ഫെഡറേഷനെതിരെ സമരം ചെയ്ത ഗുസ്തി താരങ്ങൾ സഗ്രെബ് ഓപണിൽ പങ്കെടുക്കും- അനുമതി നൽകി സർക്കർ
text_fieldsപ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനും പരിശീലകർക്കുമെതിരെ കടുത്ത ലൈംഗികാരോപണങ്ങൾ ഉന്നയിച്ച് ഡൽഹി ജന്ദർ മന്ദറിൽ സമരത്തിനിറങ്ങിയ ഗുസ്തി താരങ്ങൾക്ക് സഗ്രെബിൽ നടക്കുന്ന റാങ്കിങ് ടൂർണമെന്റിൽ പങ്കെടുക്കാൻ അനുമതി നൽകി കേന്ദ്ര സർക്കാർ. 55 അംഗ സംഘമാണ് ഇന്ത്യയിൽനിന്ന് പങ്കെടുക്കുക. ബജ്രങ് പൂനിയ, വിനേഷ് ഫോഗട്ട്, രവി കുമാർ ദാഹിയ, അൻഷു മാലിക്, ദീപക് പൂനിയ തുടങ്ങി സമരമുഖത്ത് സജീവമായുണ്ടായിരുന്നവരെ മാറ്റിനിർത്താതെയാണ് ടീം പ്രഖ്യാപിച്ചത്.
സമരത്തെ തുടർന്ന് ദേശീയ ഗുസ്തി ഫെഡറേഷന്റെ താത്കാലിക ചുമതല ബോക്സിങ് ഇതിഹാസം മേരി കോമിനു കീഴിൽ പ്രത്യേക സമിതിക്ക് കൈമാറിയിരുന്നു. മുൻ ഗുസ്തി താരം യോഗേശ്വർ ദത്ത്, മുൻ ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, സായ് മുൻ എക്സിക്യുട്ടീവ് ഡയറക്ടർ രാധിക രാധിക ശ്രീമാൻ തുടങ്ങിയവരടങ്ങുന്നതാണ് സമിതി.
ബി.ജെ.പി എം.പിയായ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ജൂനിയർ താരങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുകയാണെന്നും സമരക്കാർ ആരോപിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത താരങ്ങൾ വരെ ലൈംഗിക പീഡനത്തിനിരയായെന്ന് ഇവർ ആരോപിച്ചു. എന്നാൽ, പീഡനത്തിനിരയായവരുടെ പേരുവിവരങ്ങൾ ഇവർ വെളിപ്പെടുത്തിയിരുന്നില്ല.
സംഭവത്തിൽ, അന്വേഷണം നടത്തുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.