പരിക്കിൽ നിസ്സഹയനായി അൽകാരസ്; ഒന്നാം നമ്പർ തിരിച്ചുപിടിക്കാൻ നദാൽ
text_fieldsമഡ്രിഡ്: ടെന്നിസിൽ അദ്ഭുതങ്ങളുടെ രാജകുമാരനായി എത്തി അതിവേഗം ലോക ഒന്നാം നമ്പർ പദവിയിലേക്ക് ചുവടുവെച്ച സ്പാനിഷ് കൗമാരതാരം കാർലോസ് അൽകാരസ് പരിക്കുകാരണം ഒന്നാം സ്ഥാനം കൈവിട്ടേക്കും. എ.ടി.പി ഫൈനൽസിൽ റാഫേൽ നദാൽ ആദ്യ റൗണ്ട് മത്സരങ്ങൾ വിജയത്തോടെ പൂർത്തിയാക്കിയാൽ ഏറെയായി കൈവശംവെച്ച ഒന്നാം നമ്പർ പദവി നദാൽ തിരിച്ചുപിടിക്കും. കളിക്കുമുന്നേ ഇതേ വെല്ലുവിളിയുയർത്തി സിറ്റ്സിപ്പാസും രംഗത്തുണ്ടായിരുന്നെങ്കിലും നൊവാക് ദ്യോകോവിച്ചിനോട് താരം തോറ്റതോടെ അൽകാരസ് കൈവശംവെക്കുന്ന ഒന്നാമനെന്ന റെക്കോഡിൽ ഇനി നദാൽ മാത്രമാകും കണ്ണുവെക്കുക.
രണ്ടുമാസത്തെ ഇടവേളക്കു ശേഷം തിരികെയെത്തിയ റഫ പാരിസ് മാസ്റ്റേഴ്സിൽ ആദ്യ മത്സരത്തിൽ തന്നെ തോറ്റിരുന്നു. അമേരിക്കൻ താരം ടോമി പോളാണ് നിലംതൊടീക്കാതെ തിരിച്ചയച്ചത്. കരുത്തോടെ തിരിച്ചെത്തുന്ന റഫ പക്ഷേ, ഇത്തവണ കിരീടം പിടിക്കാനാകുമെന്ന വാശിയിലാണ്. ഈ വർഷം ആസ്ട്രേലിയൻ, ഫ്രഞ്ച് ഓപൺ കിരീടങ്ങൾ മാറോടുചേർത്ത വെറ്ററൻ താരം വർഷാവസാനം ലോക ഒന്നാം നമ്പർ പദവിയിലെത്തിയാൽ അത് ചരിത്രമാകും. പീറ്റ് സാംപ്രാസാണ് നിലവിൽ ഏറ്റവും കൂടുതൽ തവണ വർഷാവസാനം ഒന്നാം നമ്പർ പദവി നിലനിർത്തിയ റെക്കോഡിനുടമ. ആറു വർഷം ലോക ഒന്നാം നമ്പറായി തുടരുകയെന്ന ചരിത്രമാണ് സ്പാനിഷ് താരത്തെ കാത്തിരിക്കുന്നത്.
യു.എസ് ഓപൺ കിരീടവുമായി ലോക ഒന്നാം നമ്പർ പദവിയിലേക്കുയർന്ന അൽകാരസ് പാരിസ് മാസ്റ്റേഴ്സിനിടെയാണ് പരിക്കുമായി മടങ്ങിയത്.
അടിവയറ്റിലെ പരിക്ക് ഇനിയും ഭേദമാകാത്തതിനാൽ താരത്തിന് എ.ടി.പി ഫൈനൽസ് കളിക്കാനാകില്ല. നദാൽ നേരത്തെ മടങ്ങിയാൽ വർഷാവസാനം ആദ്യ സ്ഥാനക്കാരനാകുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകും അൽകാരസ്.
അതേ സമയം, ഗ്രീൻ ഗ്രൂപിലെ മൂന്നു കളികളും ജയിക്കാനായാൽ റഫക്ക് ആദ്യ സ്ഥാനക്കാരനാകാം. കഴിഞ്ഞ ദിവസം അമേരിക്കയുടെ ടെയ്‍ലർ ഫ്രിറ്റ്സിനെ വീഴ്ത്തിയ താരത്തിന് കാസ്പർ റൂഡും കാനഡയുടെ ഫെലിക്സ് ഓഗർ അലിയാസിമുമാണ് അടുത്ത എതിരാളികൾ. ഇനി പോയിന്റിൽ രണ്ടു സ്പാനിഷ് താരങ്ങളും തുല്യമായാലും ഒന്നാം നമ്പർ പട്ടം റഫക്കൊപ്പം നിൽക്കും. റെഡ് ഗ്രൂപിലായിരുന്ന സിറ്റ്സിപ്പാസ് നേരത്തെ തോൽവിയുമായി മടങ്ങിയിട്ടുണ്ട്.
2004നു ശേഷം നീണ്ട 18 വർഷത്തിനിടെ പുരുഷ വിഭാഗത്തിൽ ആറു പേർ മാത്രം പങ്കിട്ട ലോക ഒന്നാം നമ്പർ പദവിയാണ് ആറാമനായി അൽകാരസ് എത്തിയിരുന്നത്. അത് ഇനിയും തുടരാനാകുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.