ആനന്ദിനെയും പിന്നിലാക്കി ഗുകേഷ്; ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഇനി ഒമ്പതാം റാങ്കിൽ
text_fieldsലോക ചെസ് റാങ്കിങ്ങിൽ ഇതിഹാസ താരവും അഞ്ച് തവണ ലോക ചാമ്പ്യനുമായ വിശ്വനാഥൻ ആനന്ദിനെയും പിന്നിലാക്കി ഇന്ത്യയുടെ 17കാരൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ഇന്റർനാഷനൽ ചെസ് ഫെഡറേഷന്റെ (ഫിഡെ) പുതിയ റാങ്കിങ്ങിലാണ് തമിഴ്നാട്ടുകാരനായ ഗുകേഷ് ഒമ്പതാം സ്ഥാനത്തേക്ക് കയറിയത്. തന്റെ റോൾമോഡലായ വിശ്വനാഥൻ ആനന്ദിനെ പത്താം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യക്കാരനെന്ന നേട്ടത്തിലെത്തിയത്.
ലോകകപ്പിലെ രണ്ടാം റൗണ്ട് മത്സരത്തിൽ അസർബെയ്ജാന്റെ മിസ്റാത്ദീൻ ഇസ്കന്ദറോവിനെ 44 നീക്കത്തിൽ തോൽപിച്ചതോടെ താരത്തിന് 2755.9 റേറ്റിങ്ങുമായി ഒമ്പതാം റാങ്കിലേക്ക് കയറുകയായിരുന്നു. ആനന്ദിന് 2754.0 റേറ്റിങ്ങാണുള്ളത്. അടുത്ത ഫിഡെ റാങ്കിങ് സെപ്റ്റംബർ ഒന്നിനാണ് പുറത്തുവരിക. അതുവരെ സ്ഥാനം നിലനിർത്താൻ ഗുകേഷിനാവും. നേരത്തെ ലോക ചാമ്പ്യൻ മാഗ്നസ് കാൾസനെ അടക്കം തോൽപിച്ച് ശ്രദ്ധ നേടിയിരുന്നു.
ഗുകേഷിനെ ഇന്റർനാഷനൽ ചെസ് ഫെഡറേഷൻ ട്വീറ്റിലൂടെ അഭിനന്ദിച്ചു. ‘ഗുകേഷ് ഇന്ന് വീണ്ടും വിജയം നേടുകയും ലൈവ് റേറ്റിങ്ങിൽ വിശ്വനാഥൻ ആനന്ദിനെ മറികടക്കുകയും ചെയ്തിരിക്കുന്നു. ഫിഡെയുടെ അടുത്ത ഔദ്യോഗിക റേറ്റിങ് വരുന്നത് സെപ്റ്റംബർ ഒന്നിനാണ്. ലോകത്തെ മികച്ച പത്തുപേരിൽ ഒരാളായും ഏറ്റവും ഉയർന്ന റേറ്റിങ് ഉള്ള ഇന്ത്യൻ താരമായും 17കാരന് അതുവരെ തുടരാനാകും’, ഫിഡെ ട്വീറ്റ് ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഗുകേഷിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ‘ലോക (ഫിഡെ) റാങ്കിങ്ങിലെ ആദ്യ പത്തിൽ ആദ്യമായി പ്രവേശിച്ചതിന്റെ അവിശ്വസനീയ നേട്ടത്തിന് അഭിനന്ദനങ്ങൾ ഗ്രാൻഡ്മാസ്റ്റർ
ഗുകേഷ്. നിങ്ങളുടെ നിശ്ചയദാർഢ്യവും വൈദഗ്ധ്യവും നിങ്ങളെ ചെസിന്റെ ഏറ്റവും ഉയർന്ന തലത്തിലേക്ക് നയിച്ചു, നിങ്ങളെ ഏറ്റവും ഉയർന്ന റേറ്റിങ് ഉള്ള ഇന്ത്യൻ കളിക്കാരനാക്കി. നിങ്ങളുടെ നേട്ടം എല്ലായിടത്തും യുവപ്രതിഭകൾക്ക് പ്രചോദനവും തമിഴകത്തിന് അഭിമാന നിമിഷവുമാണ്!’, അദ്ദേഹം കുറിച്ചു.
1991 ജൂലൈയിലായിരുന്നു വിശ്വനാഥൻ ആനന്ദ് ആദ്യമായി ആദ്യ പത്ത് റാങ്കിനുള്ളിൽ ഇടം പിടിച്ചത്. 1987 ജനുവരി മുതൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ താരം ആനന്ദ് ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.