ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ കുതിപ്പ്; വെള്ളിയും വെങ്കലവും ഉറപ്പിച്ചു
text_fieldsവേൽവ (സ്പെയിൻ): ലോക ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടത്തിലേക്ക് റാക്കറ്റ് പായിച്ച് ഇന്ത്യ. പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്തും ലക്ഷ്യ സെന്നും സെമിയിലെത്തിയതോടെ ഇന്ത്യക്ക് രണ്ടു മെഡലുകളുറപ്പായി. ശ്രീകാന്തും ലക്ഷ്യയുമാണ് സെമിയിൽ കൊമ്പുകോർക്കുകയെന്നതിനാൽ ഫൈനലിൽ ഇന്ത്യൻ സാന്നിധ്യവും വെള്ളി മെഡലുമുറപ്പായി.
സെമിയിൽ തോറ്റാലും വെങ്കലം കിട്ടുമെന്നതിനാൽ അതുമുറപ്പായി. മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാർട്ടറിൽ കടന്നിട്ടുമുണ്ട്. അതേസമയം, വനിതകളിൽ കിരീടപ്രതീക്ഷയിലായിരുന്ന നിലവിലെ ജേത്രി ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടറിൽ തോറ്റു പുറത്തായി. ആദ്യമായാണ് രണ്ട് ഇന്ത്യൻ പുരുഷ താരങ്ങൾ ഒരുമിച്ച് ലോക ചാമ്പ്യൻഷിപ്പിൽ സെമിയിലെത്തുന്നത്. വനിതകളിൽ 2017ൽ പി.വി. സിന്ധു വെള്ളിയും സൈന നെഹ്വാൾ വെങ്കലവും നേടിയിരുന്നു.
പുരുഷ വിഭാഗത്തിൽ സെമിയിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും ഇന്ത്യക്കാരാണ് ശ്രീകാന്തും ലക്ഷ്യയും. പ്രകാശ് പദുക്കോണും (1983) ബി. സായ് പ്രണീതും (2019) മാത്രമാണ് മുമ്പ് വെങ്കലം നേടിയിട്ടുള്ളത്. 12ാം സീഡായ ശ്രീകാന്ത് 21-8, 21-7ന് നെതർലൻഡ്സിെൻറ സീഡില്ലാതാരം മാർക് കാൽയൗവിനെയാണ് ക്വാർട്ടറിൽ തോൽപിച്ചത്. സീഡ് ചെയ്യപ്പെടാത്ത താരങ്ങളുടെ പോരിൽ ചൈനയുടെ ജുൻ പെങ് ഷാവോയെയാണ് ലക്ഷ്യ കീഴടക്കിയത്. സ്കോർ: 21-15, 15-21, 22-20.
തുടർച്ചയായ രണ്ടാം ലോകകിരീടം തേടിയെത്തിയ സിന്ധു ലോക ഒന്നാം നമ്പർ താരവും ടോപ്സീഡുമായ തായ്വാെൻറ തായ് സൂ യിങ്ങിനോടാണ് നേരിട്ടുള്ള സെറ്റുകളിൽ കീഴടങ്ങിയത്. സ്കോർ: 21-17, 21-13. തായ് സൂ യിങ്ങിനെതിരെ 20 മത്സരങ്ങളിൽ സിന്ധുവിെൻറ 15ാം തോൽവിയാണിത്. കഴിഞ്ഞ ലോകചാമ്പ്യൻഷിപ്പ് കിരീടത്തിലേക്കുള്ള കുതിപ്പിനിടെ തോൽപിച്ചതിനുശേഷം സൂ യിങ്ങിനെതിരെ ജയിക്കാൻ സിന്ധുവിനായിട്ടില്ല. ടോക്യോ ഒളിമ്പിക്സ് സെമിയിലും തായ് സൂ യിങ്ങിന് മുമ്പിലാണ് സിന്ധു വീണത്.
പ്രീക്വാർട്ടറിൽ 11 സീഡ് ഡെന്മാർകിെൻറ റാസ്മസ് ഗംകെയെ മൂന്ന് സെറ്റ് പോരാട്ടത്തിൽ (16-21, 21-8, 22 -20) വീഴ്ത്തിയായിരുന്നു മലയാളി താരം പ്രണോയിയുടെ കുതിപ്പ്. ആദ്യ സെറ്റ് കൈവിട്ട ശേഷം തകർപ്പൻ തിരിച്ചുവരവായിരുന്നു പ്രണോയിയുടേത്. ലോക റാങ്കിങ്ങിൽ തന്നെക്കാൾ മുന്നിലുള്ള ഗംകെക്കെതിരെ ആദ്യ സെറ്റിെൻറ തുടക്കത്തിൽ ഒപ്പംനിന്നെങ്കിലും 12-11ൽനിന്ന് ഡാനിഷ് താരം തുടർച്ചയായി ആറു പോയൻറ് നേടിയതോടെ സെറ്റ് നഷ്ടമായി.
എന്നാൽ, രണ്ടാം സെറ്റിൽ ഇറങ്ങിയത് പുതിയ പ്രണോയിയായിരുന്നു. ആക്രമിച്ചുകളിച്ച പ്രണോയിക്ക് മുന്നിൽ ഗംകെ പതറിയപ്പോൾ 8-0 െൻറ ലീഡ്. അത് കൈവിടാതെ സെറ്റ് അനായാസം പ്രണോയി കരസ്ഥമാക്കിയതോടെ മത്സരം നിർണായകമായ മൂന്നാം സെറ്റിലേക്ക്. രണ്ടാം സെറ്റിലെ ഫോം നിലനിർത്തിയ പ്രണോയ് അവസാനം വരെ നേരിയ ലീഡ് പിടിച്ചെങ്കിലും സമ്മർദം അതിജീവിച്ച ഗംകെ ഒടുവിൽ ഒപ്പമെത്തി.
20-18ൽ പ്രണോയ് രണ്ട് മാച്ച് പോയൻറ് സ്വന്തമാക്കിയെങ്കിലും രണ്ടും എതിരാളി നിർവീര്യമാക്കി. എന്നാൽ, വീണ്ടും മുന്നിലെത്തിയ പ്രണോയ് പിന്നീട് അവസരം പാഴാക്കിയില്ല. 22-20ന് സെറ്റും മത്സരവും സ്വന്തമാക്കിയ പ്രണോയ് ജഴ്സിയൂരിയാണ് ആഹ്ലാദം പ്രകടിപ്പിച്ചത്.
India advance at World Badminton Championships
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.