എലോ റേറ്റിങ് 2800 പിന്നിട്ട് അർജുൻ എരിഗെയ്സി; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരം
text_fieldsചെന്നൈ: ഇന്ത്യൻ ചെസിലെ കൗമാര വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായ ഗ്രാൻഡ് മാസ്റ്റർ അർജുൻ എരിഗെയ്സി കുറിച്ചത് പുതുചരിത്രം. വിശ്വനാഥൻ ആനന്ദിനു ശേഷം എലോ റേറ്റിങ് 2800 കടക്കുന്ന ആദ്യ ഇന്ത്യക്കാരൻ മാത്രമല്ല, ഇത്രയും ചെറു പ്രായത്തിൽ ഇത് സ്വന്തമാക്കുന്ന ഒന്നാമനുമായി എരിഗെയ്സി. യൂറോപ്യൻ ചെസ് ക്ലബ് കപ്പിന്റെ അഞ്ചാം റൗണ്ടിൽ വെള്ളക്കരുക്കളുമായി കളിച്ച് റഷ്യൻ താരം ദിമിത്രി ആൻഡ്രെകിനെ വീഴ്ത്തിയാണ് ലോക ചെസിൽ ഈ മാന്ത്രിക അക്കം തൊടുന്ന 16ാമനായത്. ഇതോടെ ലോക റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തേക്കും എരിഗെയ്സി ഉയർന്നു.
18 വയസ്സ് അഞ്ചുമാസം പ്രായക്കാരനായിരിക്കെ 2800 എലോ റേറ്റിങ് നേടിയ ഫ്രഞ്ച് താരം അലിറിസ ഫിറോസ്ജയാണ് ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ താരം. അഞ്ചു തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ രണ്ടാമതും. നേരത്തേ ചെസ് മാസ്റ്റേഴ്സ് കപ്പിൽ കിരീടം ചൂടി 27.84 ഫിഡെ സർക്യൂട്ട് പോയന്റും 20,000 യൂറോയും നേടി ദിവസങ്ങൾക്കിടെയാണ് താരത്തിന്റെ പുതിയ സ്വപ്നനേട്ടം. കഴിഞ്ഞ മാസങ്ങളിൽ എരിഗെയ്സിയുടെ മിന്നും ഫോം ബുഡപെസ്റ്റിൽ നടന്ന ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യക്ക് കിരീടം സമ്മാനിക്കുന്നതിൽ നിർണായകമായിരുന്നു.
ടെപെ സിഗെമാൻ ചെസ് ടൂർണമെന്റിൽ രണ്ടാമതും ഷാർജ മാസ്റ്റേഴ്സ് ഓപണിൽ അഞ്ചാമതുമെത്തി അർജുൻ എരിഗെയ്സി. കഴിഞ്ഞ ഏപ്രിലിൽ മെനോർക ഓപണിൽ കിരീടവും എരിഗെയ്സിക്കായിരുന്നു. എലോ റേറ്റിങ്ങിൽ ഏറ്റവും മുന്നിൽ മാഗ്നസ് കാൾസണാണ്- 2882 പോയന്റ്. റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവ് 2851 പോയന്റുമായി രണ്ടും യു.എസ് താരം ഫാബിയാനോ കരുവാൻ 2844 പോയന്റുമായി മൂന്നാമതുമുണ്ട്. ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് 2817 പോയന്റുമായി എട്ടാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.