പഠനത്തിനുശേഷം കോതമംഗലം എം.എ കോളജിൽ ബിരുദ പഠനത്തിന് ചേർന്നതോടെയാണ് എൽദോയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇവിടുത്തെ കായിക അധ്യാപകൻ ഡോ. മാത്യു ജേക്കബ്, ദ്രോണാചാര്യ ടി.പി. ഔസേഫ് എന്നിവരുടെ നേതൃത്വത്തിൽ ലഭിച്ച പരിശീലനങ്ങൾ എൽദോയിലെ പ്രതിഭയെ വാർത്തെടുത്തു. ബിരുദ പഠനത്തിനിടെ തന്നെ ഇന്ത്യൻ നേവിയുടെ ഭാഗമാവുകയും ചെയ്തു. എബിനാണ് സഹോദരൻ. സ്വർണം നേടിയ വാർത്ത വന്നതോടെ എൽദോസിന്റെ നാട്ടുകാരും വിവിധ സാംസ്കാരിക സംഘടനകളും ഘോഷയാത്ര നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.