ദറഇയ ഇ-പ്രിക്സ് ലോക ചാമ്പ്യൻഷിപ്പ്: ജർമൻ കാറോട്ട താരം പാസ്കൽ വെറിലിൻ ജേതാവ്
text_fieldsറിയാദ്: ഇലക്ട്രിക് കാറോട്ട ചാമ്പ്യൻഷിപ്പിൽ കിരീടം ചൂടി ജർമൻ താരം പാസ്കൽ വെറിലിൻ. സൗദി തലസ്ഥാനത്തെ പൗരാണിക നഗരമായ ദറഇയയിൽ വെള്ളി, ശനി ദിവസങ്ങളിലായി നടന്ന ‘കോർ ദറഇയ ഇ-പ്രിക്സ് 2023’ൽ 11 ടീമുകളിലായി 22 ഡ്രൈവർമാരാണ് ഇലക്ട്രിക് കാറുകളോടിച്ച് വേഗതയിൽ മാറ്റുരച്ചത്. 21 ചുറ്റുകളിലായി 2495 കിലോമീറ്റർ ദൂരത്തിലായിരുന്നു മത്സരം. എ.ബി.ബി. എഫ്.െഎ.എ ഫോർമുല ഇ ലോക ചാമ്പ്യൻഷിപ്പിന്‍റെ ഒമ്പതാം സീസണിന്‍റെ ഭാഗമായി അഞ്ചാം തവണയാണ് സൗദിയിൽ ഫോർമുല ഇ മത്സരം നടന്നത്.
ഇലക്ട്രിക് മോട്ടോർസ്പോർട്ടിലെ ലോകത്തിലെ ഏറ്റവും തിളങ്ങുന്ന താരങ്ങളെല്ലാം ഈ ദ്വിദിന ചാമ്പ്യൻഷിപ്പിൽ പൊടിപാറിക്കാനെത്തിയിരുന്നു. ‘ഭാവിയിൽ ശുദ്ധ ഊർജം’ എന്ന സന്ദേശം ഉയർത്തിയാണ് സൗദി അറേബ്യ ഈ കാർബൺ രഹിത ടൂർണമെൻറിന് ആതിഥേയത്വം വഹിച്ചത്. പാസ്കൽ വെറിലിെൻറ രണ്ടാമത്തെ ഇലക്ട്രിക് കാറോട്ട മത്സരമായിരുന്നു ഇത്. അതിൽ വിജയകിരീടം ചൂടുകയും ചെയ്തു. എതിരാളി ബ്രിട്ടീഷ് താരം ജാക് ഡെന്നീസിനെ 1.252 സെക്കൻഡിൽ മറികടന്ന് വെറിലിൻ ഫിനിഷ് ചെയ്യുകയായിരുന്നു. വെറിലിൻ 68 പോയൻറും ഡെന്നിസ് 61 പോയൻറും മൂന്നാം സ്ഥാനത്തെത്തിയ സെബാസ്റ്റ്യൻ ബൗമി 31 പോയൻറും നേടി.
(കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ദറഇയയിൽ ഫോർമുല ഇ മത്സരം കാണാനെത്തിയപ്പോൾ)
മത്സരം കാണാൻ കിരീടാവകാശിയെത്തി
റിയാദ്: ഇലക്ട്രിക് കാറോട്ട മത്സരം കാണാൻ കാണാൻ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ എത്തി. മത്സര ട്രാക്കിലെത്തിയ കിരീടാവകാശിയെ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ, സൗദി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽസ് ആൻഡ് മോട്ടോർസൈക്കിൾസ് പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ എന്നിവർ ചേർന്നു സ്വീകരിച്ചു.
ഖത്തർ അമീർ തമീം ബിൻ ഹമദ് അൽതാനി, സ്‌പെയിനിലെ മുൻ രാജാവ് ജുവാൻ കാർലോസ് ഒന്നാമൻ, കിരീടാവകാശിയും ബഹ്‌റൈൻ പ്രധാനമന്ത്രിയുമായ അമീർ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ജോർദാൻ കിരീടാവകാശി അൽഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, ഒമാൻ സാംസ്കാരിക-കായിക-യുവജന മന്ത്രി ദിയസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽസഇൗദ്, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്യാൻ, കുവൈത്ത് കിരീടാവകാശി ശൈഖ് അഹമ്മദ് അൽ അബ്ദുല്ല അൽസബാഹ്, സൗദിയിലെ മറ്റ് മന്ത്രിമാർ, ഗവർണർമാർ എന്നിവരും മത്സരം കാണാനും സമാപന ചടങ്ങിലും പങ്കെടുക്കാൻ എത്തിയിരുന്നു. കാറോട്ട മത്സര പ്രേമികളായ ആയിരക്കണക്കിന് തദ്ദേശീയരും വിദേശികളുമായ ആളുകളും മത്സരം കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.