ഒറ്റ സെന്റിമീറ്ററിൽ പിറന്ന ഡുപ്ലാന്റിസ് വീരചരിതം
text_fieldsലണ്ടൻ: ഡയമണ്ട് ലീഗിലെ ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ മെഡലുകൾ സമ്മാനിക്കാറില്ല. എന്നാൽ, ആഗസ്റ്റിൽ സിലേസിയയിൽ മത്സരം ആരംഭിക്കുന്നതിന് ഒരു നാൾ മുമ്പ് സംഘാടകർ ഏറ്റവും മികച്ച അത്ലറ്റിന് മാത്രം അങ്ങനെയൊരു മെഡൽ നൽകുമെന്ന പ്രഖ്യാപനം നടത്തി. 10,000 ഡോളർ (8.40 ലക്ഷം രൂപ) വിലയുള്ള സ്വർണ-രത്ന മിശ്രിതമായ 14 കാരറ്റ് ‘ചാമ്പ്യൻ മോതിര’വും അത്രതന്നെ തുകയുടെ ചെക്കുമായിരുന്നു സമ്മാനം.
പിറ്റേന്ന് മത്സരങ്ങൾക്ക് വേദിയുണർന്നപ്പോൾ ഈ മെഡലിന് അർഹൻ ആരെന്ന ആകാംക്ഷകൾക്കിടെ ഒന്നാം സാധ്യതയായി വന്നത് 3000 മീറ്ററിൽ ഏറെയായുള്ള ലോക റെക്കോഡ് തിരുത്തിയ നോർവീജിയൻ താരം ജേക്കബ് ഇൻഗെബ്രൈറ്റ്സൺ. കെനിയയുടെ ഡാനിയൽ കോമെൻ 1996ൽ കുറിച്ച 7:20.67 റെക്കോഡാണ് 7:17.55 എന്ന വലിയ വ്യത്യാസത്തിൽ ജേക്കബ് തന്റെ പേരിലാക്കിയത്. എന്നാൽ, അർമൻഡ് ഡുപ്ലാന്റിസ് എന്ന സ്വീഡിഷ് പോൾവാൾട്ട് ഇതിഹാസം ഡയമണ്ട് ലീഗിൽ മത്സരിച്ചുതുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ.
ഇൻഗെബ്രൈറ്റ്സൺ ഓടുമ്പോൾ പോൾവാൾട്ടിലും ചാട്ടം തുടങ്ങിയിരുന്നു. മൂന്നാം വട്ടം ചാടി ആറ് മീറ്റർ പിന്നിട്ട ഡുപ്ലാന്റിസിനൊപ്പം മറ്റു രണ്ടുപേർകൂടി അത്രയും ദൂരം പിന്നിട്ട് കൂടെ നിന്നു. സാം കെൻഡ്രിക്സ്, ഇമ്മാനോയിൽ കരാളിസ് എന്നിവരായിരുന്നു അവർ. ഇരുവരും പിന്നീട് അതേ ദൂരത്തിൽനിന്നപ്പോൾ ഡുപ്ലാന്റിസ് ശരിക്കും തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. ദൂരങ്ങളേറെ കടന്നതിനൊടുവിൽ ഒരു മാസം മുമ്പ് പാരിസിൽ തീർത്ത റെക്കോഡിനും ഒരു സെന്റിമീറ്റർ ഉയരത്തിൽ 6.26 മീറ്ററിൽ ബാർ സെറ്റ് ചെയ്ത് ഡുപ്ലാന്റിസ് യഥാർഥ ചാട്ടത്തിനൊരുങ്ങി.
40,000ത്തോളം വരുന്ന കാണികളുടെ നിറകൈയടികളെയും ആരവങ്ങളെയും സാക്ഷിനിർത്തി താരം സ്വപ്നത്തിലെന്നപോലെ ഉയർന്നുചാടി ആ ദൂരവും തന്റെതാക്കി. അത്യസാധാരണമായ വേഗം സൂക്ഷിച്ച് ഓടിയെത്തി, തലക്ക് മുകളിൽ പോൾ ഉയർത്തിപ്പിടിച്ച് പരമാവധി ഊർജം സംഭരിച്ചുള്ള ആ ചാട്ടംതന്നെ കാണാൻ ചേലാണ്. കുത്തനെ മുകളിലെത്തിയ ശേഷം ശരീരം പതിയെ വളച്ച് താൻ എത്തിപ്പിടിച്ച ഉയരം ശരീരചലനത്തിലെ പാളിച്ചമൂലം നഷ്ടമാകുന്നില്ലെന്ന് ഉറപ്പുവരുത്തിയാണ് എല്ലാം പൂർത്തിയാക്കുന്നത്. റെക്കോഡുകൾക്കായി പിറന്ന ഈ മനുഷ്യന് ആഘോഷങ്ങളിലുമുണ്ടാകും വേറിട്ട ചില മാതൃകകൾ. നാലു വർഷത്തിനിടെ ഡുപ്ലാന്റിസ് റെക്കോഡ് ഭേദിച്ചത് 10 തവണ. ട്രാക്ക് ആൻഡ് ഫീൽഡിൽ അത്ലറ്റുകൾ റെക്കോഡ് ഭേദിക്കുമ്പോൾ അധിക ബോണസ് തുക ലഭിക്കും. ഓരോ മീറ്റിലും ഒരു സെന്റിമീറ്ററേ താരം റെക്കോഡ് ഭേദിക്കാനായി ഉയർത്താറുള്ളൂ. അങ്ങനെ ഓരോ മീറ്റിലും ഓരോ ബോണസ് സ്വന്തമാക്കും. പോൾവാൾട്ടിൽ മഹാനായ ഇതിഹാസതാരം സെർജി ബുബ്ക 35 തവണ റെക്കോഡ് ഭേദിച്ചിരുന്നു. പക്ഷേ, പരമാവധി താരം ചാടിയത് 6.13 മീറ്റർ. 6.02 മീറ്ററിൽ കൂടുതൽ ലോകത്തെ 101 മികച്ച ചാട്ടങ്ങളെടുത്താൽ അതിൽ 44ഉം ഡുപ്ലാന്റിസിന്റെ പേരിലാണ്. മറ്റുള്ളവരെല്ലാം ചേർന്ന് 57ഉം. ഡുപ്ലാന്റിസിനു പിറകിലെ ഏറ്റവും മികച്ച റെക്കോഡുള്ള പോൾവാൾട്ട് താരം റെനോഡ് ലാവിലെനീയാണ്. 2014ൽ താരം പിന്നിട്ടത് 6.16 മീറ്റർ ദൂരം. പിന്നീടെല്ലാം ഈ സ്വീഡിഷ് താരത്തിന് സ്വന്തം.
പലപ്പോഴും പോൾവാൾട്ടിൽ താരങ്ങൾ റെക്കോഡ് ഭേദിക്കാറ് കരിയറിലെ അവസാന കാലത്താണെങ്കിൽ ഡുപ്ലാന്റിസിന് ഇപ്പോഴും പ്രായം 24 ആണ്. ഗ്രെഗ് ഡുപ്ലാന്റിസ് എന്ന മുൻ ചാട്ടക്കാരന്റെ മകന് ഇനിയേറെ ദൂരങ്ങൾ പിന്നിടാൻ ബാക്കിയാണെന്നർഥം. ചാടുംമുമ്പേ ഡുപ്ലാന്റിസിന്റെ ഒരുക്കവും ഓട്ടവുമാണ് ഏറ്റവും വലിയ ആനുകൂല്യമെന്ന് സഹതാരം സാം കെൻഡ്രിക്സ് സാക്ഷ്യപ്പെടുത്തുന്നു. സ്കൂൾ കാലത്ത് 100 മീറ്റർ ദൂരം 10.54 സെക്കൻഡിൽ പിന്നിട്ട താരമാണ് ഡുപ്ലാന്റിസ്. പാരിസ് ഒളിമ്പിക്സിൽ തുടങ്ങി ഒരു മാസത്തിനിടെ രണ്ടുതവണ റെക്കോഡ് മാറ്റിയെഴുതിയ താരത്തിന് ഇനിയേറെ ചരിത്രങ്ങൾ കുറിക്കാൻ ബാക്കിയെന്നു സാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.