22 കാരറ്റ് ഭാരതം
text_fieldsബർമിങ്ഹാം: കോമൺവെൽത്ത് രാജ്യങ്ങളിലെ അത്ലറ്റുകൾ കായികക്കരുത്ത് കൊണ്ട് ലോകശ്രദ്ധ പിടിച്ചുപറ്റിയ ബർമിങ്ഹാം ഗെയിംസിൽ ദീപമണഞ്ഞു. 22ാം എഡിഷനാണ് ഇംഗ്ലണ്ടിൽ നടന്നത്. 210 അംഗ സംഘവുമായി മാറ്റുരക്കാനെത്തിയ ഇന്ത്യ ഒരിക്കൽകൂടി മികവ് കാട്ടി. 22 സ്വർണവും 16 വെള്ളിയും 23 വെങ്കലവും 61 മെഡലുമായി നാലാമതാണ്. ഇത്തവണ മുതൽ കോമൺവെൽത്ത് ഗെയിംസിൽനിന്ന് ഷൂട്ടിങ് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ പ്രാവശ്യം ഇതിൽ മാത്രം ലഭിച്ചത് ഏഴ് സ്വർണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമാണ്. ഇക്കുറിയും ഷൂട്ടിങ് ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറിയേനെയെന്ന് ചുരുക്കം. മെഡൽ എണ്ണത്തിൽ വലിയ ഇടിവ് സംഭവിച്ചെങ്കിലും ആസ്ട്രേലിയ ( 67 സ്വർണം, 57 വെള്ളി, 54 വെങ്കലം) ഒന്നാം സ്ഥാനം നിലനിർത്തി. 2026 ലെ ഗെയിംസിന് ഓസീസ് നഗരമായ വിക്ടോറിയ വേദിയാവും.
ഇരട്ട ശതകം തികച്ചത് സിന്ധു
1934ലെ ലണ്ടൻ കോമൺവെൽത്ത് ഗെയിംസിലാണ് ഇന്ത്യ ആദ്യമായി പങ്കെടുക്കുന്നത്. ഇംഗ്ലണ്ടിൽത്തന്നെ നടന്ന ഇത്തവണത്തെ ഗെയിംസ് കൂടി ചേർത്ത് ഇതുവരെ 203 സ്വർണവും 190 വെള്ളിയും 171 വെങ്കലവുമായി നേടിയത് 564 മെഡലുകൾ. മൊത്തം പ്രകടനം നോക്കുമ്പോൾ നാലാംസ്ഥാനം തന്നെ. ഇത്തവണ മുതൽ മത്സരത്തിനില്ലാത്ത ഷൂട്ടിങ്ങിലാണ് 63 സ്വർണമടക്കം 135 മെഡലുകൾ ലഭിച്ചത്. സൂപ്പർ താരം പി.വി. സിന്ധു ബാഡ്മിന്റൺ സിംഗ്ൾസിൽ സ്വർണം നേടിയതോടെയാണ് ഇന്ത്യ തിങ്കളാഴ്ച ഇരട്ട ശതകം തികച്ചത്.
അത്ലറ്റിക്സിലും മോശമാക്കിയില്ല
ഒളിമ്പിക് ജാവലിൻ ത്രോ ചാമ്പ്യൻ നീരജ് ചോപ്രയുടെ അഭാവം നിഴലിച്ചെങ്കിലും അത്ലറ്റിക്സിലും ഇക്കുറി ഇന്ത്യയുടെ പ്രകടനം മോശമായില്ല. ഒരു സ്വർണവും നാല് വെള്ളിയും മൂന്ന് വെങ്കലവും ലഭിച്ചു. ട്രിപ്പ്ൾ ജംപിൽ ഒന്നാമനായി മലയാളി താരം എൽദോസ് പോൾ ചരിത്ര നേട്ടമുണ്ടാക്കി. നാല് വെള്ളിയിൽ രണ്ടും കേരളത്തിലേക്കാണ്, ലോങ് ജംപിൽ ശ്രീശങ്കറും ട്രിപ്പ്ളിൽ അബ്ദുല്ല അബൂബക്കറും.
കോമൺവെൽത്ത് ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 2010ൽ ന്യൂഡൽഹിയിലായിരുന്നു. അന്ന് രണ്ട് സ്വർണം, മൂന്ന് വെള്ളി, ഏഴ് വെങ്കലം ലഭിച്ചു. 2014ലും 18ലും ഓരോ സ്വർണവും വെള്ളിയും വെങ്കലവും ട്രാക്കിലും ഫീൽഡിലുമായി ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.