'ആദ്യമായാണ് അടുത്ത് കാണുന്നത്, ഇപ്പോൾ തൊടുന്നില്ല, സമാപന ചടങ്ങിൽ ഉയർത്താമല്ലോ'; ചിരിപടർത്തി ഗുകേഷിന്റെ വാക്കുകൾ -വിഡിയോ
text_fieldsസിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം കൈപിടിയിലൊതുക്കിയ ശേഷം ഇന്ത്യയുടെ ഡി ഗുകേഷ് ആദ്യമായി പുഞ്ചിരിക്കുന്നത് കണ്ടത് ഇന്നായിരുന്നു.
നിലവിലെ ചാമ്പ്യൻ ഡിങ് ലിറനെ 14ാം റൗണ്ടിൽ മലർത്തിയടിച്ചാണ് 18 കാരനായ ചെന്നൈ സ്വദേശി ഗുകേഷ് രാജ്യത്തിന്റെ അഭിമാനമായി മാറിയത്.
സമാപന ചടങ്ങിന് മുൻപേ, താൻ സ്വപ്നം പോലെ കൊണ്ടു നടന്ന വിശ്വകിരീടത്തിനരികെ ഗുകേഷ് ഇരിക്കുന്ന ദൃശ്യങ്ങൾ ഇൻറർനാഷണൽ ചെസ് ഫെഡറേഷൻ എക്സിലൂടെ പുറത്തുവിട്ടിരുന്നു.
'ആദ്യമായാണ് അടുത്ത് കാണുന്നത്' ട്രോഫി എടുത്തുനോക്കുന്നോ എന്ന ചുറ്റുമുണ്ടായിരുന്നവരുടെ ചോദ്യത്തിന് 'ഇല്ല തൊടുന്നില്ല, സമാപന ചടങ്ങിൽ പൊക്കാമല്ലോ' എന്ന ഗുകേഷിന്റെ കമന്റ് ചിരിപടർത്തി.
22-ാം വയസ്സിൽ വിശ്വചാമ്പ്യൻ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷിനെ തേടിയെത്തുന്നത്.
2006 മെയ് 29 ന് തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് രജനികാന്ത് ഡോക്ടറും അമ്മ പത്മ ഒരു മൈക്രോബയോളജിസ്റ്റുമാണ്. ഏഴാം വയസ്സിൽ ചെസ് പഠിച്ച ഗുകേഷ് പിന്നീട് പടിപടിയായി മത്സരങ്ങളിൽ പങ്കെടുക്കുകയും മികവു കാട്ടുകയും ചെയ്തതോടെ ഭാവിതാരമെന്ന വിശേഷണം വൈകാതെ സ്വന്തമാക്കി.
2015 ലെ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഒൻപതുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും 2018 ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും പന്ത്രണ്ടുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും ഗുകേഷ് ജേതാവായി. 2018-ലെ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 ടീം റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റുകൾ എന്നിവയിലും അദ്ദേഹം അഞ്ച് സ്വർണ്ണ മെഡലുകൾ നേടി. 2018 മാർച്ചിലെ 34-ാമത് കാപ്പെല്ലെ-ലാ-ഗ്രാൻഡെ ഓപ്പണിൽ അദ്ദേഹം ഇന്റർനാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കി.
2022 ജൂലൈ 16-ന് ബിയൽ ചെസ് ഫെസ്റ്റിവൽ ഗ്രാൻഡ്മാസ്റ്റേഴ്സ് ട്രയാത്‌ലോണിന്റെ മൂന്നാം റൗണ്ടിൽ ക്വാങ് ലീമിനെ തോൽപ്പിച്ച് റേറ്റിങ്ങിൽ 2700 പോയിന്റ് മറികടക്കുന്ന താരമായി ഗുകേഷ് മാറി. 2023 സെപ്തംബറിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ റാങ്കിങ്ങിൽ ഗുകേഷ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ആനന്ദ് അഞ്ചു തവണയാണ് ലോക ചാമ്പ്യൻ പട്ടത്തിലേറിയത്. ഇതിൽ 2013ലായിരുന്നു അവസാന നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.