ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കത്തോടെ ഇന്ത്യ തുടങ്ങി; ഷൂട്ടിങ്ങിലും തുഴച്ചിലിലും മെഡൽ
text_fieldsഹാങ്ചോ: ഏഷ്യയിലെ കായികപോരാട്ടങ്ങൾക്ക് ചൈനയിൽ തിരിതെളിഞ്ഞപ്പോൾ വെള്ളിത്തിളക്കത്തോടെ ഇന്ത്യ തുടങ്ങി. ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ രമിത, മെഹുലി ഘോഷ്, ആഷി ചൗക്സി എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ(വെള്ളി) സ്വന്തമാക്കിയത്. കൂടാതെ, വ്യക്തിഗത ഫൈനലിലേക്ക് രമിതയും മെഹുലിയും യോഗ്യത നേടി.
ആദ്യ മെഡലിന് തൊട്ടുപിന്നാലെ തുഴച്ചിലിലും ഇന്ത്യൻ താരങ്ങൾ വെള്ളി നേടി. പുരുഷന്മാരുടെ ലൈറ്റ്വെയ്റ്റ് ഡബിൾ സ്കൾസിൽ അർജുൻ ലാൽ ജാട്ടും അരവിന്ദുമാണ് വെള്ളി നേടിയത്.
അതേസമയം, സെമി ഫൈനലിൽ ബംഗ്ലാദേശിനെ നേരിടുന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്കാണ് എല്ലാ കണ്ണുകളും. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 51 റൺസിന് ഇന്ത്യ ആൾഔട്ടാക്കി. നാല് വിക്കറ്റെടുത്ത പൂജ വസ്ട്രാക്കറാണ് ബംഗ്ലാ ടീമിന് കനത്ത പ്രഹരമേൽപ്പിച്ചത്.
ഏഷ്യൻ ഗെയിംസ് ഫുട്ബാളിൽ ഇന്ത്യ ഞായറാഴ്ച അവസാന ഗ്രൂപ് മത്സരത്തിന് ഇന്നിറങ്ങും. ഇന്ന് മ്യാന്മറിനെ തോൽപിക്കാനായാൽ സുനിൽ ഛേത്രിക്കും സംഘത്തിനും ആറ് പോയന്റുമായി അനയാസം പ്രീ ക്വാർട്ടറിൽ കടക്കാം. സമനിലയായാലും പ്രതീക്ഷയുണ്ട്. നിലവിൽ ആറ് പോയന്റുമായി ചൈന ഗ്രൂപ് എയിൽ ഒന്നാമതും മൂന്ന് വീതം പോയന്റുള്ള ഇന്ത്യയും മ്യാന്മറും രണ്ട് മൂന്നും സ്ഥാനങ്ങളിലുമാണ്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർക്കും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും നോക്കൗട്ടിൽ പ്രവേശനമുണ്ട്. ആദ്യ കളിയിൽ ചൈനയോട് വൻതോൽവി ഏറ്റുവാങ്ങിയ ഇന്ത്യ തുടർന്ന് ബംഗ്ലാദേശിനെ തോൽപിച്ചാണ് പ്രതീക്ഷ നിലനിർത്തിയത്. അതേസമയം, വനിത ഫുട്ബാൾ ഗ്രൂപ് ബിയിൽ ഇന്ത്യ ഇന്ന് അവസാന കളിയിൽ തായ്ലൻഡിനെ നേരിടും. ആദ്യ മത്സരത്തിൽ ചൈനീസ് തായ്പേയിയോട് തോറ്റ ടീം, തായ്ലൻഡിനെ മറികടന്ന് ക്വാർട്ടർ ഫൈനലിൽ കടക്കാമെന്ന കണക്കുകൂട്ടലിലാണ്.
പുരുഷ ഹോക്കിയിൽ സുവർണ പ്രതീക്ഷകളുമായെത്തിയ ഇന്ത്യക്ക് ഞായറാഴ്ച ആദ്യ അങ്കം. ഉസ്ബകിസ്താനാണ് ആദ്യ എതിരാളികൾ. മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനു ശേഷം ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യ ഇക്കുറി ഏഷ്യൻ ഗെയിംസിൽ ചാമ്പ്യന്മാരാവാനുറച്ചാണ് ഇറങ്ങുന്നത്. 2014ലായിരുന്നു അവസാന സ്വർണം. കഴിഞ്ഞ തവണ വെങ്കലം കൊണ്ട് തൃപ്തിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.