ദുബൈ സ്കൂൾ ഗെയിംസിന് തുടക്കം; മാറ്റുരക്കുന്നത് 8,500 അത്ലറ്റുകൾ
text_fieldsദുബൈ: വ്യാഴാഴ്ച ആരംഭിച്ച ദുബൈ സ്കൂൾസ് ഗെയിംസിന്റെ നാലാം എഡിഷനിൽ മത്സരിക്കുന്നത് 8,500 അത്ലറ്റുകൾ. ദുബൈ സ്പോർട്സ് കൗൺസിൽ സംരംഭമായ സ്കൂൾസ് ഗെയിംസിന്റെ സംഘാടകർ ഇ.എസ്.എം ആണ്. അടുത്ത വർഷം ജൂൺ 26 വരെ നീണ്ടു നിൽക്കുന്ന ഗെയിംസിൽ യു.എ.ഇയിലെ 200 സ്കൂളുകളാണ് പങ്കെടുക്കുന്നത്.
നെറ്റ്ബോൾ, ക്രിക്കറ്റ് തുടങ്ങിയ ടീം സ്പോർട്സ് മുതൽ ബദൽ കായിക ഇനങ്ങളായ അമ്പെയ്ത്ത്, ജിംനാസ്റ്റിക്സ്, ഗോൾഫ് എന്നിവ വരെ എല്ലാ കുട്ടികൾക്കുമായി മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 25 വേദികളിലായി 20 സ്പോർട്സ് ഇനങ്ങളിലാണ് മത്സരങ്ങൾ അരങ്ങേറുക.
തലബാത്ത് ആണ് ഗെയിംസിന്റെ മുഖ്യ സ്പോൺസർമാരെന്ന് ദുബൈ സ്പോർട്സ് കൗൺസിലിന്റെ സ്പോർട്സ് ഡവലപ്മെന്റ് ഡിപാർട്ട്മെന്റ് ഡയറക്ടർ അഹമ്മദ് സലിം അൽ മെഹരി പറഞ്ഞു. ഹംദാൻ സ്പോർട്സ് കോംപ്ലകിസിലാണ് നീന്തൽ മത്സരങ്ങൾ. ബാസ്കറ്റ് ബോൾ, ബാഡ്മിന്റൺ മത്സരങ്ങൾ ദുബൈ സ്പോർട്സ് വേൾഡിലാണ്. ടെന്നിസ് മത്സരങ്ങൾ ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് സ്റ്റേഡിയത്തിലും ഫുട്ബോൾ മത്സരങ്ങൾ അൽ നസർ സ്പോർട്സ് ഹബിലും ദുബൈ എക്സ്പോ സിറ്റിയിൽ സൈക്കിളിങ് മത്സരങ്ങളും അരങ്ങേറും.
താരങ്ങളെ ആദരിക്കുന്ന പ്രത്യേക അവാർഡ് ദാന ചടങ്ങുകളും ഇത്തവണത്തെ സ്കൂൾ ഗെയിംസിന്റെ പ്രത്യേകതയാണ്. പ്രൈമറി, സെക്കൻഡറി എന്ന രണ്ട് പുരസ്കാരങ്ങളായിരിക്കും സമ്മാനിക്കുക. യു.എ.ഇയിൽ യുവ തലമുറയുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം രാജ്യാന്തര തലത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി ഒരുക്കുകയെന്നതു കൂടിയാണ് സ്കൂൾ ഗെയിംസിലൂടെ ദുബൈ സ്പോർട്സ് കൗൺസിൽ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.