Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഎല്ലാ വീട്ടിലും ചെസ്:...

എല്ലാ വീട്ടിലും ചെസ്: രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി രൂപ ബജറ്റ് നീക്കിവെച്ച് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍

text_fields
bookmark_border
എല്ലാ വീട്ടിലും ചെസ്: രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി രൂപ ബജറ്റ് നീക്കിവെച്ച് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍
cancel

കൊച്ചി: രാജ്യത്ത് ചെസ് പ്രോത്സാഹിപ്പിക്കാന്‍ 65 കോടി രൂപയുടെ ബജറ്റ് പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷന്‍ (എ.ഐ.സി.എഫ്). എല്ലാ വീട്ടിലും ചെസ് എത്തിക്കുക എന്നതാണ് ലക്ഷ്യം. തുടക്കക്കാര്‍ മുതല്‍ പ്രൊഫഷണല്‍ കളിക്കാര്‍ വരെയുള്ളവര്‍ക്ക് സാമ്പത്തികമായും അക്കാദമികവുമായ സഹായങ്ങള്‍ നല്‍കും. കൂടാതെ ദേശീയതലത്തില്‍ എ.ഐ.സി.എഫ് പ്രോ, എ.ഐ.സി.എഫ് പോപ്പുലര്‍ എന്നീ പരിപാടികളും സംഘടിപ്പിക്കും. ജനറല്‍ബോഡി യോഗത്തിന് ശേഷം, ഫെഡറേഷന്‍ പ്രസിഡന്റ് നിതിന്‍ നാരംഗ് ആണ് പ്രഖ്യാപനം നടത്തിയത്.

കളിക്കാര്‍ക്കും പരിശീലകര്‍ക്കും പിന്തുണ നല്‍കുന്നതിനായി പ്രത്യേക ചെസ് ഡെവലപ്‌മെന്റ് ഫണ്ട്, ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള അസോസിയേഷനുകള്‍ക്ക് ധനസഹായം, മുന്‍നിര ചെസ് താരങ്ങള്‍ക്കായി നാഷണല്‍ ചെസ് അരിന (എന്‍.സി.എ), ഇന്ത്യന്‍ കളിക്കാര്‍ക്കായി പ്രത്യേക റേറ്റിംഗ് സിസ്റ്റം (എ.ഐ.സി.എഫ്) എന്നിവയാണ് മറ്റ് പദ്ധതികള്‍. ഇവ വരുംവര്‍ഷങ്ങളില്‍ നടപ്പിലാക്കാനാണ് തീരുമാനം.

കഴിവുള്ള താരങ്ങളാണ് രാജ്യത്തെ ചതുരംഗവേദിയിലെ ഏറ്റവും സുപ്രധാനഘടകമെന്ന് എ.ഐ.സി.എഫ് പ്രസിഡന്റ് നിതിന്‍ നാരംഗ് പറഞ്ഞു. എന്നാല്‍ സാമ്പത്തികപിന്തുണയും അവസരങ്ങളും പരിശീലനവും കിട്ടാത്തതിനാല്‍ പലരും ബുദ്ധിമുട്ടുകയാണ്. 65 കോടി രൂപ നീക്കിവെച്ചുകൊണ്ടുള്ള ഈ ബജറ്റിലൂടെ ഓരോ കളിക്കാരുടെയും സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രാദേശിക തലത്തില്‍ തന്നെ തുടക്കക്കാരെ കണ്ടെത്തി പരിശീലനവും പ്രോത്സാഹനവും നല്‍കി ആഗോളതലത്തിലുള്ള മികവിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം. ''വീടുവീടാന്തരം ചെസ് - എല്ലാ വീട്ടിലും ചെസ്'' എന്നതാണ് എ.ഐ.സി.എഫിന്റെ പുതിയ ആശയം. ജില്ലാതല അസോസിയേഷനുകളെ നേരിട്ട് സഹായിക്കുന്ന ആദ്യത്തെ ഫെഡറേഷനാണ് എ.ഐ.സി.എഫ് എന്നും നിതിന്‍ സാരംഗ് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തേക്ക് 15 ലക്ഷം രൂപവീതം നല്‍കി സംസ്ഥാന ചെസ് അസോസിയേഷനുകളെയും പരിപോഷിപ്പിക്കും. ദേശീയതലത്തില്‍ 42 കളിക്കാരുമായി കരാറില്‍ ഒപ്പിടും. ഇതിനായി എ.ഐ.സി.എഫ് പ്രോ പദ്ധതിക്ക് കീഴില്‍ 2 കോടിരൂപയും നീക്കിവെച്ചിട്ടുണ്ട്. കളിക്കാര്‍ക്ക് ഇന്ത്യക്കകത്ത് പ്രത്യേക റേറ്റിംഗ് ഏര്‍പ്പെടുത്തും. എഫ്.ഐ.ഡി.ഇ റേറ്റിങ് ഉള്ള ആദ്യത്തെ 20 കളിക്കാര്‍ക്ക് വാര്‍ഷികകരാര്‍ ഇനത്തില്‍ 25 ലക്ഷം രൂപയും 12.5 ലക്ഷം രൂപയും നല്‍കും. ഇതിനായി 4 കോടി രൂപ ചെലവഴിക്കും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാവരും ചെസ് കളിക്കുന്ന തരത്തിലേക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകളെ കൂടുതലായി ഉള്‍പ്പെടുത്താന്‍ സവിശേഷശ്രദ്ധ നല്‍കും. നിരവധി ഗ്രാന്‍ഡ്മാസ്റ്റര്‍മാരുടെ രാജ്യമായി ഇന്ത്യയെ മാറ്റാനാണ് ശ്രമമെന്ന് നിതിന്‍ സാരംഗ് വ്യക്തമാക്കി.

എ.ഐ.സി.എഫ് പ്രഖ്യാപിച്ച പ്രത്യേക പദ്ധതികള്‍

''ഒരു രാജ്യം; ഒരു രജിസ്ട്രേഷന്‍'' പദ്ധതിയിലൂടെ ചെസ് കളിക്കാര്‍ക്ക് അവരുടെ സംസ്ഥാനത്തെ അസോസിയേഷനുകളില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ഈ സേവനം സൗജന്യമായിരിക്കും. ഇതിലൂടെ സ്‌കൂള്‍തലം മുതലുള്ള ചെസ് ടൂര്‍ണമെന്റുകളില്‍ പങ്കാളിത്തവും സുതാര്യതയും ഉയര്‍ത്താനാകും. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കളിക്കാര്‍ക്കും പ്രത്യേക റേറ്റിങ്ങും നല്‍കും.

ചെസ് കളിയിലെ മികവിനുള്ള അംഗീകാരമായി റേറ്റിങ്ങില്‍ ആദ്യ 20 സ്ഥാനങ്ങളിലെത്തുന്ന താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും. എഫ്.ഐ.ഡി.ഇ റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ 10 പുരുഷതാരങ്ങള്‍ക്കും 10 സ്ത്രീതാരങ്ങള്‍ക്കുമാണ് പുരസ്‌കാരം നല്‍കുക. ആദ്യത്തെ 5 റാങ്കുകളിലുള്ളവര്‍ക്ക് 25 ലക്ഷം വീതവും 6 മുതല്‍ 10 വരെ റാങ്കുകളില്‍ എത്തുന്നവര്‍ക്ക് 12.5 ലക്ഷം രൂപയും നല്‍കും.

അണ്ടര്‍ 7 മുതല്‍ അണ്ടര്‍ 19 വരെയുള്ള ദേശീയതല ചെസ് താരങ്ങള്‍ക്ക് എ.ഐ.സി.എഫ് രണ്ട് വര്‍ഷത്തെ കരാര്‍ ലഭ്യമാക്കും. ഓരോ വിഭാഗത്തിലും 20,000 രൂപമുതല്‍ അരലക്ഷം രൂപവരെ കളിക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് ലഭ്യമാക്കും. കരാറിലേര്‍പ്പെടുന്ന താരങ്ങള്‍ ചെസ് പ്രചരിപ്പിക്കുന്നതിനായി വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ അതിഥികളായി എത്തും. ''മീറ്റ് ദി ചാമ്പ്യന്‍സ്'' എന്ന പേരിലായിരിക്കും ഈ പരിപാടികള്‍ സംഘടിപ്പിക്കുക.

സംസ്ഥാന ചെസ് അസോസിയേഷനുകള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് കാര്യമായ ധനസഹായം നല്‍കും. ആദ്യത്തെ രണ്ട് വര്‍ഷം 12.5 ലക്ഷം രൂപയും മൂന്നാം വര്‍ഷം 15 ലക്ഷം രൂപയും നല്‍കും. ജേതാക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍, ചെസ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തങ്ങള്‍, ഓഫീസുകളുടെ നിര്‍മാണം എന്നിവയ്ക്കായി ഈ ഫണ്ട് ചെലവഴിക്കാം. ഓരോ മൂന്നുമാസം കൂടുമ്പോഴും സ്‌പോണ്‍സര്‍ഷിപ്പുകള്‍ സംഘടിപ്പിക്കാനും ഭരണകാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും പ്രത്യേക സെമിനാറുകള്‍ സംഘടിപ്പിക്കണം. അങ്ങനെ സംസ്ഥാന ചെസ് അസോസിയേഷനുകളുടെ ശേഷി കൂട്ടും.

സ്ത്രീകളെ ചെസിലേക്ക് ആകര്‍ഷിക്കുന്നതിനും അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും ''സ്മാര്‍ട്ട് ഗേള്‍ പ്രോഗ്രാമി''ന് കീഴില്‍ ഓരോവര്‍ഷവും കുറഞ്ഞത് 50 പരിപാടികളെങ്കിലും സംഘടിപ്പിക്കും. ഓരോ പരിപാടിക്കും ഒരു ലക്ഷം രൂപ ഗ്രാന്റ് നല്‍കും. ചെസ് കളിയിലെ മധ്യസ്ഥര്‍, പരിശീലകര്‍ എന്നീ പദവികളില്‍ സ്ത്രീകള്‍ക്ക് 33% സംവരണം നല്‍കും. എ.ഐ.സി.എഫ് അംഗീകൃത മത്സരങ്ങളില്‍ സ്ത്രീപ്രാതിനിധ്യം ഉയര്‍ത്തും. കാമ്പസ് അംബാസഡര്‍ പ്രോഗ്രാമിലും സ്ത്രീസാന്നിധ്യം വളര്‍ത്തും.

ചെസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ തയാറാക്കുന്നതിന് പ്രമുഖ യൂട്യൂബര്‍മാര്‍, ഇന്‍ഫ്‌ലുവെന്‍സേര്‍സ്, സ്ട്രീമേഴ്സ് എന്നിവര്‍ക്ക് പ്രോത്സാഹനവും പ്രതിഫലവും നല്‍കും. ചേസിനെക്കുറിച്ചുള്ള കണ്ടന്റുകള്‍ നിര്‍മിക്കുന്നവര്‍ക്ക് പരിശീലനവും ലഭ്യമാക്കും.

ചെസ് കളിക്കും ചെസിലൂടെയുള്ള സാമൂഹികപരിവര്‍ത്തനത്തിനും മികച്ച സംഭാവനകള്‍ നല്‍കുന്നവരെ കണ്ടെത്തി ആദരിക്കും. ഇതിനായി ദേശീയതല ചെസ് അവാര്‍ഡുകളും വികസനസമ്മേളനങ്ങളും ഒരുക്കും. കളിക്കാര്‍, പരിശീലകര്‍, മറ്റ് പങ്കാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തും. സര്‍വകലാശാലകളില്‍ ഉന്നതനിലവാരമുള്ള ചെസ് ശില്പശാലകളും ചര്‍ച്ചകളും സംഘടിപ്പിക്കും.

കോര്‍പറേറ്റ് ചെസ് ലീഗ് എന്ന പേരില്‍ വിവിധ കമ്പനികള്‍ക്ക് എ.ഐ.സി.എഫ് അംഗീകൃത ചെസ് ടൂര്‍ണമെന്റുകള്‍ നടത്താന്‍ അനുവദിക്കും. ഇതിനായി കമ്പനികള്‍ എ.ഐ.സി.എഫ് അംഗത്വമെടുക്കണം. മറ്റ് രാജ്യങ്ങളിലെ മത്സരാര്‍ഥികളുമായും ഇത്തരം ടൂര്‍ണമെന്റുകളില്‍ ഇന്ത്യയില്‍ നിന്നുള്ള കളിക്കാര്‍ക്ക് മാറ്റുരയ്ക്കാം. ''ചെസ് നയതന്ത്രം'' വളര്‍ത്താനും ചെസിന്റെ വിപണിമൂല്യം ഉയര്‍ത്താനുമാണ് ശ്രമം.

വിവിധ മേഖലകളില്‍ നിന്നും പരിചയസമ്പത്തുള്ള കോര്‍പ്പറേറ്റ് പ്രൊഫഷണലുകള്‍ അടങ്ങിയ ഒരു മാനേജ്‌മെന്റ് സമിതിയെ എ.ഐ.സി.എഫ് പ്രസിഡന്റ് നിയോഗിക്കും. ഫെഡറേഷന്റെ പരിപാടികളില്‍ സാമ്പത്തികമായ സഹകരണം ഉറപ്പാക്കുന്നതിനാണിത്. ഫെഡറേഷനില്‍ ഭരണമികവും ദീര്‍ഘകാല, സുസ്ഥിരവികസനവുമാണ് ഉദ്ദേശം.

വനിതകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായുള്ള പ്രത്യേക പരിപാടികളില്‍ ചെസിനെ ഒരു മാധ്യമമാക്കി മാറ്റാനുള്ള പദ്ധതികളും ആലോചനയിലുണ്ട്. ഉദാഹരണത്തിന്, എന്‍ജിഒകളുടെ പിന്തുണയോടെ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ''വീല്‍ചെയര്‍ ചെസ് പ്രോഗ്രാം'' സംഘടിപ്പിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കായി ''ചെസ്മേറ്റ് ഡിമെന്‍ഷ്യ'' പരിപാടിയും നടത്തും. ജയിലുകളിലെ അന്തേവാസികള്‍ക്കും ആദിവാസി പൗരന്മാര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഒരുക്കും.

പരിശീലകര്‍ക്ക് പരിശീലനം നല്‍കുന്നതിനും പരിശീലക സര്‍ട്ടിഫിക്കറ്റ് നേടുന്നതിനും പ്രത്യേക ഫണ്ട് അനുവദിക്കും. ഇവര്‍ക്കായി ശില്പശാലകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. സ്‌കൂള്‍ പഠനത്തില്‍ ചെസ് ഉള്‍പ്പെടുത്തും. വിവിധ സാമൂഹികവിഭാഗങ്ങളില്‍ നിന്ന് വരുന്ന പെണ്‍കുട്ടികള്‍ക്ക് അനുയോജ്യമായ വിവിധ സഹായങ്ങള്‍ ലഭ്യമാക്കും.

നിലവില്‍ നാല് കാര്യങ്ങള്‍ക്കാണ് എ.ഐ.സി.എഫ് മുന്‍ഗണന നല്‍കുന്നത്. സ്‌കൂള്‍ കരിക്കുലത്തില്‍ ചെസ് ഉള്‍പ്പെടുത്തുക, കഴിവുള്ള താരങ്ങളെ കണ്ടെത്തി വളര്‍ത്തുക, താഴേക്കിടയിലുള്ള ചെസ് പഠനകേന്ദ്രങ്ങളെയും പരിശീലന സ്ഥാപനങ്ങളെയും ശക്തിപ്പെടുത്തുക, ഓള്‍ ഇന്ത്യ ചെസ് ഫെഡറേഷനെ സുസ്ഥിരവളര്‍ച്ചയിലേക്ക് നയിക്കുക എന്നിവയാണ് അവ. സാമ്പത്തിക സാമൂഹിക അതിര്‍വരമ്പുകള്‍ക്കപ്പുറം ചെസിനെ പ്രോത്സാഹിപ്പിക്കുകയും എല്ലാ ജനവിഭാഗങ്ങള്‍ക്കും അതില്‍ പ്രാതിനിധ്യം ഉറപ്പാക്കുകയുമാണ് എ.ഐ.സി.എഫ് ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChessIndiaAICF
News Summary - AICF President Allocates Rs 65 Crore Budget for 'Bharatiya Chess' Ecosystem
Next Story