അശ്വിന് ചാമ്പ്യനാകണം; പക്ഷേ...
text_fieldsനെടുങ്കണ്ടം: റോളര്‍സ്കേറ്റിങ് ദേശീയ മത്സരത്തില്‍ തൂക്കുപാലം സന്യാസിയോട കളപ്പുരക്കല്‍ അശ്വിന് സുരേഷ് കേരളത്തിനുവേണ്ടി ഹോക്കി ഗോളിയായി മത്സരിക്കും. സാമ്പത്തികമായി പിന്നില്‍ നില്ക്കുന്ന കുടുംബത്തിലെ അശ്വിന് പഞ്ചാബിലെ മത്സരത്തിന് പോകാന്‍ സാമ്പത്തിക പ്രയാസം ഏറെയാണ്. കിറ്റ് വാങ്ങാന്‍ പോലും പണമില്ല.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം മുമ്പ് പലതവണ രംഗത്തുനിന്ന് പിന്മാറാന് ശ്രമിച്ചിരുന്നെങ്കിലും കോച്ച് പ്രോത്സാഹനവും പണവും നല്കി സഹായിക്കുകയായിരുന്നു. കട്ടപ്പന സ്വദേശി എം.ആര്. സാബുവിെൻറ ശിക്ഷണത്തിലാണ് അശ്വിന് പഠിക്കുന്നത്. ഈ മാസം 10 മുതല്‍ 21 വരെ പഞ്ചാബിലെ മൊഹാറില് നടക്കുന്ന 59ാം നാഷനല്‍ മത്സരത്തില്‍ സീനിയര്‍ വിഭാഗത്തിലാണ് അശ്വിന് കളത്തിലിറങ്ങുന്നത്. തൊടുപുഴ ന്യൂമാന്‍ കോളജ് ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. കേരളത്തില്‍നിന്ന് മത്സരിക്കുന്ന 12 പേരില്‍ ഒരാളാണ് ഈ ഹൈറേഞ്ച്കാരന്.
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ റോളര്‍സ്കേറ്റിങ്ങില്‍ മത്സരിച്ചുതുടങ്ങി. ഒരു തവണ ദേശീയ മത്സരത്തില്‍ പങ്കെടുത്തിരുന്നു. വിവിധ ജില്ല, സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. എന്നാല്‍, ഇവയൊന്നും സൂക്ഷിക്കാന്‍ സ്വന്തമായി നല്ല വീടുപോലുമില്ല.
ഓരോ മത്സരത്തില്‍ പങ്കെടുക്കാനും പരിശീലകനും സുഹൃത്തുക്കളും നല്കുന്ന സഹായത്താലാണ് പങ്കെടുക്കുന്നത്. വല്യമ്മയുടെ വീട്ടിലാണ് കഴിയുന്നത്. പിതാവ് സുരേഷ് കൂലിപ്പണിയാണ്. മാതാവ് ഷീജ, സഹോദരി ഐശ്വര്യ ഏഴാം ക്ലാസില്‍ പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.