ചെസിൽ ലോക ചാമ്പ്യനായി ഗുകേഷ്; ഇന്ത്യക്ക് അഭിമാനനിമിഷം
text_fieldsസിംഗപ്പൂർ: ചതുരംഗക്കളത്തിൽ ചരിത്രമെഴുതി ഇന്ത്യയുടെ സ്വന്തം ദൊമ്മരാജു ഗുകേഷ്. ലോക ചാമ്പ്യൻഷിപ്പിന്റെ കടുപ്പമേറിയ കരുനീക്കങ്ങളിൽ വിസ്മയകരമായ പ്രകടനം പുറത്തെടുത്ത 18കാരൻ ഇനി ചെസിന്റെ വിശ്വരാജാവ്. ലോക കിരീടത്തിലേക്ക് തേരുതെളിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ എന്ന ബഹുമതി ഇനി ചെന്നൈയിലെ തെലുഗുകുടുംബത്തിൽ ജനിച്ച ഈ കൗമാരക്കാരന് സ്വന്തം. നിലവിലെ ചാമ്പ്യൻ ഡിങ് ലിറെനെ പതിനാലാം റൗണ്ട് പോരാട്ടത്തിൽ മലർത്തിയടിച്ചാണ് ഏഴര പോയന്റുമായി ഗുകേഷ് അവിശ്വസനീയ നേട്ടത്തിലെത്തിയത്.
കറുപ്പും വെളുപ്പും കളങ്ങൾക്കുള്ളിൽനിന്ന് വിജയത്തിന്റെ നിറതെളിച്ചത്തിലേക്ക് ഡി. ഗുകേഷ് അഭിമാനചുവടു വെച്ചതോടെ വിശ്വനാഥൻ ആനന്ദിനുശേഷം ഇതാദ്യമായി ഇന്ത്യക്കൊരു ലോക ചാമ്പ്യൻ പിറന്നിരിക്കുന്നു. 14 റൗണ്ട് പിന്നിടുമ്പോൾ ഇന്ത്യൻ താരത്തിന്റെ 7.5 പോയന്റിനെതിരെ 6.5 പോയന്റ് നേടാനേ ചൈനക്കാരനായ ഡിങ് ലിറെന് കഴിഞ്ഞുള്ളൂ. അവസാന മത്സരം സമനിലയിൽ കലാശിച്ചിരുന്നെങ്കിൽ വിവിധനിർണയം ടൈബ്രേക്കറിലെത്തുമായിരുന്ന വേളയിലാണ് അവസാന ക്ലാസിക്കൽ ടൈം കൺട്രോൾ ഗെയിമിൽ അപാരമായ മനസ്സാന്നിധ്യത്തോടെ ഗുകേഷ് വിജയതീരമണഞ്ഞത്. 22-ാം വയസ്സിൽ വിശ്വചാമ്പ്യൻ പദവിയിലേറിയ റഷ്യയുടെ ഇതിഹാസ താരം ഗാരി കാസ്പറോവിന്റെ നേട്ടത്തെ പിന്തള്ളിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യനെന്ന വിശേഷണം ഗുകേഷിനെ തേടിയെത്തുന്നത്.
13 റൗണ്ട് പോരാട്ടം പൂര്‍ത്തിയായപ്പോള്‍ ഗുകേഷും ഡിങ് ലിറനും ആറര പോയന്‍റുമായി ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യം ഏഴര പോയന്റ് നേടുന്നയാൾക്കാണ് കിരീടമെന്ന നിബന്ധനയുള്ള ചാമ്പ്യൻഷിപ്പിൽ അവസാന മത്സരം ജയിച്ച് ഗുകേഷ് ലോക കിരീടത്തിൽ മുത്തമിടുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ ഗുകേഷ് മൂന്നു മത്സരം ജയിച്ചപ്പോൾ ലിറെന് രണ്ടു കളികളിൽ മാത്രമേ ജയിക്കാനായുള്ളൂ. ബാക്കി മത്സരങ്ങൾ സമനിലയിലാവുകയായിരുന്നു.
11–ാം ഗെയിമിലെ തോൽവിക്ക് 12–ാം ഗെയിമിൽ തിരിച്ചടി നൽകിയാണ് ഡിങ് ലിറന്‍ ചാമ്പ്യൻഷിപ്പിലേക്കു തിരികെയെത്തിയത്. കഴിഞ്ഞ ദിവസം നടന്ന പതിമൂന്നാം മത്സരത്തിലും ഗുകേഷിന്റെ സമ്പൂർണമായ ആധിപത്യമായിരുന്നു. 41–ാം നീക്കത്തിൽ ഡിങ് ഗുകേഷിന് ചെക് നൽകിയതാണ് കളിയിൽ ഗുകേഷിന്റെ രാജാവ് നേരിട്ട ആകെയുള്ള വെല്ലുവിളി. അതുവരെ ഡിങ് ലിറൻ പൂർണമായ പ്രതിരോധത്തിലും ഗുകേഷ് മുന്നേറ്റത്തിലുമായിരുന്നു.
2006 മെയ് 29 ന് തമിഴ്നാട്ടിലെ ചെന്നൈയിലാണ് ഗുകേഷ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് രജനികാന്ത് ഡോക്ടറും അമ്മ പത്മ ഒരു മൈക്രോബയോളജിസ്റ്റുമാണ്. ഏഴാം വയസ്സിൽ ചെസ് പഠിച്ച ഗുകേഷ് പിന്നീട് പടിപടിയായി മത്സരങ്ങളിൽ പങ്കെടുക്കുകയും മികവു കാട്ടുകയും ചെയ്തതോടെ ഭാവിതാരമെന്ന വിശേഷണം വൈകാതെ സ്വന്തമാക്കി.
2015 ലെ ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിന്റെ ഒൻപതുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും 2018 ലെ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിലും പന്ത്രണ്ടുവയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലും ഗുകേഷ് ജേതാവായി. 2018-ലെ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-12 വ്യക്തിഗത റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 ടീം റാപ്പിഡ്, ബ്ലിറ്റ്സ്, അണ്ടർ-12 വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റുകൾ എന്നിവയിലും അദ്ദേഹം അഞ്ച് സ്വർണ്ണ മെഡലുകൾ നേടി. 2018 മാർച്ചിലെ 34-ാമത് കാപ്പെല്ലെ-ലാ-ഗ്രാൻഡെ ഓപ്പണിൽ അദ്ദേഹം ഇന്റർനാഷണൽ മാസ്റ്റർ പദവി സ്വന്തമാക്കി.
2022 ജൂലൈ 16-ന് ബിയൽ ചെസ് ഫെസ്റ്റിവൽ ഗ്രാൻഡ്മാസ്റ്റേഴ്സ് ട്രയാത്‌ലോണിന്റെ മൂന്നാം റൗണ്ടിൽ ക്വാങ് ലീമിനെ തോൽപ്പിച്ച് റേറ്റിങ്ങിൽ 2700 പോയിന്റ് മറികടക്കുന്ന താരമായി ഗുകേഷ് മാറി. 2023 സെപ്തംബറിൽ വിശ്വനാഥൻ ആനന്ദിനെ മറികടന്ന് ഇന്ത്യയിലെ റാങ്കിങ്ങിൽ ഗുകേഷ് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ആനന്ദ് അഞ്ചു തവണയാണ് ലോക ചാമ്പ്യൻ പട്ടത്തിലേറിയത്. ഇതിൽ 2013ലായിരുന്നു അവസാന നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.