ഉയരെ 'തല'സ്ഥാനം
text_fieldsകൊച്ചി: സ്കൂൾ കായികമേളയിലെ ഗെയിംസ് മത്സരങ്ങൾക്ക് കൊടിയിറങ്ങുമ്പോൾ തിരുവനന്തപുരത്തിന് സമഗ്രാധിപത്യം. 144 സ്വർണവും 88 വെള്ളിയും 100 വെങ്കലവുമടക്കം 1213 പോയന്റോടെ തലസ്ഥാന ജില്ല ഓവറോൾ ചാമ്പ്യൻമാരായി.73 സ്വർണവും 56 വെള്ളിയും 75 വെങ്കലവുമായി റണ്ണറപ്പായ തൃശൂർ ജില്ലക്ക് 744 പോയന്റാണുള്ളത്. 67 സ്വർണം, 61 വെള്ളി,66 വെങ്കലവും നേടി കണ്ണൂർ ജില്ല മൂന്നാം സ്ഥാനത്തുണ്ട്.
41 സ്വർണവും 57 വെള്ളിയും 113 വെങ്കലവുമടക്കം 568 പോയന്റ് നേടിയ മലപ്പുറവും 32 സ്വർണവും 52 വെള്ളിയും 59 വെങ്കലവും അടക്കം 522 പോയന്റ് നേടിയ പാലക്കാട്ടും നാലും അഞ്ചും സ്ഥാനങ്ങളിലാണ്.
സ്കൂളുകളിൽ തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്.എസ്.എസ് (78 പോയന്റ്), തൃശൂർ കൊട്ടുകര പി.പി.എം.എച്ച്.എസ്.എസ് (55 ), കണ്ണൂർ കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ് (53) എന്നിവർ ആദ്യ മൂന്ന് സ്ഥാനം നേടി. ഗെയിംസിൽ മുഴുവൻ വിഭാഗങ്ങളിലും സമഗ്രാധിപത്യം നേടിയാണ് തിരുവനന്തപുരത്തിന്റെ തേരോട്ടം.ജി.വി.രാജ സ്പോർട്സ് സ്കൂളിന്റെ സംഭാവനയാണ് പോയന്റിലേറെയും. കഴിഞ്ഞ ദിവസം സമാപിച്ച അക്വാട്ടിക് മത്സരങ്ങളിലും തിരുവനന്തപുരം ജില്ലക്കായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ്.
2025ലെ കായികമേള തിരുവനന്തപുരത്ത്
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിൽത്തന്നെ വരും വർഷങ്ങളിലും നടത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ഗെയിംസ്, നീന്തൽ, അത്ലറ്റിക്സ് മത്സരങ്ങൾ ഒരുമിച്ചാണ് നടത്തുക. 2025ലെ കായികമേളക്ക് തിരുവനന്തപുരം വേദിയാവുമെന്ന് മന്ത്രി വ്യക്തമാക്കി. മേളയിൽ ഇക്കുറി സവിശേഷ പരിഗണനയുള്ള വിദ്യാർഥികളുടെയും ഗൾഫിൽനിന്നുള്ള മത്സരാർഥികളുടെയും പങ്കാളിത്തമുണ്ടായിരുന്നു.
കാൽലക്ഷത്തോളം കായികപ്രതിഭകൾ മാറ്റുരച്ച സംസ്ഥാന സ്കൂൾ കായികമേളയുടെ സമാപനസമ്മേളനം തിങ്കളാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.