കൊനേരു ഹംപി റാപിഡ് ചെസ് ലോക ചാമ്പ്യൻ
text_fieldsന്യൂയോർക്: ഇന്ത്യൻ ചെസിന് സമാനതകളില്ലാത്ത ഉയരങ്ങളുടെ സുവർണ വർഷ മുദ്ര പകർന്ന് റാപിഡ് വിഭാഗത്തിൽ ലോക രാജ്ഞിപ്പട്ടമേറി ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ കൊനേരു ഹംപി. ആഴ്ചകൾക്കു മുമ്പ് സിംഗപ്പൂരിൽ ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറെനെ അവസാന റൗണ്ടിൽ കടന്ന് ഡി. ഗുകേഷ് ചാമ്പ്യനായ ആഘോഷമൊടുങ്ങും മുമ്പാണ് ഹംപിയുടെ റാപിഡ് കിരീട നേട്ടം.
ന്യൂയോർക്കിലെ വാൾ സ്ട്രീറ്റിൽ ഫിഡെ ലോക ചെസ് റാപിഡ് ചാമ്പ്യൻഷിപ്പിന്റെ 11ാം റൗണ്ടിൽ ഇന്തോനേഷ്യയുടെ ഐറിൻ ഖരിസ്മ സുകന്ദറിനെ വീഴ്ത്തിയാണ് ഹംപി ജേതാവായത്. 2019ൽ ജോർജിയയിലും കിരീടം നേടിയ താരം ഇതേ വിഭാഗത്തിൽ ഒന്നിലേറെ തവണ കപ്പുയർത്തുന്ന രണ്ടാമത്തെ താരമാണ്. ടൈ ബ്രേക്കറിൽ രണ്ടാം സ്ഥാനം പിടിച്ച മുൻ ചാമ്പ്യൻ ചൈനയുടെ ജു വെൻജുൻ മാത്രമാണ് മുമ്പ് ഇതേ നേട്ടം കൈവരിച്ചത്. ജു വെൻജുനിന് പിറകിൽ റഷ്യൻ താരം കാതറീന ലഗ്നോ മൂന്നാമതെത്തി.
ആദ്യ റൗണ്ടിൽ തോൽവിയോടെ തുടങ്ങിയ ഹംപി പിന്നീട് വമ്പൻ കുതിപ്പുമായി മുന്നിലെത്തുകയും അവസാന റൗണ്ടിൽ ജയം പിടിച്ച ഏക വ്യക്തിയായി കിരീടമുറപ്പിക്കുകയുമായിരുന്നു. നാട്ടുകാരിയായ ഡി. ഹരിക അടക്കം ആറുപേർ അര പോയന്റ് അകലത്തിൽ നിൽക്കെയായിരുന്നു സ്വപ്നസാഫല്യമെന്നോണം വീണ്ടും ജേതാവായത്. കുടുംബം നൽകിയ പിന്തുണയാണ് 37ാം വയസ്സിലും ലോക കിരീടമെന്ന സ്വപ്നസാഫല്യം സാധ്യമാക്കിയതെന്ന് പിന്നീട് ഹംപി പറഞ്ഞു. ഗുകേഷ് ലോക ചാമ്പ്യനായതിന് പിറകെ റാപിഡ് വിഭാഗത്തിൽ വീണ്ടും ലോകകിരീടം ഇന്ത്യയിലെത്തുന്നത് അഭിമാനകരമാണെന്നും പുതുതലമുറയിൽ കളിയാവേശം ഉയർത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
ആദ്യ ദിനത്തിൽ നാലു റൗണ്ട് പൂർത്തിയാകുമ്പോൾ 2.5 പോയന്റ് ആയിരുന്നു ഹംപിയുടെ സമ്പാദ്യം. രണ്ടാം നാളിൽ നാലു കളികളും ജയിച്ചതോടെ കിരീടമെന്ന വലിയ സ്വപ്നം അരികെയെന്ന് അവർ ഉറപ്പിച്ചു. ഇത് വമ്പൻ അണിനിരന്ന ഓപൺ വിഭാഗത്തിൽ റഷ്യൻ ഗ്രാൻഡ് മാസ്റ്റർ വോളോദർ മുർസിൻ സ്വർണം നേടി. 12 റൗണ്ടിൽ 10 പോയന്റുമായാണ് താരം ഒന്നാമതെത്തിയത്. റഷ്യൻ വാഴ്ച പൂർത്തിയാക്കി അലക്സാണ്ടർ ഗ്രിഷ്ചുക് രണ്ടാമതും ഇയാൻ നെപോംനിയാഷി മൂന്നാമതുമായി. ഇരുവർക്കും 9.5 പോയന്റാണ് സമ്പാദ്യം. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അർജുൻ എരിഗെയ്സി ഒമ്പതു പോയന്റ് നേടി നാലാം സ്ഥാനത്തെത്തി. ആർ. പ്രഗ്നാനന്ദ അടക്കം അഞ്ചുപേർ 8.5 പോയന്റുമായി തൊട്ടുപിറകിലുണ്ട്.
വനിതകളിൽ മാറ്റുരച്ച ഇന്ത്യക്കാരായ ദിവ്യ ദേശ്മുഖ് ഏഴും പത്മിനി റൗട്ട് 6.5ഉം ആർ. വൈശാലി 5.5ഉം പോയന്റ് നേടി. പുരുഷന്മാരിൽ അരവിന്ദ് ചിദംബരം എട്ടും റൗനക് സാദ്‍വിനി ഏഴും സാന്ദിപൻ ചന്ദ 6.5ഉം പോയന്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.