ഗുസ്തി താരങ്ങളുടെ ‘മീ റ്റൂ’; എല്ലാം വെളിപ്പെടുത്താനാവശ്യപ്പെട്ട് ഒളിമ്പിക് അസോ. മേധാവി പി.ടി ഉഷ
text_fieldsഇന്ത്യൻ റസ്‍ലിങ് ഫെഡറേഷൻ മേധാവിയുൾപ്പെട്ട മീ റ്റു ആരോപണങ്ങളിൽ പൂർണ പിന്തുണ അറിയിച്ച് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ. പ്രമുഖ ഗുസ്തി താരങ്ങൾ നടത്തിയ ലൈംഗിക ആരോപണങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്നും വിഷയത്തിൽ ദേശീയ ഒളിമ്പിക് അസോസിയേഷൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ഉഷ ഉറപ്പു നൽകി. ഒളിമ്പിക് മെഡൽ ജേതാവ് ബജ്രംഗ് പൂനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് തുടങ്ങിയ പ്രമുഖരാണ് റസ്‍ലിങ് ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെ കടുത്ത ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്.
ന്യൂഡൽഹി ജന്ദർ മന്ദറിൽ രണ്ടു ദിവസമായി ഗുസ്തി താരങ്ങൾ കുത്തിയിരുപ്പ് സമരം തുടരുകയാണ്. ബ്രിജ് ഭൂഷണെ പുറത്താക്കണമെന്നും ഫെഡറേഷൻ പിരിച്ചുവിടണമെന്നുമാണ് താരങ്ങളുടെ ആവശ്യം.
താരങ്ങളുമായി വിഷയം സംസാരിച്ചതായും ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ പ്രത്യേക സമിതി രൂപം നൽകുമെന്നും പി.ടി ഉഷ പറഞ്ഞു.
ബജ്രംഗ്, വിനേഷ്, അൻഷു മാലിക്, സാക്ഷി, സത്യവ്രത് കാഡിയൻ എന്നിവരടങ്ങിയ സംഘം സർക്കാർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കായിക വകുപ്പ് സെക്രട്ടറി സുജാത ചതുർവേദി, സായ് ഡയറക്ടർ ജനറൽ സന്ദീപ് പ്രധാൻ, സ്‍പോർട്സ് ജോയിന്റ് സെക്രട്ടറി കുനാൽ എന്നിവരുമായാണ് താരങ്ങൾ വിഷയങ്ങൾ സംസാരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.