മാധ്യമങ്ങൾ ബ്രിജ് ഭൂഷണെ കൂടുതൽ പിന്തുണക്കുന്നു; അയാൾക്ക് അവസരം നൽകരുത് - ഗുസ്തി താരങ്ങൾ
text_fieldsന്യൂഡൽഹി: തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് റസ്‍ലിങ് ഫെഡറേഷന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള ശ്രമമാണ് ഗുസ്തി താരങ്ങളുടെതെന്ന ഡബ്ല്യു. എഫ്.ഐ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിന്റെ ആരോപണത്തിൽ മറുപടിയുമായി താരങ്ങൾ. ബ്രിജ് ഭൂഷന്റെ അഹംഭാവം രാവണന്റേതിനേക്കാൾ കൂടുതലാണെന്ന് വിനേഷ് ഫോഗട്ട് ആരോപിച്ചു. ലൈംഗികാരോപണത്തിൽ കേന്ദ്രം നിയോഗിച്ച അന്വേഷണക്കമ്മീഷൻ നടത്തിയ അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് മുമ്പാകെ പ്രസിദ്ധീകരിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
അതേസമയം, ബ്രിജ് ഭൂഷനെതിരെ പരാതി നൽകിയ പ്രായപൂർത്തിയാകാത്തവരുൾപ്പെടെയുള്ള ഗുസ്തി താരങ്ങൾക്ക് സംരക്ഷണം നൽകണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം ഡൽഹി പൊലീസ് ഞായറാഴ്ച ഇവർക്ക് സംരക്ഷണമേർപ്പെടുത്തിയിരുന്നു. പരാതിക്കാരുടെ മൊഴി ഉടൻ രേഖപ്പെടുത്തണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.
ദീപേന്ദർ ഹൂഡയും ബജ്റംഗ് പൂനിയയും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നായിരുന്നു ബ്രിജ് ഭൂഷന്റെ ആരോപണം. എസ്.പി നേതാവ് അഖിലേഷ് യാദവിന് സത്യമറിയാവുന്നതുകൊണ്ടാണ് താരങ്ങളെ സന്ദർശിക്കാത്തതന്നും ബ്രിജ് ഭൂഷൻ അവകാശപ്പെട്ടിരുന്നു.
ബ്രിജ് ഭൂഷന് സംസാരിക്കാൻ അവസരം നൽകരുതെന്ന് ബജ്റംഗ് പൂനിയ ആവശ്യപ്പെട്ടു. മാധ്യമങ്ങൾ താരങ്ങളെ പിന്തുണക്കുന്നതിനേക്കാൾ കൂടുതൽ ബ്രിജ് ഭൂഷണെ പിന്തുണക്കുകയാണ്. നിങ്ങൾ അദ്ദേഹത്തിന്റെ ക്രിമിനൽ റെക്കോർഡുകൾ കാണണം. ഇവിടെ ഇരിക്കുന്ന താരങ്ങൾക്കോ, മറ്റ് കായിക ഇനങ്ങളിലെ താരങ്ങൾക്കോ ക്രിമിനൽ റെക്കോർഡുകളുണ്ടോ? താരങ്ങൾ രാജ്യത്തിന് വേണ്ടി മെഡലുകൾ നേടുന്നു. അദ്ദേഹം മെഡൽ ജേതാക്കളെ ചോദ്യം ചെയ്യുന്നു. എത്രപേർ ഈ രാജ്യത്ത് എം.പിമാരായിട്ടുണ്ട്? എത്രപേർ ഒളിമ്പിക് മെഡലുകൾ നേടിയിട്ടുണ്ട്? ഇതുവരെ ഇവിടെ 40 ഒളിമ്പിക് മെഡലിസ്റ്റുകളാണുണ്ടായിട്ടുള്ളത്. എന്നാൽ ആയിരക്കണക്കിന് പേർ എം.പിമാരായിട്ടുണ്ട്. -ബജ്റംഗ് പൂനിയ പറഞ്ഞു.
രാഷ്ട്രീയക്കളിയാണ് ഈ പ്രതിഷേധത്തിനും പരാതികൾക്കും പിന്നിലെന്ന ബ്രിജ് ഭൂഷന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ഞങ്ങൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല. ഞങ്ങൾ ഹൃദയത്തിൽ തൊട്ടാണ് സംസാരിക്കുന്നത്. അതുകൊണ്ടാണ് നിരവധി പേർ തങ്ങളെ പിന്തുണച്ചുകൊണ്ട് പ്രതിഷേധത്തിന് ഒപ്പമിരിക്കാൻ എത്തിയത്. - വിനേഷ് വ്യക്തമാക്കി.
ഇത്തരത്തിലൊരു ക്രിമിനലിന് എങ്ങനെയാണ് അവസരം നൽകാൻ നിങ്ങൾക്കായത്? സ്വയം ചോദിക്കുക...അയാൾ ഇപ്പോഴും കാര്യങ്ങൾ ചിരിയോടുകൂടിയാണ് അവതരിപ്പിക്കുന്നത്. അയാളുടെ അഹംഭാവം രാവണന്റേതിനേക്കാൾ കൂടുതലാണ്. അയാൾക്ക് സുപ്രീംകോടതി ക്ലീൻ ചിറ്റ് നൽകിയാൾ നിങ്ങൾ മാലയിട്ട് ആനയിച്ചോളൂ. വനിതാ താരങ്ങളെ പീഡിപ്പിച്ചയാൾ ആഘോഷിക്കപ്പെടുന്നു. അയാൾക്ക് അവസരം നൽകരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. - വിനേഷ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.