ഗുകേഷ് കുറിക്കുമോ ചരിത്രം; ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷ് -ലിറെൻ പോരാട്ടത്തിന് രണ്ടുനാൾ
text_fieldsചെന്നൈ: ഇന്ത്യൻ ചെസിന് പുതിയ ഉയരവും ഉണർവും നൽകി വർഷങ്ങൾക്ക് മുമ്പ് ചെന്നൈക്കാരനായ വിഷി ആനന്ദ് എത്തിപ്പിടിച്ച ചരിത്രത്തിലേക്ക് 18ാം വയസ്സിൽ കരുക്കൾ നീക്കിക്കയറാൻ മറ്റൊരു ചെന്നൈക്കാരൻ ദൊമ്മരാജു ഗുകേഷിനാകുമോ? ഉദ്ഘാടന ചടങ്ങുകൾക്ക് ഇന്ന് തിരശ്ശീല ഉയരുമെങ്കിലും തിങ്കളാഴ്ചയാണ് കായിക ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ കളിയുണരുന്നത്. ചൈനീസ് താരം 32കാരനായ ഡിങ് ലിറെനെതിരെ അങ്കം കുറിക്കുമ്പോൾ ഗുകേഷ് ചാമ്പ്യൻ പോരിനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. അതുൾപ്പെടെ എണ്ണമറ്റ റെക്കോഡുകൾ ഗുകേഷിന്റെ കിരീടധാരണം സംഭവിച്ചാൽ വഴിമാറും.
ലോകചാമ്പ്യൻഷിപ്പിൽ 1886നു ശേഷം 50ാം പോരാട്ടമാണിത്. ആദ്യമായാണ് എതിരാളികൾ രണ്ടുപേരും ഏഷ്യക്കാരാകുന്നത്. ഒന്നാം നമ്പർ താരം എക്കാലത്തും ഒരുവശത്തുണ്ടാകാറുണ്ടെങ്കിലും 2023, 2024 വർഷങ്ങളിൽ ഒന്നാമനില്ലെന്ന സവിശേഷതയുണ്ട്. ഒരു പതിറ്റാണ്ടു കാലം ചാമ്പ്യൻപട്ടം എതിരില്ലാതെ സ്വന്തമാക്കിയതിനൊടുവിൽ മാഗ്നസ് കാൾസൺ പദവി ഉപേക്ഷിച്ച് ഇനി അങ്കത്തിനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് പോരാട്ടം മറ്റുള്ളവർ തമ്മിലായത്. ഗുകേഷ് നിലവിൽ അഞ്ചാം റാങ്കുകാരനാണ്. നിലവിലെ ചാമ്പ്യനായ ലിറെൻ 23ാമനും. ലിറെൻ ജനുവരിക്കു ശേഷം ഒരു കളി പോലും ജയിച്ചിട്ടില്ല. കഴിഞ്ഞ ആഗസ്റ്റിനു ശേഷം ചാമ്പ്യൻഷിപ്പുകളിൽ മത്സരിച്ചിട്ടുമില്ല. 2017 -18 കാലത്ത് തോൽവിയറിയാതെ 100 മത്സരങ്ങൾ പൂർത്തിയാക്കിയ കാലം ഓർമയിലുണ്ടെങ്കിലും ചൈനയിലെ വെൻഷു സ്വദേശി പഴയ ഫോമിന്റെ നിഴലിലാണ്. കോവിഡ് മഹാമാരിയിൽ ചതുരംഗക്കളത്തിൽനിന്ന് വിട്ടുനിന്ന് മാനസിക പ്രയാസങ്ങൾ വരെ നേരിട്ടതിനൊടുവിലാണ് തിരിച്ചുവരവ്.
എന്നാൽ, റാങ്കിങ്ങിൽ ബഹുദൂരം മുന്നിലാണെന്നു മാത്രമല്ല, സമീപകാല പ്രകടനങ്ങൾ വെച്ചുനോക്കിയാൽ കിരീടസാധ്യതകളിലും ഗുകേഷ് തന്നെ കേമൻ. ഇരുവരും തമ്മിൽ ക്ലാസിക്കൽ ഗെയിമുകളിൽ മൂന്നുവട്ടം മുഖാമുഖം വന്നതിൽ രണ്ടുതവണയും ജയം പിടിച്ചത് ലിറനാണെന്നത് മാത്രമാണ് ചാമ്പ്യനെ തുണക്കുന്ന ഏക കണക്ക്. അതുപക്ഷേ, ഏഴാം വയസ്സിൽ ചെസിന്റെ ലോകത്തെത്തി അതിവേഗം ചതുരംഗക്കളം പിടിച്ച ഗുകേഷിന് ഭീഷണിയാകണമെന്നില്ല. 12ാം വയസ്സിൽ ഗ്രാൻഡ് മാസ്റ്റർ പട്ടം ചൂടി അത്ഭുതമായ ബാലൻ അടുത്തിടെ 2800 എലോ റേറ്റിങ്ങും പിന്നിട്ടു. വർഷങ്ങളായി വിഷി ആനന്ദ് മെന്ററായി കൂടെ കൂട്ടിയ ഗുകേഷിനെ പരിശീലിപ്പിച്ച് പോളണ്ടുകാരനായ ഗജേവ്സ്കിയുമുണ്ട്.
ലോക ഒന്നാം നമ്പറായ കാൾസണും രണ്ടാമൻ ഫാബിയാനോ കരുവാനയും ഇത്തവണ ലോക ചാമ്പ്യൻഷിപ് വേദിയായ സിംഗപ്പൂരിലുണ്ട്. ഇരുവരെയും വെച്ച് ഇവിടെ മിനി മത്സരം സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.