ഗീതു നടന്ന് നേടി ഹാട്രിക്; വീടെന്ന സ്വപ്നത്തിലേക്ക് ഇനിയും ‘നടക്കണം’
text_fieldsകൊച്ചി: പതിവ് തെറ്റിച്ചില്ല...ഇക്കുറിയും 3000 മീറ്റർ നടത്തത്തിൽ മലപ്പുറത്തിന്റെ കെ.പി ഗീതുവിനെ മറികടക്കാൻ ആരുമുണ്ടായിരുന്നില്ല. മഹാരാജാസ് കോളജ് ട്രാക്കിൽ സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തം 16 മിനിറ്റ് 24.69 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ പൊൻതാരം സ്വർണമുത്തമിട്ടത്. മൂന്നാം തവണയാണ് ഗീതു സ്വർണം നേടുന്നത്. കായിക ട്രാക്കിൽ സന്തോഷ നേട്ടങ്ങൾ തുടരുമ്പോഴും ജീവിത ട്രാക്കിൽ ഗീതുവിന്റെ സങ്കട കഥ തുടരുകയാണ്.
സ്വന്തമായി വീടില്ലാതെയാണ് ഗീതുവും കുടുംബവും തിരൂർ ബി.പി അങ്ങാടിയിൽ താമസിക്കുന്നത്. കൂട്ടുസ്വത്തായ ഭൂമിയിലെ ചെറിയൊരു വീട്ടിലാണ് ഗീതു കൂട്ടുകുടുംബമായി കഴിയുന്നത്. മെഡലുകൾ വാരിക്കൂട്ടുമ്പോഴും സ്വന്തമായി ഒരിടമില്ലെന്ന സങ്കടം അലട്ടുന്നുണ്ട്. കഴിഞ്ഞ തവണ കുന്നംകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ സ്വർണം നേടിയ ഗീതുവിന്റെ പ്രകടനം കണ്ട് അതേ സ്റ്റേഡിയത്തിൽ കായിക അധ്യാപകരുടെ കൂട്ടായ്മ ഗീതുവിന് വീട് വാഗ്ദാനം ചെയ്തിരുന്നു. സ്ഥലമില്ലാത്തതിനാലും മറ്റു ചില പ്രയാസങ്ങളാലും ആ സ്വപ്നം പൂവണിഞ്ഞിട്ടില്ല. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഗീതുവിന്റെ അച്ഛൻ ചന്ദ്രൻ അപകടത്തിൽ പരിക്കേറ്റ് കിടപ്പിലാണ്. അമ്മ കുടുംബശ്രീ ഹോട്ടലിൽ ജോലിക്ക് പോയിട്ടാണ് ചെലവുകൾ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.