ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഗുകേഷിന് തോൽവിയോടെ തുടക്കം
text_fieldsസിംഗപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൗമാരക്കാരൻ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷിന് തോൽവിയോടെ തുടക്കം. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെൻ 42 നീക്കങ്ങൾക്കൊടുവിലാണ് ചെന്നൈ സ്വദേശിയെ മുട്ടുകുത്തിച്ചത്.
വെള്ളക്കരുക്കളുമായി തുടങ്ങിയ ഗുകേഷിന് പക്ഷേ, ലിറെന്റെ അനുഭവസമ്പത്തിനും മുന്നിൽ പിടിച്ചുനിൽക്കാനായില്ല. രണ്ടാം റൗണ്ട് മത്സരം ചൊവ്വാഴ്ച നടക്കും. കറുത്ത കരുക്കളുമായായിരിക്കും ഗുകേഷ് ഇറങ്ങുക. ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗുകേഷ്.
കിങ് പോണ് ഫോര്‍വേഡ് ഗെയിമിലൂടെയാണ് കരുനീക്കം ആരംഭിച്ചത്. ഇതിന് ഫ്രഞ്ച് ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. 42 നീക്കങ്ങൾക്കൊടുവിൽ ഗുകേഷ് പരാജയം സമ്മതിക്കുകയായിരുന്നു.
സമ്മർദം ഗുകേഷിൽ -കെ. രത്നാകരൻ (ഇന്റർ നാഷനൽ മാസ്റ്റർ)
ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആദ്യ ഗെയിമിൽ വെള്ളക്കരുക്കൾ എടുത്തു കിങ് പോൺ ഓപണിങ്ങിൽ തുടങ്ങിയ ഡി. ഗുകേഷിന് എതിരെ ഫ്രഞ്ച് പ്രതിരോധം ആണ് ഡിങ് ലിറെൻ പുറത്തെടുത്തത്. ഫ്രഞ്ച് ഓപണിങ്ങിൽ സ്റ്റെയ്ൻസ് വേരിയേഷൻ എന്നറിയപ്പെടുന്ന ആക്രമണ രീതി ഡിങ്ങിനെ നേരിടാൻ ഗുകേഷും ഉപയോഗിച്ചു. കറുത്ത കരുക്കൾ വെച്ച് കളിച്ച ഡിങ്ങിന് ആദ്യത്തെ 15 നീക്കങ്ങൾക്കുള്ളിൽതന്നെ അനായാസമായി ഈക്വലൈസ് ചെയ്യാൻ സാധിച്ചു. ഫ്രഞ്ച് ഡിഫൻസ് കളിക്കുന്ന കളിക്കാരന് ലഭിക്കാവുന്ന ഡ്രീം പൊസിഷൻതന്നെ ഡിങ്ങിന് ലഭിച്ചെന്നു പറയാം.
ക്വീൻ സൈഡിൽ ഓരോകരുക്കളെയും ഉപയോഗിച്ച് ആക്രമണം ഡിങ് നടത്തുന്നതാണ് കാണാൻ സാധിച്ചത്. ഡിങ്ങിന്റെ സെന്ററിൽനിന്നിരുന്ന രാജാവിനെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഗുകേഷിന്റെ പോൺ ബ്രേക്ക് ഫലം കാണാതെ പോയി. 22ാമത്തെ നീക്കത്തിൽ ക്വീനിനെ പിറകോട്ടുനീക്കാൻ ഉള്ള തീരുമാനം ഗുകേഷിന് പിഴച്ചു.
ഡിങ്ങിന്റെ എല്ലാ കരുക്കളും ബോർഡിൽ നിറഞ്ഞാടുമ്പോൾ ഗുകേഷിന്റെ കരുക്കൾ തീർത്തും പ്രതിരോധത്തിലേക്കു മാറിയിരുന്നു. 25ാം നീക്കത്തിൽ ഗുകേഷിന് ഒരു കാലാളിനെ നഷ്ടപ്പെട്ടു. ഡിങ്ങിന്റെ മികച്ച ടെക്നിക് ആണ് കളിയിലുടനീളം കണ്ടത്. ഗുകേഷിന് പ്രതീക്ഷിച്ച നിലവാരത്തിലേക്കു ഉയരാൻ സാധിച്ചില്ല എന്നു വേണം കരുതാൻ. ഈ പരാജയത്തെ ഗുകേഷ് എങ്ങനെ മറികടക്കുന്നു എന്ന് കാത്തിരുന്നു കാണാം. രണ്ടാം ഗെയിമിൽ കറുത്തകരുക്കളുമായി കളിക്കുന്ന ഗുകേഷ് കടുത്ത സമ്മർദത്തിൽ ആയിരിക്കാൻ സാധ്യത ഏറെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.