സൗദി ബോക്സിങ്ങിലെ പെൺകരുത്ത്; യു.എ.ഇ ഓപൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഹലാ സാലിഹ്
text_fieldsറിയാദ്: സൗദി ബോക്സിങ്ങിലെ പെൺകരുത്തായ ഹലാ സാലിഹ് അൽ റാഷിദി ഇടിച്ചുകയറിയത് ചരിത്രത്തിലേക്ക്. യു.എ.ഇ ഓപൺ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ 51 കിലോഗ്രാം വിഭാഗത്തിലാണ് എതിരാളിയെ ഇടിച്ചിട്ട് ചാമ്പ്യനായത്. ഇതോടെ സ്വർണം നേടുന്ന ആദ്യ സൗദി വനിത ബോക്സറായി. അൽ അഹ്ലി ക്ലബിലെ ബോക്സറാണ് ഹലാ സാലിഹ് അൽ റാഷിദി.
സൗദി കായികചരിത്രത്തിൽ സുവർണലിപിയിലാണ് ഈ പെൺപോരാളി പേരെഴുതിച്ചേർത്തത്. കഴിഞ്ഞ വർഷം അൾജീരിയയിലെ ഒറാനിൽ നടന്ന അറബ് ഗെയിംസിൽ ഇവർ തോൽവി ഏറ്റുവാങ്ങിയിരുന്നു. എന്നാൽ, പരാജയത്തിൽ പതറാതെ അൾജീരിയയിൽനിന്ന് അബൂദബിയിൽ മത്സരത്തിനെത്തിയപ്പോൾ ഹലായുടെ കൈക്കരുത്തിന് ലഭിച്ചത് ഒന്നാം സ്ഥാനം. അഭിമാനകരമായ വിജയം ഇടിച്ചുവാങ്ങിയ ഹലാ സാലിഹ് അൽ റാഷിദിക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന സന്ദേശങ്ങൾ ഒഴുകി.
സൗദി അറേബ്യയിലെ മികച്ച കളിക്കാരെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് സജ്ജമാക്കുന്നതിനുള്ള ഫെഡറേഷന്റെ ഒരുക്കത്തിന്റെ ഭാഗമായി ഏപ്രിൽ 15 മുതൽ മേയ് അഞ്ച് വരെ ഫിലിപ്പീൻസിൽ നടന്ന പരിശീലന ക്യാമ്പിൽ സൗദി ദേശീയ ബോക്സിങ് ടീമിന്റെ പ്രതിനിധിസംഘത്തിൽ പങ്കെടുത്ത ഏഴ് വനിത ബോക്സർമാരിൽ ഒരാളാണ് ഹലാ അൽ റാഷിദി. കായികരംഗത്ത് അഭിരുചിയുള്ള വനിതകളെ കണ്ടെത്തി പരിശീലിപ്പിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും കായികമന്ത്രാലയങ്ങളും ബന്ധപ്പെട്ട വകുപ്പുകളും സജീവ ഇടപെടൽ നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.