‘പന്തൾച്ച്’ സ്വർണമടിച്ച് മലപ്പുറം
text_fieldsകഴിഞ്ഞ വർഷം തിരുവനന്തപുരത്തുണ്ടായ ഫൈനൽ തോൽവിക്ക് മലപ്പുറത്തിന്റെ സുവർണ മധുര പ്രതികാരം. സംസ്ഥാന സ്കൂൾ ഗെയിംസ് ആൺകുട്ടികളുടെ ഫുട്ബാൾ കലാശപ്പോരിൽ എതിരില്ലാത്ത മൂന്ന് ഗോളിന് കാസർകോടിനെ തോൽപിച്ച് മലപ്പുറം സ്വർണം തിരിച്ചുപിടിച്ചു. 2023ൽ ഒരു ഗോളിന് ജയിച്ചാണ് കാസർകോട് ചാമ്പ്യന്മാരായത്. മികച്ച കളി കാഴ്ചവെച്ച് ഫൈനലിലെത്തിയ മലപ്പുറം ആധികാരികമായിത്തന്നെ ഇക്കുറി ജേതാക്കളായി. ആദ്യ 20 മിനിറ്റിലായിരുന്നു മൂന്ന് ഗോളും. നാലാം മിനിറ്റിൽ അവിനാഷാണ് തുടങ്ങിയത്. 14, 20 മിനിറ്റുകളിൽ കെ.പി ഷഹനാദും സ്കോർ ചെയ്തു. കിക്കോഫ് വിസിൽ മുതൽ കാസർകോട്ടെ പ്രതിരോധനിരയെ ആശങ്കയിലാഴ്ത്തിയ മലപ്പുറം അധികം താമസിയാതെ അക്കൗണ്ട് തുറന്നു.
കോർണർ കിക്കിൽ നിന്നെത്തിയ പന്ത് ഗോൾമുഖത്ത് നിലയുറപ്പിച്ചപ്പോൾ കിട്ടിയ അവസരം ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് വിദ്യാർഥിയായ അവിനാഷ് മുതലെടുത്തു. ഗോൾ വീണതോടെ പതറിയ കാസർകോടിന് തിരൂർ കൂട്ടായി എം.എം.എം.എച്ച്.എസ്.എസ് താരം ഷഹനാദിന്റെ വക ഇരട്ട പ്രഹരവും. വരാനിരിക്കുന്ന ഗോൾ മഴയുടെ സൂചനയാണിതെന്ന് തോന്നിച്ചെങ്കിലും കാസർകോട് ഉണർന്നു. മലപ്പുറം മുന്നേറ്റംപിന്നെ കാര്യമായി അധ്വാനിച്ചതുമില്ല. ഇതോടെ കളി 3-0ത്തിൽ അവസാനിച്ചു. വയനാടിനെ തോല്‍പ്പിച്ച് കൊല്ലം മൂന്നാം സ്ഥാനം നേടി. മലപ്പുറം അത്താണിക്കല്‍ എം.ഐ.സി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ താരം കെ.പി. ആകാശാണ്മികച്ച താരം. മുൻ ഇന്ത്യൻ താരം എൻ.പി പ്രദീപ് സമ്മാനദാനം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.