130 കോടി ജനങ്ങളുടെ പ്രതീക്ഷ നെഞ്ചിലേറ്റി ആരിഫ് മുഹമ്മദ് ഖാൻ ബീജിങ് വിന്‍റർ ഒളിമ്പിക്സിൽ
text_fieldsബീജിങ്: വെള്ളിയാഴ്ച ആരംഭിക്കുന്ന ബീജിങ് വിന്‍റർ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ അത്ലറ്റാണ് ആരിഫ് മുഹമ്മദ് ഖാൻ. സ്കീയിങ്ങിലാണ് താരം പങ്കെടുക്കുന്നത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകൾ നെഞ്ചിലേറ്റിയാണ് താരം ചൈനയിലെത്തിയിരിക്കുന്നത്.
ജമ്മു കശ്മീരിലെ ഗുൽമർഗ് സ്വദേിയായ ആരിഫ് മഞ്ഞും സ്കീയിങ്ങുമെല്ലാം കണ്ടാണ് വളരുന്നത്. മഞ്ഞുമലയിലൂടെ അതിവേഗം നീങ്ങുന്ന സ്കീയിങ് വിനോദത്തോടുള്ള താൽപ്പര്യം ആരിഫിന് പാരമ്പര്യമായി ലഭിച്ചതാണെന്ന് പറയാം.
ആരിഫിന്‍റെ പിതാവ് മുഹമ്മദ് യാസീൻ ഖാൻ സ്കീയിങ് ഉപകരണങ്ങളുടെ കടയും ടൂർ കമ്പനിയും നടത്തുകയാണ്. നാല് വയസ്സ് മുതൽ ആരിഫ് സ്കീയിങ് പോൾസ് കൈകളിൽ ഏന്താൻ തുടങ്ങി.
നിയന്ത്രണ രേഖയിൽനിന്ന് നാല് കിലോമീറ്റർ അകലെയാണ് ഇദ്ദേഹത്തിന്‍റെ വീട്. ഇന്ത്യയും പാകിസ്താനും തമ്മിലെ പ്രശ്നങ്ങൾ ആരിഫിന്‍റെ ജീവിതത്തെയും ബാധിച്ചിരുന്നു. എന്നാൽ, പ്രശ്നങ്ങളെയെല്ലാം വകഞ്ഞുമാറ്റി ആരിഫ് ലോകം കീഴടക്കാനുള്ള ഒരുക്കത്തിലാണ്.
'തീരാത്ത സംഘട്ടനങ്ങളിലൂടെയും മറ്റ് പല പ്രശ്‌നങ്ങളിലൂടെയും കടന്നുപോവുക എന്നത് ശരിക്കും ബുദ്ധിമുട്ടാണ്. പക്ഷെ നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ, ആ സ്വപ്നത്തിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഒരാൾക്കും നിങ്ങളെ തടയാനാകില്ല.
നിങ്ങൾ ധൈര്യമുള്ളവനാകണം. അതാണ് എന്‍റെ ഫോർമുല. ധൈര്യമായിരുന്നാൽ കാര്യങ്ങൾ എല്ലാം എളുപ്പമാകും' -ആരിഫ് ദൃഢനിശ്ചയത്തോടെ പറയുന്നു.
യൂറോപ്പിലായിരുന്നു ആരിഫിന്‍റെ പരിശീലനം. കുടുംബവും സുഹൃത്തുക്കളുമെല്ലാമാണ് ഇതിനുള്ള സാമ്പത്തിക പിന്തുണ നൽകുന്നത്. ഒളിമ്പിക്സിലെ തന്‍റെ സാന്നിധ്യം മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരിഫിന്‍റെ പ്രതീക്ഷ.
'ഇന്ത്യയെ ഒരു വിന്‍റർ കായിക വിനോദ കേന്ദ്രമായി ആഗോളതലത്തിൽ എപ്പോഴും പ്രോത്സാഹിപ്പിക്കുക എന്നതാണ് തന്‍റെ സ്വപ്നം. കാരണം ഞങ്ങൾക്ക് ഹിമാലയമുണ്ട്. ഞങ്ങൾ പർവതങ്ങളിലാണ് താമസിക്കുന്നത്. ഞങ്ങൾക്ക് മഞ്ഞ് ലഭിക്കുന്നു, ഞങ്ങൾക്ക് അത്തരം കായിക വിനോദങ്ങളുണ്ട്.
അടിസ്ഥാനപരവും ശരാശരിയിലുമുള്ള സ്കീയിങ് ഇവിടെയുണ്ട്. അതുകൊണ്ട് എപ്പോഴും ഈ കായിക വിനോദത്തോടൊപ്പം പോകാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിന്‍റെ മറ്റു ഭാഗങ്ങളിൽ പോയി ഞങ്ങളുടെ നാടിനെക്കുറിച്ചും പർവതങ്ങളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും പരിചയപ്പെടുത്തിക്കൊടുക്കണം' -ആരിഫ് മുഹമ്മദ് ഖാൻ പറയുന്നു.
സ്ലാലോം, ജയന്‍റ് സ്ലാലോം എന്നീ രണ്ട് ഇനങ്ങളിലാണ് ആരിഫ് പങ്കെടുക്കുന്നത്. ഫെബ്രുവരി 13, 16 തീയതികളിലാണ് മത്സരങ്ങൾ.
31-കാരനായ ആരിഫ് മുമ്പ് സപ്പോറോയിൽ നടന്ന 2017 ഏഷ്യൻ വിന്‍റർ ഗെയിംസിൽ പങ്കെടുത്തിരുന്നു. വിന്‍റർ ഒളിമ്പിക്സിലേക്ക് ഇന്ത്യ മുമ്പ് 15 അത്‌ലറ്റുകളെ മാത്രമേ അയച്ചിട്ടുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.