ജില്ല സ്കൂൾ കായിക മേള; ഉപജില്ല തലത്തിൽ മാനന്തവാടി മുന്നിൽ
text_fieldsകൽപറ്റ: കൗമാര കായിക മാമാങ്കത്തിന് തിരശ്ശീല വീഴാൻ ഒരു ദിവസം മാത്രം ശേഷിക്കെ 64 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ സ്കൂൾ തലത്തിൽ 102 പോയിന്റുമായി കാട്ടിക്കുളം ജി.എച്ച്.എസ്.എസ് ബഹുദൂരം മുന്നിൽ. 34 പോയിന്റുമായി കൽപറ്റ ജി.എം.ആർ.എസ് ആണ് രണ്ടാം സ്ഥാനത്ത്. 24 പോയിന്റുമായി ആനപ്പാറ ജി.എച്ച്.എസ്.എസ് ആണ് തൊട്ടടുത്ത്. ഉപജില്ല തലത്തിൽ മാനന്തവാടി തന്നെയാണ് മുന്നിൽ.
270 പോയന്റ് നേടിയ മാനന്താവടി മുന്നേറുമ്പോൾ 189 പോയിന്റുമായി സുൽത്താൻ ബത്തേരി രണ്ടാം സ്ഥാനത്തുണ്ട്. 150 പോയന്റാണ് വൈത്തിരിക്കുള്ളത്. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 98 ഇനങ്ങളിൽ 30 സ്കൂളുകളിൽ നിന്നായി 750 വിദ്യാർഥികളാണ് കൽപറ്റ മരവയൽ എം.കെ ജിനചന്ദ്ര മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ല സ്കൂൾ കായിക മേളയിൽ മാറ്റുരക്കുന്നത്.
കായിക മേളക്കിടെ ക്ലസ്റ്ററും; വെട്ടിലായി അധ്യാപകരും വിദ്യാർഥികളും
കൽപ്പറ്റ: ജില്ല കായിക മേളക്കിടെ ക്ലസ്റ്റർ പരിശീലനം അധ്യാപകരെയും വിദ്യാർഥികളെയും ഒരുപോലെ കുഴപ്പത്തിലാക്കി. എൽ.പി,യു.പി, ഹൈസ്കൂൾ അധ്യാപകർക്കാണ് ശനിയാഴ്ച ക്ലസ്റ്റർ യോഗങ്ങൾ ഉപജില്ല തലത്തിൽ നടത്തുന്നത്. മേള നടക്കുന്ന വിവരം അധ്യാപകർ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും കായിക മേള ഡ്യൂട്ടി എടുക്കേെണ്ടന്നും ക്ലസ്റ്ററിന് ലീവ് അനുവദിക്കാൻ കഴിയില്ലെന്നുമാണ് അറിയിച്ചത്.
ഫിസിക്കൽ എജുക്കേഷൻ വിഭാഗം ഉൾൈപ്പടെ നിരവധി അധ്യാപകരാണ് കായിക മേളയുടെ ഡ്യൂട്ടിയിൽ ഉള്ളത്. ഇവരെല്ലാം ക്ലസ്റ്ററിന് പോകുന്നതോടെ ഹയർ സെക്കൻഡറി അധ്യാപകർ മാത്രമാകും കായിക മേള നിയന്ത്രിക്കാനും മറ്റും ഉണ്ടാകുക. ഫലത്തൽ മത്സരം നടക്കുന്ന സ്ഥലത്ത് ചില സ്കൂളുകളെ പ്രതിനിധീകരിച്ച ഒരു അധ്യാപകൻ പോലും ഇല്ലാത്ത സാഹചര്യമുണ്ടാവുമെന്നാണ് അധ്യാപകർ പറയുന്നത്.
ജില്ല കായിക മേള നടക്കുമ്പോൾ തന്നെ അതിന്റെ നടത്തിപ്പ് ചുമതലയുള്ള അധ്യാപകർ ഉൾെപ്പടെയുള്ളവർക്ക് വേണ്ടി ജില്ല തലത്തിൽ രാവിലെ മുതൽ വൈകുന്നേരം വരൈയുള്ള പരിശീലനം സംഘടിപ്പിച്ചത് അധ്യാപകർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കോവിഡ് അകറ്റിയ വിജയം തിരിച്ചുപിടിച്ച് അഭിയ ജോർജ്
കൽപ്പറ്റ: കോവിഡ് അകറ്റിയ വിജയം തിരിച്ചു പിടിച്ച് വാളേരി ജി.എച്ച്.എസിലെ അഭിയ ജോർജ്. സീനിയർ ഗേൾസ് ലോങ് ജംപിലും 100 മീറ്റർ ഓട്ടത്തിലുമാണ് അഭിയാ ജോർജിന്റെ തിരിച്ചുവരവ്. കോവിഡിന് മുമ്പ് വിദ്യാലയത്തിലെ മികച്ച കായിക വിദ്യാർഥിയായിരുന്ന അഭിയ കോവിഡ് ബാധിച്ചതിനെ തുടർന്നുണ്ടായ തളർച്ചയിൽ ഇടക്കാലത്ത് മത്സരത്തിൽ പങ്കെടുക്കാൻ പോലും സാധിക്കാതെ മാറിനിൽക്കുകയായിരുന്നു.
എന്നാൽ, ഇത്തവണ എല്ലാ പരാജയങ്ങൾക്കും അവധി നൽകി മത്സരിച്ച് രണ്ട് വിഭാഗത്തിലും വിജയം കരസ്ഥമാക്കുകയായിരുന്നു. എസ്.എസ്.കെയിലെ താൽകാലിക അധ്യാപകൻ കെ.വി. സജിയാണ് പരിശീലകൻ. മാനന്തവാടി സബ് ജില്ലയിൽ മത്സരിച്ച മൂന്ന് ഇനങ്ങൾക്കും ഒന്നാം സ്ഥാനം നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. ജോർജിന്റെയും റാണിയുടെയും മകളാണ്.
ഇരട്ട വിജയം ഉറപ്പിച്ച് വിമൽ
കൽപ്പറ്റ: സീനിയർ ബോയ്സ് ഹർഡിൽസിലും ലോങ് ജംപിലും വിമലിന് മിന്നുന്ന വിജയം. കാട്ടിക്കുളം ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയായ വിമൽ, ബാലൻ-ഷീബ ദമ്പതികളുടെ മകനാണ്. ഗിരീഷ് മാഷാണ് പരിശീലകൻ. കഴിഞ്ഞ വർഷം സംസ്ഥാന തലത്തിൽ ജാവലിൻ ത്രോക്ക് വെള്ളി മെഡൽ ലഭിച്ചിരുന്നു. ഇത്തവണ ജാവലിൻ ഉപേക്ഷിച്ച് ലോങ് ജംപിൽ പരീക്ഷണവുമായി എത്തുകയായിരുന്നു.
ആവേശകരമായ മത്സരത്തിൽ ചാടിക്കയറി ആദർശ്
കൽപ്പറ്റ: ആവേശം നിറഞ്ഞ സീനിയർ വിഭാഗം ആൺകുട്ടികളുടെ ഹൈജംപ് മത്സരത്തിൽ ഉജ്ജ്വല വിജയം കരസ്ഥമാക്കി ദ്വാരക സേക്രഡ് ഹാർട്ട് എച്ച്.എസ്.എസിലെ ആദർശ് വിജയൻ. 1.66 മീറ്റർ ഉയരം ചാടിയാണ് ആദർശ് ഒന്നാമതെത്തിയത്. തുടങ്ങിയതു മുതൽ കാണികൾക്ക് ആവേശം ഉയർത്തിയാണ് മത്സരം നടന്നത്. സുജിത്ത് മാഷ് ആണ് പരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.