വിനേഷ് ചാമ്പ്യൻമാരിൽ ചാമ്പ്യൻ; ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു, ശക്തമായി തിരിച്ചു വരൂ -മോദി
text_fieldsന്യൂഡൽഹി: പാരീസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയതിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാമ്പ്യൻമാരിൽ ചാമ്പ്യനാണ് വിനേഷ് ഫോഗട്ടെന്ന് സമൂഹമാധ്യമങ്ങളിൽ മോദി കുറിച്ചു. ഓരോ ഇന്ത്യക്കാരന്റേയും അഭിമാനവും പ്രചോദനവുമാണ് വിനേഷെന്നും മോദി പറഞ്ഞു.
നിങ്ങളുടെ ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. താൻ അനുഭവിക്കുന്ന നിരാശയുടെ ആഴം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതേസമയം, തന്നെ നിങ്ങൾ പ്രതിരോധത്തിന്റെ പ്രതീകമാണെന്നും വെല്ലുവിളികളെ തലയുയർത്തി നേരിടുകയെന്നത് നിങ്ങളുടെ പ്രതീകമാണെന്നും എനിക്കറിയാം. ശക്തമായി തിരിച്ചു വരുവെന്നും മോദി വിനേഷ് ഫോഗട്ടിനോട് പറഞ്ഞു.
പാരിസിൽ ഇന്ത്യൻ സംഘത്തിനൊപ്പമുള്ള ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യക്ക് കൈക്കൊള്ളാവുന്ന നടപടികൾ എന്തൊക്കെയാണെന്ന് അദ്ദേഹം ആരാഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. അയോഗ്യയാക്കിയ നടപടി പിൻവലിക്കാൻ സമ്മർദം ചെലുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കാൻ പ്രധാനമന്ത്രി ഉഷക്ക് നിർദേശം നൽകി. അയോഗ്യയാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും രേഖാമൂലം പരാതി നൽകാനും അദ്ദേഹം നിർദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറി രാജ്യത്തിന്റെ സുവർണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന് അയോഗ്യയാക്കിയിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് കലാശപ്പോരിൽ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒളിമ്പിക്സ് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിന് പോലും അർഹതയുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ. നടപടിയോട് ഇന്ത്യൻ സംഘം കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്.
നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ, ഏവരുടെയും പ്രതീക്ഷകൾ തകിടം മറിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്സിനെത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.