സംഭവബഹുലം; ഒറ്റലാപ്പ്
text_fieldsകൊച്ചി: റെക്കോഡ് പിറവിക്കൊപ്പം അയോഗ്യതയും...ഒറ്റലാപ്പ് പോരാട്ടം സംഭവബഹുലം. സീനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി.വി.രാജയുടെ മുഹമ്മദ് അഷ്ഫാഖാണ്(47.65) മിന്നുംപ്രകടനത്തിലൂടെ റെക്കോഡ് സ്വർണത്തിലേക്ക് ഓടിക്കയറിയത്. ഒപ്പം അയോഗ്യതക്കും മഹാരാജാസിന്റെ ട്രാക്ക് വേദിയായി. 400 മീറ്റർ സബ് ജൂനിയറിൽ സ്വർണത്തിലേക്ക് ഓടിക്കയറിയ ഉത്തർപ്രദേശ് സ്വദേശികളുടെ ‘മലയാളി’ പുത്രൻ രാജനാണ് സ്വർണം നഷ്ടമായത്. മലപ്പുറം ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ വിദ്യാർഥിയായ രാജൻ ട്രാക്ക് മാറി ഓടിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ചാം ട്രാക്കിലായിരുന്ന രാജൻ, മത്സരത്തിനിടെ ആറിലേക്ക് കയറുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. രണ്ടാമതെത്തിയ തിരുവന്തപുരം ജി.വി. രാജ സ്കൂളിലെ പി. സായൂജിനെ (55.91) വിജയിയായി പ്രഖ്യാപിച്ചു.
ഈ വിഭാഗം പെൺകുട്ടികളിൽ കോഴിക്കോട് കളത്തുവയൽ സെന്റ് ജോർജിലെ ആൽക്ക ഷിനോജ് (1.05) സ്വർണമണിഞ്ഞു. അൽക്കയുടെ പിതാവ് സി.ആർ.പി.എഫ് ഉദ്യോഗസ്ഥനായ സി.പി. ഷിനോജും നേരത്തെ ട്രാക്കിൽ സജീവമായിരുന്നു. ചാലക്കുടി മീറ്റിൽ മാത്തൂർ സ്കൂളിന്റെ അഭിരാം കുറിച്ച നേട്ടമാണ്(48.06 സെക്കൻഡ്) മുഹമ്മദ് അഷ്ഫാഖ് സ്വന്തം പേരിനൊപ്പം ചേർത്തുനിർത്തിയത്. ജി.വി. രാജയിലെ കോച്ച് ക്യാപ്റ്റൻ അജിമോൻ മൂന്നുവർഷംമുമ്പ് തൃശൂരിലെ സെലക്ഷൻ ക്യാമ്പിൽനിന്ന് കണ്ടെടുത്ത ഈ തൃശൂർ പെരിഞ്ഞനം സ്വദേശി ഇനി 400 മീ.ഹർഡിൽസിലും മത്സരിക്കും. കഴിഞ്ഞ സ്കൂൾ മീറ്റിൽ ജൂനിയർ വിഭാഗം 400 മീ.ഹർഡിൽസിൽ സ്വർണവും 400 മീറ്ററിൽ വെള്ളിയും നേടിയിരുന്നു ഈ തൃശൂർ പെരുങ്ങനം സ്വദേശി.
കഴിഞ്ഞ മീറ്റിലെ വ്യക്തിഗത ജേതാവായ പറളി എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിനി എം. ജ്യോതികക്കാണ്(56.81)സീനിയർ വിഭാഗം പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം. കഴിഞ്ഞ സംസ്ഥാന ജൂനിയർ മീറ്റിനിടെ കാലിനോറ്റ പരിക്കിനോട് മത്സരിച്ചായിരുന്നു ജൂനിയർ വിഭാഗത്തിൽ എം. അമൃത് സ്വർണം(49.99) സ്വന്തമാക്കിയത്. രണ്ടുമാത്തോളം നീണ്ട ചികിത്സക്കശേഷമായിരുന്നു മഹാരാജാസ് ട്രാക്കിലെ മിന്നുംപ്രകടനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.