സങ്കട ഭാരം; പരിക്കോടെ ഇറങ്ങിയ മീരഭായി മത്സരത്തിനിടെ മറിഞ്ഞുവീണു
text_fieldsഒളിമ്പിക്സിൽ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയ ഭാരോദ്വഹക എന്ന ചരിത്രത്തിനുടമയായ മീരഭായ് ചാനുവിന്റെ ഏഷ്യൻ ഗെയിംസ് മെഡൽസ്വപ്നം ഇനിയും പൂവണിഞ്ഞില്ല. തുടയിലെ പേശികൾക്കേറ്റ പരിക്കോടെ ശനിയാഴ്ച വനിത 49 കിലോ ഇനത്തിൽ മത്സരിച്ച മണിപ്പൂരുകാരിക്ക് ലഭിച്ചത് നാലാംസ്ഥാനം മാത്രം. ഭാരം ഉയർത്തുന്നതിനിടെ മീര പിറകിലേക്ക് മറിഞ്ഞുവീഴുകയും ചെയ്തു. ആകെ 191 കിലോയാണ് മീര ഉയർത്തിയത്. സ്നാച്ചിലെ ആദ്യ ശ്രമം 83 കിലോയിലായിരുന്നു. തുടർന്ന് രണ്ടെണ്ണവും പരാജയപ്പെട്ടു. ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 108 കിലോ വിജയകരമാക്കിയ മീരക്ക് അടുത്ത രണ്ട് അവസരങ്ങളിലും 117 കിലോ ഉയർത്താനായില്ല. ആകെ 200 കിലോയിൽ എത്തിയിരുന്നെങ്കിൽ വെങ്കലം ഉറപ്പായിരുന്നു.
2014 ഏഷ്യൻ ഗെയിംസിൽ ഒമ്പതാം സ്ഥാനത്തായ മീരക്ക് നടുവേദനയെത്തുടർന്ന് 2018ൽ പങ്കെടുക്കാനായിരുന്നില്ല. വാം അപ് സമയത്തുതന്നെ വേദന അനുഭവപ്പെട്ടിരുന്നതായി 29കാരി പറഞ്ഞു. ‘ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുകയെന്നത് എന്റെ സ്വപ്നമായിരുന്നു, പക്ഷേ അത് നടക്കുന്നില്ല. ഇനി എന്റെ ലക്ഷ്യം പാരിസ് ഒളിമ്പിക്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ്. സ്നാച് വാം അപ്പിനിടയിൽ വേദന തുടങ്ങിയിരുന്നു. ഗുരുതരമായ പരിക്കിന് കാരണമായേക്കാവുന്നതിനാൽ പിന്മാറണോ എന്ന് കോച്ച് ചോദിച്ചു. പക്ഷേ എനിക്ക് മെഡൽ നേടണമെന്നുള്ളതിനാൽ ഞാൻ തുടർന്നു-’ മീര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.