'പൂന്തോട്ടത്തിൽ അലയുന്ന ഒരാൾ'; രോഹിത്തിന്‍റെ വാക്കുകൾ ഉപയോഗിച്ച് ലക്ഷ്യ സെന്നിനെ വിമർശിച്ച് സുനിൽ ഗവാസ്കർ
text_fieldsപാരിസ് ഒളിമ്പിക്സിൽ ഒരുപാട് പ്രതീക്ഷ നൽകികൊണ്ട് മുന്നോട്ട് നീങ്ങിയതായിരുന്നു ബാഡ്മിന്‍റൺ താരം ലക്ഷ്യ സെൻ. മികച്ച പ്രകടനം കാഴ്ചവെച്ച ലക്ഷ്യക്ക് പക്ഷെ മെഡൽ നേടാൻ സാധിച്ചില്ല. സെമിയിലും പിന്നീട് വെങ്കലമെഡലിനായുള്ള മത്സരത്തിലും അദ്ദേഹം മുന്നിട്ട് നിന്നതിന് ശേഷം പരാജയപ്പെടുകയായിരുന്നു. സെമിഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ ബാഡ്മിന്‍റൺ താരമാകാൻ ലക്ഷ്യക്ക് സാധിച്ചിരുന്നു.
മത്സരങ്ങൾക്ക് ശേഷം ഇന്ത്യൻ ബാഡ്മിന്‍റൺ ഇതിഹാസം പ്രകാശ് പദുകോൺ ലക്ഷ്യ സെന്നടക്കമുള്ള ബാഡ്മിന്‍റൺ താരങ്ങളോട് മികച്ച റിസൾട്ടിനായി ഇനിയും പരിശ്രമിക്കാൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ വിമർശനത്തെ ഒരുപാട് പേർ വിമർശിച്ചിരുന്നു. എന്നാൽ പ്രകാശ് പദുകോണിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ലക്ഷ്യ സെൻ 'പൂന്തോട്ടത്തിൽ അലയുന്ന ഒരാൾ' എന്ന രോഹിത് ശർമയുടെ വാചകത്തിലെ പോലെയാണെന്ന് ഗവാസ്കർ പറഞ്ഞു. ലക്ഷ്യയുടെ ശ്രദ്ധ നഷ്ടപ്പെട്ടുവെന്നും ഗവാസ്കർ പറയുന്നുണ്ട്.
'2017-18ന് സമയത്ത് പ്രാകാശ് പദുകോൺ എന്നോട് ലക്ഷ്യ സെന്നിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അവനെ അപ്പോൾ ഗെയ്ഡ് ചെയ്യുകയായിരുന്നു പദുകോൺ. അവൻ വളരുന്നത് പദുകോൺ കണ്ടിട്ടുണ്ട്. ഒളിമ്പിക്സിൽ ലക്ഷ്യ കളിക്കുമ്പോൾ കോർട്ടിന്‍റെ അരികിൽ തന്നെ പ്രകാശ് പദുകോണും വിമൽ കുമാറുമുണ്ടായിരുന്നു. ലക്ഷ്യയുടെ മാത്രം സ്വപ്നമായിരുന്നില്ല അത് ഇന്ത്യയിലെ എല്ലാ ബാഡ്മിന്‍റൺ പ്രേമികളുടെയുമായിരുന്നു എന്ന് തെളിയിക്കുന്നതാണ് അവരുടെ ആവേശം.
സെമിയിലും വെങ്കലത്തിനായുള്ള മത്സരത്തിലും ലീഡ് നേടിയിട്ട് തോൽക്കുക എന്ന് പറഞ്ഞാൽ മനസ് മടുക്കുന്ന കാര്യമാണ്. പ്രകാശ്, വിമൽ കുമാർ, ബാഡ്മിന്‍റൺ അസോസിയേഷൻ ഓഫ് ഇന്ത്യ, സർക്കാർ എന്നിവരെല്ലാം ചെയ്യാവുന്നതെല്ലാം ചെയ്തിരുന്നു. എന്നാൽ അവസാനമെത്തിയപ്പോൾ ലക്ഷ്യ, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നായകൻ രോഹിത് ശർമയുടെ പ്രസിദ്ധമായ വാക്കുകൾ പോലെ 'പൂന്തോട്ടത്തിൽ അലയുന്ന ഒരാൾ' ആയി മാറി,' സ്പോർടസ് സ്റ്റാറിൽ ഗവാസ്കർ എഴുതി.
ലക്ഷ്യക്ക് തന്‍റെ ചിന്തയും ശ്രദ്ധയും നഷ്ടപ്പെട്ടിരുന്നുവെന്നും മനസ് എവിടെയോ സഞ്ചരിക്കുകയായിരുവെന്നും ഗവാസ്കർ എഴുതി. ഏകാഗ്രത പ്രധാനമാണെന്നും എന്നാൽ അത് കോച്ച് ചെയ്ത് എടുക്കേണ്ടതല്ല അത്ലെറ്റിന്‍റെ ഉള്ളിൽ നിന്ന് ഉണ്ടാകേണ്ടത് ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിയിൽ വിരക്ടർ അക്സെൽസനെതിരെ 20-17, 7-0 എന്നിങ്ങനെ ലീഡ് നേടിയതിന് ശേഷമായിരുന്നു ലക്ഷ്യ രണ്ട് സെറ്റിലും തോറ്റത്. വെങ്കലത്തിനായുള്ള മത്സരത്തിൽ ആദ്യ റൗണ്ട് അനായാസം ജയിച്ചതിന് ശേഷം താരം തോൽക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.