
മലയാളി താരം എം.പി. ജാബിർ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
-ബിമൽ തമ്പി
ഫെഡറേഷൻ കപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം
text_fieldsതേഞ്ഞിപ്പലം: ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിന് തേഞ്ഞിപ്പലം കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ ശനിയാഴ്ച തുടക്കം. അഞ്ചുദിവസം നീളുന്ന ചാമ്പ്യൻഷിപ് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കായികമന്ത്രി വി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിക്കും.
രാജ്യത്തെ പ്രധാന അത്‍ലറ്റിക് ചാമ്പ്യൻഷിപ്പുകളിലൊന്നായ ഫെഡറേഷൻ കപ്പിന് ആദ്യമായാണ് കേരളം വേദിയാകുന്നത്. 400ഓളം കായികതാരങ്ങളാണ് ട്രാക്കിലും ഫീൽഡിലും ഇറങ്ങുന്നത്. പുരുഷ-വനിത വിഭാഗങ്ങളിലായി 38 ഫൈനലുകൾ അരങ്ങേറും.
ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കങ്ങൾ തേഞ്ഞിപ്പലം സിന്തറ്റിക് ട്രാക്കിൽ പൂർത്തിയായി. രാവിലെയും വൈകീട്ടുമാണ് മത്സരങ്ങൾ നടക്കുക. ഉദ്ഘാടന ദിനത്തിൽ മൂന്ന് ഫൈനലുകൾ അരങ്ങേറും. പുരുഷന്മാരുടെ 10,000 മീറ്റർ ഓട്ടത്തോടെ മത്സരങ്ങൾക്ക് വെടി മുഴങ്ങുന്നതോടെ രാവിലെ ആറുമണിക്ക് മത്സരങ്ങൾക്ക് തുടക്കമാകും. 6.40ന് വനിതകളുടെ 10,000 മീറ്ററും തുടങ്ങും. വൈകീട്ട് മൂന്നിന് വനിതകളുടെ പോൾവാൾട്ട് ഫൈനൽ അരങ്ങേറും. 100, 400 മീറ്റർ ആദ്യ റൗണ്ട് മത്സരങ്ങളടക്കമുള്ളവയും ആദ്യ ദിനമുണ്ടാകും. 100 മീറ്റർ ഫൈനൽ ഞായറാഴ്ച്ചയാണ്.
ദ്യുതി ചന്ദ്, അന്നു റാണി, എം. ശ്രീശങ്കർ, ജിൻസൺ ജോൺസൺ, ആരോക്യ രാജീവ്, തേജീന്ദർ പാൽ സിങ്, കമൽപ്രീത് കൗർ, ഹിമ ദാസ്, പൂവമ്മ രാജു, ആൻസി സോജൻ, പി.ഡി അഞ്ജലി, സാന്ദ്ര ബാബു തുടങ്ങി നിരവധി പ്രമുഖ താരങ്ങൾ തേഞ്ഞിപ്പലത്ത് എത്തിയിട്ടുണ്ട്. നീരജ് ചോപ്ര, മുഹമ്മദ് അനസ് തുടങ്ങിയ താരങ്ങൾ ഈ ചാമ്പ്യൻഷിപ്പിനെത്തുന്നില്ല.
ഏഷ്യൻ ഗെയിംസിനും കോമൺവെൽത്ത് ഗെയിംസിനും ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിനും മുമ്പുള്ള സുപ്രധാന മത്സരം കൂടിയാണിത്. ജുലൈ 15 മുതൽ 24 വരെ അമേരിക്കയിൽ നടക്കുന്ന ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കായി ഇന്ത്യൻ ടീം ഏപ്രിൽ 15 ന് തുർക്കിയിലേക്ക് യാത്രതിരിക്കും. തിരുവനന്തപുരം എൽ.എൻ.സി.പി.ഇയിലുള്ള ഇന്ത്യൻ ക്യാമ്പിലെ 28 അത്‍ലറ്റുകൾ തേഞ്ഞിപ്പലത്തുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഫെഡറേഷൻ കപ്പിനെ കാണുന്നതെന്ന് ഇന്ത്യൻ കോച്ചും റഷ്യക്കാരിയുമായ ഗലീന ബുക്കറീന പറഞ്ഞു.
'കേരളം എത്ര മനോഹരം'
ഹ്രസ്വദൂര ഓട്ടത്തിലെ രാജ്യത്തെ ഏറ്റവും മികച്ച താരമായ ദ്യുതി ചന്ദ് നാലാം തവണയാണ് കേരളത്തിൽ മത്സരത്തിനായെത്തുന്നത്. കഴിഞ്ഞ ഒളിമ്പിക്സ് യോഗ്യത നേരിയ വ്യത്യാസത്തിൽ നഷ്ടമായ ദ്യുതി പുതിയ സീസണിൽ മികവുറ്റ പ്രകടനത്തിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ നാല് മെഡലുകൾ നേടിയ ദ്യുതി ഹൈദരാബാദിൽ ഗോപീചന്ദ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. വി. രമേഷാണ് പരിശീലകൻ. അടുത്ത ഒളിമ്പിക്സിൽ മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ദ്യുതി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.