ഫെഡറേഷൻ കപ്പ് അത്ലറ്റിക് മീറ്റ്: ജിൻസന് സ്വർണം; അജ്മലിനും അനീസിനും വെള്ളി
text_fieldsറാഞ്ചി: 26ാമത് ദേശീയ ഫെഡറേഷൻ കപ്പ് അത്ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം നാൾ മെഡൽപട്ടികയിൽ അക്കൗണ്ട് തുറന്ന് കേരളം. ഒരു സ്വർണവും രണ്ട് വീതം വെള്ളിയും വെങ്കലവുമാണ് സമ്പാദ്യം. പുരുഷന്മാരുടെ 1500 മീറ്ററിൽ അന്തർദേശീയ താരം ജിൻസൺ ജോൺസൺ സ്വർണം നേടിയപ്പോൾ 400 മീറ്ററിൽ മുഹമ്മദ് അജ്മലിന് വെള്ളിയും മുഹമ്മദ് അനസിന് വെങ്കലവും ലഭിച്ചു. അനസിന്റെ സഹോദരൻ കൂടിയായ മുഹമ്മദ് അനീസ് ലോങ് ജംപിൽ വെള്ളി സ്വന്തമാക്കി. പുരുഷ ഡെക്കാത്തലണിൽ എസ്. ഗോകുൽ നേടിയ വെങ്കലമാണ് അഞ്ചാമത്തെ മെഡൽ. ജിൻസന് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ് യോഗ്യതയും ലഭിച്ചു. അജ്മലും ഏഷ്യൻ യോഗ്യത മാർക്ക് കടന്ന പ്രകടനമാണ് നടത്തിയത്. പുരുഷന്മാരുടെ 100 മീറ്ററിലും വനിത 400 മീറ്ററിലും 1500 മീറ്ററിലും കേരളത്തിന് മെഡൽ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വെറുംകൈയോടെ മടങ്ങി.
പൊൻതാരമായി ജിൻസൺ; ഒറ്റ ലാപ്പിൽ നഷ്ടമേറെ: 1500ൽ 3:44.43 മിനിറ്റിലാണ് ജിൻസൺ മത്സരം പൂർത്തിയാക്കിയത്. മധ്യപ്രദേശിന്റെ അഭിഷേക് സിങ് ഠാകുർ വെള്ളിയും ഡൽഹിയുടെ രാഹുൽ വെങ്കലവും നേടിയപ്പോൾ മറ്റൊരു കേരള താരം സൽമാൻ ഫാറൂഖ് പത്താമനായി. തമിഴ്നാടിന്റെ രാജേഷ് രമേഷ് (45.75 സെ.) സ്വർണം നേടിയ 400 മീറ്റർ മത്സരത്തിൽ അജ്മൽ 45.85 സെക്കൻഡിലാണ് രണ്ടാം സ്ഥാനത്തെത്തിയത്. അനസ് (46.19) മൂന്നാമനായി കേരളത്തിന് വെങ്കലവും സമ്മാനിച്ചു. ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യതക്കുള്ള 46.17 സെക്കൻഡിനേക്കാൾ മികച്ച സമയം രേഖപ്പെടുത്തി രാജേഷും അജ്മലും.
വനിതകളുടെ 400 മീറ്റർ ഫൈനൽ മെഡൽ പ്രതീക്ഷയോടെ ഇറങ്ങിയ കേരളത്തിന് പക്ഷേ നിരാശയായിരുന്നു ഫലം. ഒളിമ്പ്യൻ ജിസ്ന മാത്യു (54.13 സെ.) അഞ്ചാമതും വി.കെ. വിസ്മയ (54.65 സെ.) ആറാമതുമായാണ് ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രയുടെ ഐശ്വര്യ മിശ്ര (52.57) സ്വർണവും കർണാടകയുടെ പ്രിയ മോഹൻ (53.40) വെള്ളിയും ബംഗാളിന്റെ സോണിയ ബൈഷ്യ (53.42) വെങ്കലവും നേടി. ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യത മാർക്കായ 53.54 സെക്കൻഡിനേക്കാൾ മികച്ച സമയത്താണ് ആദ്യ മൂന്ന് സ്ഥാനക്കാരും ഓട്ടം പൂർത്തിയാക്കിയത്. വനിതകളുടെ 1500ൽ കേരളത്തിന്റെ പി.യു. ചിത്ര നാലാമതായി.
പുരുഷ ലോങ് ജംപിൽ 7.73 മീറ്റർ ചാടിയാണ് അനീസിന് വെള്ളി. തമിഴ്നാടിന്റെ പി. ഡേവിഡ് (7.75) സ്വർണം നേടി. മറ്റു കേരള താരങ്ങളായ ആർ. സാജൻ എട്ടും മുഹമ്മദ് അസീഫ് ഒമ്പതും സ്ഥാനത്താണെത്തിയത്. അതേസമയം, പുരുഷ110 മീറ്റർ ഹർഡ്ൽസിൽ വി.കെ. മുഹമ്മദ് ലസാനും സചിൻ ബിനുവും ഫൈനലിൽ കടന്നു. വനിത 100 മീറ്റർ ഹർഡ്ൽസിൽ ആൻ റോസ് ടോമിയും മെഡൽ പോരാട്ടത്തിന് യോഗ്യത നേടി.
അമിയ, ശ്രബാനി വേഗതാരങ്ങൾ:
ഒഡിഷയുടെ അമിയ കുമാർ മല്ലിക്കും ശ്രബാനി നന്ദയും മീറ്റിലെ വേഗതാരങ്ങളായി. പുരുഷ 100 മീറ്ററിൽ അമിയ 10.31 സെക്കൻഡിൽ ഒന്നമനായി. തമിഴ്നാടിന്റെ ഇളക്കിയദാസൻ (10.37) വെള്ളിയും ഒഡിഷയുടെ ദൊണ്ഡപതി ജയറം (10.40) വെങ്കലവും ഓടി നേടി. കേരളത്തിന്റെ മെയ്മോൻ പൗലോസിന് 10.56 സെക്കൻഡിൽ അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അന്തർദേശീയ സ്പ്രിന്ററായ ശ്രബാനി വനിത 100 മീറ്റർ മത്സരം 11.57 സെക്കൻഡിലാണ് പൂർത്തിയാക്കിയത്. തമിഴ്നാടിന്റെ അർച്ചന എസ്. ശുശീന്ദ്രൻ (11.66) രണ്ടാം സ്ഥാനവും കർണാടകയുടെ എ.ടി. ദാനേശ്വരി (11.69) മൂന്നാം സ്ഥാനവും നേടി.
വനിത ജാവലിൻത്രോയിൽ സ്വർണം നേടിയ ഉത്തർപ്രദേശിന്റെ ഒളിമ്പ്യൻ അന്നു റാണി (59.24 മീറ്റർ) ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യതയും കരസ്ഥമാക്കി. പുരുഷ ഹൈജംപിൽ മഹാരാഷ്ട്രയുടെ സർവേഷ് കുശാലും വനിത ട്രിപ്ൾ ജംപിൽ മഹാരാഷ്ട്രയുടെ പൂർവ ഹിതേഷ് സാവന്തും സ്വർണം കൈക്കലാക്കി. പുരുഷ ഷോട്ട്പുട്ടിൽ സ്വർണം നേടിപഞ്ചാബിന്റെ തജീന്ദർപാൽ സിങ് ടൂർ (20.42 മീ.) ഏഷ്യൻ യോഗ്യത മാർക്ക് പിന്നിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.