ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് അത്‍ലറ്റിന് ഹിജാബ് വിലക്ക്: വിവാദമായതോടെ തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ അനുമതി
text_fieldsപാരിസ്: ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഹിജാബണിഞ്ഞ് പങ്കെടുക്കുന്നത് ഫ്രഞ്ച് ഒളിമ്പിക്സ് കമ്മിറ്റി വിലക്കിയത് വിവാദമായതോടെ ഫ്രഞ്ച് അത്‌ലറ്റ് സൗങ്കമ്പ സില്ലക്ക് തൊപ്പിയണിഞ്ഞ് പങ്കെടുക്കാൻ അനുമതി. പരേഡിൽ തൊപ്പി ധരിച്ച് പങ്കെടുക്കാനുള്ള സാധ്യത താരത്തെ അറിയിക്കുകയും അവർ അംഗീകരിക്കുകയും ചെയ്തതതായി ഫ്രഞ്ച് ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചു. താരവും ഇക്കാര്യം സ്ഥിരീകരിച്ചു. ‘ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഞങ്ങൾ ഒടുവിൽ ധാരണയിലെത്തിയിരിക്കുന്നു. തുടക്കം മുതൽ പിന്തുണച്ചവർക്ക് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു’ -26കാരി പറഞ്ഞു.
400 മീറ്റർ വനിത, മിക്‌സഡ് റിലേ ടീമുകളുടെ ഭാഗമായ സില്ലക്ക് ഫ്രാൻസ് ഒളിമ്പിക്സ് അസോസിയേഷനിൽനിന്ന് ലഭിച്ച അറിയിപ്പ് ഏറെ വിവാദങ്ങൾക്കിടയാവുകയും വൻ വാർത്ത പ്രാധാന്യം ലഭിക്കുകയും ചെയ്തിരുന്നു. 'നിങ്ങളുടെ രാജ്യത്ത് നടക്കുന്ന ഒളിമ്പിക്സിലേക്ക് നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എന്നാൽ, ഹിജാബ് ധരിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാൻ കഴിയില്ല' എന്നായിരുന്നു അറിയിപ്പ്. താരം ഇത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇതുസംബന്ധിച്ച് വ്യാപക ചർച്ചകൾ ആരംഭിച്ചത്.
രാജ്യത്തെ പൊതുമേഖല തൊഴിലാളികള്‍ക്ക് ബാധകമാകുന്ന മതേതര തത്വങ്ങള്‍ രാജ്യത്തിനായി ഒളിമ്പിക്സിൽ പങ്കെടുക്കുന്നവർക്കും ബാധകമാണെന്ന് ഫ്രഞ്ച് ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ഡേവിഡ് ലപ്പാർഷ്യൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് മതചിഹ്നങ്ങള്‍ പ്രദർശിപ്പിക്കാൻ അനുമതിയില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രിയും അറിയിച്ചിരുന്നു. അതേസമയം, മതപരമായ ചിഹ്നങ്ങള്‍ പ്രദർശിപ്പിക്കുന്നതിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേർപ്പെടുത്തിയിട്ടില്ലാത്തതിനാൽ മറ്റു രാജ്യങ്ങളിലെ അത്‌ലറ്റുകള്‍ക്ക് ഇത് ബാധകമല്ല.
ഹിജാബ് വിലക്കിയതോടെ യു.എൻ മനുഷ്യാവകാശ കമീഷൻ വക്താവായ മരിയ ഹുർട്ടാഡൊ ഫ്രഞ്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ‘ഒരു സ്ത്രീ എന്ത് ധരിക്കണം, ധരിക്കണ്ട എന്നത് ആരും അടിച്ചേല്‍പ്പിക്കേണ്ടതില്ല’ എന്നായിരുന്നു അവരുടെ പ്രതികരണം.
ചരിത്രമുറങ്ങുന്ന പാരിസ് നഗരത്തിനെ ചുറ്റിയൊഴുകുന്ന സെൻ നദിയിലാണ് ഉദ്ഘാടന ചടങ്ങ്. സ്റ്റേഡിയത്തിന് പുറത്ത് ചരിത്രത്തിലാദ്യമായി അരങ്ങേറുന്ന ഉദ്ഘാടന ചടങ്ങിൽ ഫ്രഞ്ച് സാംസ്കാരികതയും പുതുമയും തുടിച്ചുനിൽക്കും. 10,500 അത്ലറ്റുകൾ നൂറോളം നൗകകളിലാണ് അണി നിരക്കുക. ആസ്റ്റർലിറ്റ്സ് പാലത്തിനരികിൽനിന്ന് തുടങ്ങുന്ന ഉദ്ഘാടന ചടങ്ങ് ജർദിൻ ഡെസ് പ്ലാന്റസിൽ അവസാനിക്കും. ഇന്ത്യൻ സമയം ഇന്ന് രാത്രി 11 മണിക്കാണ് ചടങ്ങുകൾക്ക് തുടക്കമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.