മത വൈവിധ്യം മുതൽ ലോകസമാധാന സന്ദേശം വരെ; ഒളിമ്പിക് കമ്മിറ്റിക്ക് ഇന്ത്യ അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്
text_fieldsമുംബൈ: 2036ലെ ഒളിമ്പിക് വേദിയാകാൻ താൽപര്യം അറിയിച്ച് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് (ഐ.ഒ.സി) ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അയച്ച കത്തിലെ വിവരങ്ങൾ പുറത്ത്. രാജ്യത്തിന്റെ മതപരമായ വൈവിധ്യം മുതൽ ലോക സമാധാനത്തിനായുള്ള സന്ദേശം വരെ കത്തിൽ പരാമർശിക്കുന്നുണ്ട്. പുരാതന കാലത്തെ പട്ടുപാതയിലെ തന്ത്രപ്രധാനമായ സ്ഥാനം മുതൽ ആഗോള വേദിയിലെ ഉയർച്ച വരെയും കത്തിൽ പരാമർശിക്കുന്നുവെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന തുടങ്ങിയ മതങ്ങളാൽ വൈവിധ്യമാണ് ഇന്ത്യൻ സമൂഹം. അവ ഓരോന്നും നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും സമൂഹത്തിനും വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. ലോകത്തെ മുഴുൻ ഒരു കുടുംബമായി കാണുന്ന ‘വസുധൈവ കുടുംബകം’ കത്തിൽ പരാമർശിക്കുന്നു. എല്ലാ രാഷ്ട്രങ്ങൾക്കിടയിലും സമാധാനവും സൗഹൃദവും കൂട്ടായ പുരോഗതിയും നേടുന്നതിനും ഐക്യത്തോടെ മുന്നേറാനുമുള്ള സന്ദേശമാണ് ഇന്ത്യയുടെ ഒളിമ്പിക് ബിഡ് നൽകുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.
ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ആഗ്രഹം ദേശീയ മുൻഗണനയുള്ള വിഷയമാണ്. പുരാതന പട്ട്, സുഗന്ധവ്യഞ്ജന പാതകളിലെ നിർണായക സ്ഥാനം ഇന്ത്യയെ ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ പറുദീസയാക്കി മാറ്റി. പേർഷ്യ, ചൈന, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നെല്ലാം നിരവധിപേർ ഇവിടെയെത്തി. ഈ കൂടിച്ചേരലുകൾ ഇന്ത്യൻ സംസ്കാരത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിച്ചിട്ടുണ്ട്. ഇതുവരെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാത്ത പ്രധാന സമ്പദ്‌വ്യവസ്ഥ ഇന്ത്യയാണ്. വേദിയാകാനുള്ള കാരണം അത് മാത്രമല്ല. ഒളിമ്പിക് ഗെയിംസിന് നിരവധി സാമൂഹിക നേട്ടങ്ങളും നൽകാനാകും.
25 വയസ്സിന് താഴെ പ്രായമുള്ള 60 കോടിയിലധികം ഇന്ത്യക്കാർ ഉണ്ട്. ഇന്ത്യയുടെ സാമ്പത്തിക വികസനത്തിന്റെ നിലവിലെ ഘട്ടത്തിൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ബിസിനസ് അവസരങ്ങൾക്കുമുള്ള വേദിയായും ഗെയിംസ് പ്രവർത്തിക്കുമെന്ന് ഇന്ത്യ ഐ.ഒ.സിയോട് കത്തിൽ സൂചിപ്പിക്കുന്നു. കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം, ഇതര സേവനങ്ങൾ, ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങൾ ഗെയിംസ് സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.
2036ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസ് നടത്താനുള്ള താൽപര്യം വ്യക്തമാക്കി കഴിഞ്ഞ മാസമാണ് ഇന്ത്യ ഐ.ഒ.സിക്ക് കത്തയച്ചത്. ആതിഥേയ നഗരത്തെ കുറിച്ച് കത്തിൽ പരാമർശമില്ലെങ്കിലും അഹമ്മദാബാദിനെയാണ് മുൻനിരയിൽ പരിഗണിക്കുന്നത്. ഇതിനായുള്ള തയാറെടുപ്പുകൾ ഗുജറാത്തിൽ നടക്കുന്നതായും സൂചനയുണ്ട്. ഖത്തർ, സൗദി അറേബ്യ, തുർക്കിയ എന്നിവയാണ് ഗെയിംസിന് ആതിഥ്യം വഹിക്കാൻ താൽപര്യമറിയിച്ച മറ്റ് രാജ്യങ്ങൾ. 2028ൽ ലൊസാഞ്ചലസും 2032ൽ ബ്രിസ്‌ബെയ്‌നുമാണ് ഒളിമ്പിക് വേദിയാകുന്നത്. 2026ലോ 2027ലോ ആകും 2036 ഒളിമ്പിക് വേദി പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.