‘വിജയക്കൊടുമുടിയിൽ ഗുകേഷ് അമ്മയെ സന്തോഷവതിയാക്കുന്നു’; അഭിനന്ദനവുമായി ഗാരി കാസ്പറോവ്
text_fieldsലോക ചെസ് ചാമ്പ്യൻഷിപ്പിൽ എക്കാലത്തെയും പ്രായംകുറഞ്ഞ ജേതാവെന്ന നേട്ടത്തിൽ ഇന്ത്യയുടെ ഡി. ഗുകേഷിനെ അഭിനന്ദിച്ച് മുൻ ലോക ചാമ്പ്യൻ ഗാരി കാസ്പറോവ്. “ലോക ചാമ്പ്യനായ ഗുകേഷിനെ അഭിനന്ദിക്കുന്നു. വിജയത്തിന്‍റെ കൊടുമുടിയിൽ എത്തിയ അദ്ദേഹം അമ്മയെ സന്തോഷവതിയാക്കുന്നു” -കാസ്പറോസ് എക്സിൽ കുറിച്ചു. 1985ൽ 22-ാം വയസ്സിൽ ചാമ്പ്യനായ റഷ്യൻ താരമായ കാസ്പറോവിന്‍റെ നേട്ടമാണ് 18കാരനായ ഗുകേഷ് കഴിഞ്ഞ ദിവസം മറികടന്നത്.
ഒന്നിലേറെ ട്വീറ്റുകളിലായി കളിയെ വിലയിരുത്തിയ കാസ്പറോവ്, മത്സരം കടുത്തതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. ഗുകേഷ് മികച്ച തയാറെടുപ്പുമായാണ് വന്നത്. നന്നായി കളിച്ചപ്പോൾ മത്സരത്തിൽ വിജയിച്ചു. ഗുകേഷിന്‍റെ വിജയം ചെസിൽ ഇന്ത്യയുടെ വളർച്ച കൂടിയാണ് രേഖപ്പെടുത്തുന്നത്. ചെസ് ഒളിമ്പ്യാഡിലും ഇന്ത്‍യൻ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും കാസ്പറോവ് എക്സിൽ കുറിച്ചു. 1985ൽ അനറ്റോലി കാർപോവിനെ തോൽപിച്ചാണ് ഗാരി കാസ്പറോവ് ലോക ചാമ്പ്യനായത്.
അതേസമയം, ചൈനയുടെ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തിൽ മലർത്തിയടിച്ചാണ് ഏഴര പോയന്റുമായി ഗുകേഷ് അവിശ്വസനീയ നേട്ടത്തിലെത്തിയത്. വിശ്വനാഥൻ ആനന്ദിനുശേഷം ഇതാദ്യമായാണ് ഇന്ത്യക്കൊരു ലോക ചാമ്പ്യനെ ലഭിക്കുന്നത്. 14 റൗണ്ട് പിന്നിടുമ്പോൾ ഇന്ത്യൻ താരത്തിന്റെ 7.5 പോയന്റിനെതിരെ 6.5 പോയന്റ് നേടാനേ ഡിങ് ലിറെന് കഴിഞ്ഞുള്ളൂ.
അവസാന മത്സരം സമനിലയിൽ കലാശിച്ചിരുന്നെങ്കിൽ വിവിധനിർണയം ടൈബ്രേക്കറിലെത്തുമായിരുന്ന വേളയിലാണ് അവസാന ക്ലാസിക്കൽ ടൈം കൺട്രോൾ ഗെയിമിൽ അപാരമായ മനസ്സാന്നിധ്യത്തോടെ ഗുകേഷ് വിജയതീരമണഞ്ഞത്. 22-ാം വയസ്സിൽ വിശ്വചാമ്പ്യൻ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷിനെ തേടിയെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.