മെഡൽ ഗോദ; രണ്ടു പൂനിയമാരും രണ്ടു മാലിക്കുമാരും ഫൈനലിൽ കടന്ന് മെഡലുറപ്പിച്ചു
text_fieldsബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിലെ ഗുസ്തി ഗോദയിൽ മെഡലുകൾ പെയ്തിറങ്ങുകയായിരുന്നു വാഴാഴ്ച. നാലു ഇന്ത്യൻ താരങ്ങൾ ഫൈനലുറപ്പിച്ച ദിനം രണ്ടു ഇന്ത്യക്കാർ വെങ്കല മെഡൽ മത്സരത്തിലേക്കും മുന്നേറി.
പുരുഷന്മാരുടെ 86 കി. വിഭാഗത്തിൽ ദീപക് പൂനിയ സെമിയിൽ കാനഡയുടെ അലക്സാണ്ടർ മൂറിനെ 3-1നാണ് തോൽപിച്ചപ്പോൾ 65 കി. വിഭാഗത്തിൽ ബജ്റങ് പൂനിയയുടെ വിജയം ആധികാരികമായിരുന്നു. ബ്രിട്ടന്റെ ജോർജ് റാമ്മിനെ 10-0ത്തിനാണ് ബജ്റങ് തകർത്തത്. 125 കി. വിഭാഗത്തിൽ മോഹിത് ഗ്രേവാൾ 12-2ന് കാനഡയുടെ ഇന്ത്യൻ വംശജൻ അമർവീർ ദേസിയോട് തോറ്റു. എന്നാൽ, മോഹിതിന് മറ്റൊരു സെമിയിൽ തോറ്റ ബ്രിട്ടന്റെ മൻദീർ കൂനറിനെ കീഴടക്കിയാൽ വെങ്കലം നേടാം.
വനിതകളുഖെ 57 കി. വിഭാഗത്തിൽ ശ്രീലങ്കയുടെ നെത്മി പൊരുതൊടാഗെയെ 10-0ത്തിന് തകർത്തായിരുന്നു അൻഷു മാലികിന്റെ ഫൈനൽ പ്രവേശനം. 62 കി. വിഭാഗത്തിൽ സാക്ഷി മാലിക്കും അതേ സ്കോറിന് ജയിച്ച് ഫൈനലിലെത്തി. കാമറൂണിന്റെ ബെർതെ എതാനി എൻഗോലെയെയാണ് സാക്ഷി തുരത്തിയത്. വനിതകളുടെ 68 കി. വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ തോറ്റെങ്കിലും റെപഷാജിലൂടെ (തന്നെ തോൽപിച്ചയാൾ ഫൈനലിൽ കടന്നാൽ കിട്ടുന്ന അവസരം) വെങ്കല മെഡൽ മത്സരത്തിന് ഇന്ത്യയുടെ ദിവ്യ കാക്രൻ അർഹത നേടി.
4x400 റിലേയിൽ 'മലയാളി' പുരുഷ ടീം ഫൈനലിൽ
പുരുഷന്മാരുടെ 4x400 മീ. റിലേയിൽ ഇന്ത്യയുടെ 'മലയാളി' ടീം ഫൈനലിൽ കടന്നു. മലയാളികളായ മുഹമ്മദ് അനസ് യഹ്‍യ, നോഹ നിർമൽ ടോം, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ് എന്നിവരാണ് ഇന്ത്യക്കായി ബാറ്റണേന്തിയത്. അവസാന ലാപ്പിൽ അമോജിന്റെ അസാമാന്യ കുതിപ്പാണ് ഇന്ത്യക്ക് ഫൈനലിൽ ഇടം സമ്മാനിച്ചത്. അജ്മലിൽനിന്ന് ബാറ്റൺ സ്വീകരിക്കുമ്പോൾ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. അമോജിന്റെ കുതിപ്പിൽ ട്രിനിഡാഡ് ആൻഡ് ടുബാഗോയും ബാർബഡോസും പിന്നിലായപ്പോൾ ഇന്ത്യ (3:06.97 സെ.) കെനിയയുടെ (3:06.97 സെ.) പിന്നിൽ രണ്ടാമായി ഫിനിഷിങ് കടന്നു.
വനിത ലോങ്ജംപിൽ മത്സരിച്ച മലയാളിതാരം ആൻസി സോജൻ ഫൈനൽ റൗണ്ടിലെത്താതെ പുറത്തായി. 6.25 മീ. ചാടിയ ആൻസി യോഗ്യത റൗണ്ട് ഗ്രൂപ്-എയിൽ ഏഴാമതായി. ഗ്രൂപ്പിലെ ആറുപേരാണ് ഫൈനലിലേക്ക് മുന്നേറിയത്. വനിതകളുടെ 100 മീ. ഹർഡ്ൽസിൽ ഇന്ത്യയുടെ ജ്യോതി യാരാജിയും ഫൈനൽ കാണാതെ പുറത്തായി.
ശ്രീകാന്ത്, സിന്ധു, ട്രീസ-ഗായത്രി ക്വാർട്ടറിൽ
ബാഡ്മിന്റണിൽ ഇന്ത്യയുടെ കെ. ശ്രീകാന്ത്, പി.വി. സിന്ധു എന്നിവർ വ്യക്‍തിഗത വിഭാഗത്തിൽ ക്വാർട്ടർ ഫൈനലിൽ കടന്നു. പ്രീക്വാർട്ടറിൽ സിന്ധു 21-10, 21-9ന് ഉഗാണ്ടയുടെ ഹുസൈന കൊബുഗാബെയെയും ശ്രീകാന്ത് 21-9, 21-12ന് ശ്രീലങ്കയുടെ ദുമിനു അബിവിക്രമയെയുമാണ് തോൽപിച്ചത്. വനിത ഡബിൾസിൽ മലയാളി താരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദുമടങ്ങിയ ജോടിയും ക്വാർട്ടറിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.