കളിപ്രേമികൾക്ക് ആവേശാനുഭവമായി മാറിയ എൽക്ലാസിക്കോ വോളിബാൾ ടൂർണമെന്റിന് ഇന്ന് സമാപനം
text_fieldsജിദ്ദ: ജിദ്ദയിലെ വോളിബാൾ പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ട് സൗദി മിനിസ്ട്രി ഓഫ് സ്പോർട്സിന്റെ കീഴിൽ എൽക്ലാസിക്കോ സ്പോർട്സ് ഇവൻറ് സംഘടിപ്പിച്ച 'എൽക്ലാസിക്കോ സൂപ്പർ കപ്പ് 2023' വോളിബാൾ ടൂർണമെന്റിന് ഇന്ന് വർണാഭമായ പരിസമാപ്തി.
ജിദ്ദ അമീർ അബ്ദുള്ള ഫൈസൽ (ഗ്രീൻ ഫീൽഡ് ഇൻഡോർ) സ്റ്റേഡിയത്തിൽ നടന്നുവരുന്ന ടൂർണമെന്റിൽ സൗദിയിലെ പ്രമുഖ ക്ലബുകളായ അൽ അഹ്‍ലി, ഇത്തിഹാദ് എന്നിവയോടൊപ്പം ട്രെയിനിങ് മാറ്റ്, അൽ നോർസ്, ടൈഗർ ക്ലബ്, അറബ്‌കോ എന്നീ ആറ് പ്രഗത്ഭ ടീമുകളാണ് മാറ്റുരച്ചത്. സൗദിയിലെയും ഇന്ത്യയിലെയും പ്രമുഖ താരങ്ങൾ വിവിധ ടീമുകൾക്ക് വേണ്ടി അണിനിരന്ന വോളിബാൾ മത്സരത്തിന്റെ ആദ്യ റൗണ്ടുകൾ മണിക്കൂറുകളോളം കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോയി.
ഉദ്ഘാടന ദിനമായ വ്യാഴാഴ്ച നടന്ന ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യ മാച്ചിൽ ട്രെയിൻ മേറ്റ്സ് ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് ഇത്തിഹാദ് ടീമിനെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് അൽഅഹ്‌ലി ക്ലബ് അൽ നൗറസിനെ പരാജയപ്പെടുത്തി. വാശിയേറിയ മൂന്നാം മത്സരത്തിൽ മലയാളി താരങ്ങൾ ഉൾപ്പെട്ട അറബ്‌കോ പൊരുതിക്കളിച്ചെങ്കിലും ട്രെയിൻ മേറ്റ്സിനോട് മറുപടിയില്ലാത്ത രണ്ടു സെറ്റുകൾക്ക് അറബ്‌കോ പരാജയം ഏറ്റുവാങ്ങി.
ഇന്നലെ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിലെ ആദ്യ മാച്ചിൽ ടൈഗർ ക്ലബിനെ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് അൽ നോർസ് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ അൽഇത്തിഹാദ് ടീമിനെ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് അറബ്‌കോ ടീമും മൂന്നാം മത്സരത്തിൽ ടൈഗർ ക്ലബ്ബിനെ ഏകപക്ഷീയമായ രണ്ട് സെറ്റുകൾക്ക് അൽ അഹ്‍ലി ടീമും പരാജയപ്പെടുത്തി. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ഒന്നാം സെമി ഫൈനൽ മത്സരത്തിൽ അൽ അഹ്‍ലി ക്ലബും അറബ്‌കോ ടീമും തമ്മിലും ഏഴ് മണിക്കുള്ള രണ്ടാം സെമിയിൽ ട്രെയിനിങ് മാറ്റ് ടീമും അൽ നോർസ് ടീമും തമ്മിലും മാറ്റുരക്കും. രാത്രി ഒമ്പത് മണിക്ക് നടക്കുന്ന ഫൈനൽ മത്സരത്തോടെ ടൂർണമെന്റിന് പരിസമാപ്തിയാകും.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലും കളികൾക്കിടയിലെ ഇടവേളകളിൽ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.
ബസ്സാം, സോഫിയ സുനിൽ, ബംഗ്ളാദേശ് ഗായിക റുവാസ് എന്നിവരുടെ ഗാനങ്ങൾ, ബ്ളാക് ബെൽറ്റ് സെൻസായ് സ്നേഹ ശ്യാമിൻ്റെയും ശിഷ്യരുടെയും കരാട്ടെ പ്രദർശനം, നദീറ ടീച്ചർ ഒരുക്കിയ പിഞ്ചുകുട്ടികളുടെ ഒപ്പനയും ഡാൻസും മറ്റു കലാപരിപാടികളും സ്റ്റേഡിയത്തിലെത്തിയ കുടുംബങ്ങളടക്കമുള്ള കലാ, കായിക പ്രേമികൾക്ക് കണ്കുളിർക്കുന്ന കാഴ്ചകളായി. ഇന്ന് നടക്കുന്ന കളികൾക്കിടയിലും വിവിധ കലാപരിപാടികൾ അരങ്ങേറുമെന്നും പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്നും എല്ലാ കലാ, കായിക പ്രേമികളെയും സ്റ്റേഡിയത്തിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായും എൽക്ലാസിക്കോ ചെയർമാൻ വി.പി ഹിഫ്സുറഹ്മാൻ അറിയിച്ചു.
അമീർ അബ്ദുള്ള ഫൈസൽ സ്റ്റേഡിയം ലൊക്കേഷൻ: Ameer Abdulla Faisal Stadium Jeddah
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.