സബർമതിയിൽ തിരയിളക്കി കുട്ടനാട്ടിലെ പൊന്നോളങ്ങൾ
text_fieldsഅഹ്മദാബാദ്: കുട്ടികളായിരിക്കെത്തന്നെ കുട്ടനാടൻ കായലുകളിലൂടെ കൊച്ചുവള്ളങ്ങൾ തുഴഞ്ഞുപോയവർക്ക് സബർമതിപ്പുഴയിലെ ഓളങ്ങളോട് മല്ലിടാൻ തെല്ലും പരിഭ്രമമുണ്ടായില്ല. ദേശീയ ഗെയിംസ് കനോയിങ്ങിലും കയാക്കിങ്ങിലും നാലു സ്വർണ മെഡലുകൾ നേടി കേരളം മടങ്ങുമ്പോൾ മേഘപ്രദീപിന്റെയും ജി. പാർവതിയുടെയും തുഴച്ചിൽവിരുതിന് നൂറിൽ നൂറ് മാർക്ക് നൽകണം. മേഘക്ക് കനോയിങ് സിംഗ്ൾ 200 മീറ്ററിലും പാർവതിക്ക് കയാക്കിങ് സിംഗ്ൾ 200 മീറ്ററിലുമാണ് ചൊവ്വാഴ്ച ഒന്നാം സ്ഥാനം ലഭിച്ചത്. കഴിഞ്ഞ ദിവസം മേഘയും അക്ഷ സുനിലും ചേർന്ന് കനോയിങ് ഡബ്ൾ 500 മീറ്ററിലും പാർവതി ഉൾപ്പെട്ട സംഘം കയാക്കിങ് ഫോർ 500 മീറ്ററിലും സ്വർണം നേടി. കേരളത്തിന്റെ നാല് സ്വർണത്തിലും രണ്ടിലൊരാളുടെ കരസ്പർശമുണ്ടെന്നർഥം.
ആലപ്പുഴ പുന്നമട തോട്ടത്തോട് നെഹ്റു ട്രോഫി വാർഡുകാരിയാണ് പാർവതി. ശിക്കാർ ബോട്ട് ഓടിച്ച് ഉപജീവനം നടത്തുന്ന പുതുവൽ സജീവിന്റെയും ഗീതയുടെയും മകൾ. ദേശീയ ചാമ്പ്യൻഷിപ് കനോയിങ് സ്പ്രിന്റിൽ ഡബ്ളിൽ സ്വർണവും സിംഗ്ളിലും ഫോറിലും വെങ്കലവും നേടിയിട്ടുണ്ട്. ഡിഗ്രി പൂർത്തിയാക്കിയ പാർവതി, ദേശീയ ഗെയിംസ് ഇരട്ട സ്വർണത്തോടെ സർക്കാർ ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
ഏഷ്യൻ ഗെയിംസ് കനോയിങ്ങിൽ ഇന്ത്യയെ പ്രതിനിധാനംചെയ്തിട്ടുണ്ട് ആലപ്പുഴ കുട്ടമംഗലം സ്വദേശിനിയായ മേഘയുടെ പിതാവ് പ്രദീപ്. ശ്രീകലയാണ് മാതാവ്. ദേശീയ ചാമ്പ്യൻഷിപ്പിൽ ഹാട്രിക് സ്വർണം നേടിയ മേഘ, ആര്യാട് ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. പുന്നമട സായി കേന്ദ്രത്തിലാണ് മേഘയും പാർവതിയും പരിശീലനം നടത്തുന്നത്. ജയന്ത്കുമാർ സിങ്ങും ബേബി ചാക്കോയുമാണ് പരിശീലകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.