ദേശീയ അന്തർ സർവകലാശാല മീറ്റ്; മംഗളൂരുവിന് കിരീടം
text_fieldsമൂഡബിദ്രി (മംഗളൂരു): ദേശീയ അന്തർ സർവകലാശാല പുരുഷവിഭാഗം അത്ലറ്റിക്സ് മീറ്റിൽ തുടർച്ചയായ നാലാം തവണയും ആതിഥേയരായ മംഗളൂരു സർവകലാശാലക്ക് കിരീടം. ആറ് സ്വർണം, ആറ് വെള്ളി, നാല് വെങ്കലം എന്നിങ്ങനെ 105 പോയന്റുമായാണ് മംഗളൂരുവിന്റെ നേട്ടം. 42 പോയിന്റുമായി പഞ്ചാബിലെ ലവ്ലി സർവകലാശാല രണ്ടും 37 പോയന്റുമായി മഹർഷി ദയാനന്ദ സർവകലാശാല മൂന്നും സ്ഥാനം നേടി. ഒന്നുവീതം സ്വർണവും വെള്ളിയും രണ്ട് വെങ്കലവും നേടി 23 പോയന്റുമായി എം.ജി. സർവകലാശാല നാലാം സ്ഥാനത്തുണ്ട്. ഒരു വെള്ളിമാത്രം നേടിയ കാലിക്കറ്റ് 14 പോയന്റ് നേടി.
ഒരു വെങ്കലം നേടിയ കേരള സർവകലാശാലക്ക് നാലു പോയന്റാണുള്ളത്. കണ്ണൂർ ഉൾപ്പടെ കേരളത്തിലെ മറ്റ് സർവകലാശാലകൾക്ക് മെഡലൊന്നുമില്ല. പട്യാല പഞ്ചാബ് സർവകലാശാലയുടെ അക്ഷ്ദ്വീപ് സിങ്ങ് മീറ്റിലെ വ്യക്തിഗത ചാമ്പ്യനായി.
സമാപന ദിവസമായ വെള്ളിയാഴ്ച 400 മീറ്റർ ഹർഡ്ൽസിൽ കാലിക്കറ്റ് സർവകലാശാലയുടെ എ. രോഹിത് (52.25) വെള്ളി നേടി. പാലക്കാട് വിക്ടോറിയ കോളജിലെ രണ്ടാംവർഷ ഹിസ്റ്ററി ബിരുദ വിദ്യാർഥിയാണ്. കണ്ണൂർ അഴീക്കോട് സൗത്തിലെ ധനേശൻ–സ്വപ്ന ദമ്പതികളുടെ മകനാണ്. അർജുൻ ഹരിദാസാണ് പരിശീലകൻ. 4x400 റിലേയിൽ എം.ജി സർവകലാശാലക്ക് വെങ്കലം ലഭിച്ചു. എസ്. അജയ്, സി.ആർ. അനിരുദ്ധൻ, മനുറോഷൻ, ജെറിൻ റോണി എന്നിവരാണ് ടീമംഗങ്ങൾ.ഒമിക്രോൺ ഭീതി കണക്കിലെടുത്ത് ഇത്തവണ പുരുഷവിഭാഗം മത്സരമാണ് മൂഡബിദ്രിയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.