വേഗപ്പോരിടം
text_fieldsമണിക്കൂറിൽ 340 കിലോമീറ്റർ എന്ന വേഗതയിൽ ചീറിപ്പായുന്ന റേസിങ് കാറുകളുടെ ഇരമ്പലിൽ ലുസൈൽ സർക്യൂട്ട് പുളകംകൊള്ളും. ഖത്തറിന്റെ ഈ വാരം ഫോർമുല വൺ ചാമ്പ്യൻഷിപ്പിനായി ലോകത്തെ ഏറ്റവും വേഗക്കരായ ഡ്രൈവർമാർ പറന്നിറങ്ങുന്ന ദിനങ്ങളാണ്. അണിഞ്ഞൊരുങ്ങി തയാറെടുത്ത ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലെ ടാർ ചെയ്ത റോഡുകളിൽ തീപ്പൊരി ചിതറിച്ച്, റേസിങ് കാറുകൾ ചീറിപ്പായുന്ന വാരാന്ത്യമാണ് കാത്തിരിക്കുന്നത്. ഒക്ടോബർ ആറ് മുതൽ എട്ടുവരെയുള്ള ആവേശ അങ്കത്തിന് കാത്തിരിക്കുകയാണ് ആരാധകർ.
അതേ ദിനങ്ങളിൽ തന്നെ ദോഹ എക്സിബിഷൻ സെന്റർ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലായി വാഹന പ്രദർശനമായ ജനീവ ഇന്റർനാഷനൽ മോട്ടോർഷോ ഖത്തർ പതിപ്പിനും തുടക്കമാവുന്നുണ്ട്. ഒക്ടോബർ ആറ് മുതൽ 14 വരെയാണ് വാഹന പ്രേമികൾക്കും കാറോട്ട പ്രിയർക്കും ഇഷ്ടമുള്ള ഇടമായ ഖത്തർ മാറുന്നത്.
ലുസൈലിൽ കാറോട്ടപ്പോര്
ലയണൽ മെസ്സിയും കൂട്ടുകാരും ലോകകപ്പ് ഫുട്ബാൾ കിരീടമുയർത്തിയ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും വിളിപ്പാടകലെയാണ് അടുത്ത വാരാന്ത്യത്തിൽ വേഗപ്പോരാട്ടം നടക്കുന്നത്. ലൂയിസ് ഹാമിൽട്ടനും മാക്സ് വെർസ്റ്റപ്പനും ഫെർണാണ്ടോ അലോൻസോയും വാൾട്ടേരി ബൊട്ടാസും ഉൾപ്പെടെ അതിവേഗ കാറോട്ടട്രാക്കിലെ ഇതിഹാസങ്ങൾ സംഗമിക്കുന്ന ഫോർമുല വൺ ഖത്തർ ഗ്രാൻറ്പ്രീക്ക് അരങ്ങുണരുന്നത് ഒക്ടോബർ ആറ് മുതലാണ്. മൂന്നു ദിനങ്ങളിലായി ഫോർമുല വൺ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്ന 22 ഡ്രൈവർമാർ ചീറിപ്പായും. നിലവിലെ ഫോർമുല വൺ സീസണിലെ 17ാം ഗ്രാൻറ്പ്രീ പോരാട്ടത്തിനാണ് ഖത്തർ വേദിയാകുന്നത്. കിരീട പോരാട്ടത്തിൽ വെല്ലുവിളിയില്ലാതെ കുതിക്കുന്ന റെഡ്ബുളിന്റെ മാക്സ് വെർസ്റ്റപ്പനാണ് ദോഹയിലും ഫേവറിറ്റ്.
സീസണിൽ 13 ഗ്രാൻറ്പ്രീകളിലും ഒന്നാമതായി ഓടിയെത്തിയ വെർസ്റ്റപ്പന് 400 പോയന്റാണുള്ളത്. ഏഴു തവണ ഫോർമുല വൺ കിരീടമണിഞ്ഞ ലൂയിസ് ഹാമിൽട്ടൻ 2020ലാണ് അവസാനമായി കിരീടമണിഞ്ഞത്. തുടർന്നുള്ള രണ്ട് സീസണുകളിലും ഡച്ച് ഡ്രൈവറായ വെർസ്റ്റപ്പൻ തന്നെയാണ് ഫോർമുല വൺ വിന്നിങ് സീറ്റിലുള്ളത്. ഖത്തറിൽ ഫലമെന്തായാലും കിരീട ഫേവറിറ്റിൽ മാറ്റമില്ലെന്നുറപ്പ്. രണ്ടാം സ്ഥാനത്തുള്ള സെർജിയോ പെരസും വെർസ്റ്റപ്പനും തമ്മിലെ പോയന്റ് വ്യത്യാസം 177 ആണെന്നത് ഇത് അടിവരയിടുന്നു.
ഫോർമുല വൺ കാർ റേസിങ്ങിൽ ആദ്യമായി 2021ൽ കടന്നു വന്ന ഖത്തറിൽ ഒരു വർഷത്തെ ഇടവേളക്കുശേഷമാണ് വീണ്ടും റേസ് എത്തുന്നത്. അടുത്ത പത്തുവർഷത്തേക്ക് എഫ്.വൺ റേസ് വേദിയായി മാറിയ ലുസൈൽ സർക്യൂട്ട് പുതു മോടിയിൽ ലോകോത്തര നിലവാരത്തിലാണ് മത്സരങ്ങൾക്ക് സജ്ജമായി കഴിഞ്ഞത്. 5.38 കിലോമീറ്റർ ദൂരമുള്ള റേസിങ് ട്രാക്ക്. അവയിൽ 16 ടേണുകൾ. സൂപ്പർതാരങ്ങൾ കാറിൽ ചീറിപ്പായുമ്പോൾ ആരവം മുഴക്കാൻ 40,000 കാണികൾക്ക് സൗകര്യം.
ഒരു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിനെ വരവേറ്റ അതേ ആവശേത്തിൽ ഫോർമുല വണ്ണിനുവേണ്ടിയും തയാറെടുക്കുകയാണ് ലുസൈൽ സർക്യൂട്ട്. ലോകോത്തര നിലവാരത്തിലെ റേസ് ട്രാക്ക്, ഗ്രാൻഡ് സ്റ്റാൻഡുകൾ ഉൾപ്പെടുന്ന ഗാലറി, കാണികളുടെ യാത്രക്കായി മികച്ച സംവിധാനങ്ങൾ, സുരക്ഷ സൗകര്യങ്ങൾ, ലാൻഡ്സ്കേപ്പിങ് തുടങ്ങി ഉന്നത നിലവാരം. ഫോർമുല വൺ, മോട്ടോ ജി.പി, ഫിയ വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ് തുടങ്ങിയ വേഗപ്പോരുകളുടെ വേദിയെന്ന നിലയിൽ അന്താരാഷ്ട്ര ഭൂപടത്തിൽ കുതിച്ചുപായാനുള്ള തയാറെടുപ്പിലാണ് ലുസൈൽ. ഒക്ടോബർ ആറ്, ഏഴ്, എട്ട് ദിവസങ്ങളിലായാണ് ഫോർമുല വൺ ഗ്രാൻറ്പ്രീ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.