റിയോയിൽ വെറും 19 താരങ്ങൾ; 19 മെഡലുമായി ടോക്യാ പാരാലിമ്പിക്സിൽ ഇന്ത്യൻ വിജയഗാഥ
text_fieldsടോക്യോ: 19 മെഡലുമായി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ടോക്യോ പാരാലിമ്പിക്സിന് ഇന്ത്യൻ കായിക സംഘം പരിസമാപ്തി കുറിച്ചു. അഞ്ച് സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലമടക്കമാണ് ഇന്ത്യ 19 മെഡലുകൾ ബാഗിലാക്കിയത്.
ടോക്യോയിൽ എത്തുന്നതിന് മുമ്പ് മൊത്തം പാരാലിമ്പിക്സുകളിലുമായി 12 മെഡലുകളായിരുന്നു (4 സ്വർണം, 4 വെള്ളി, 4 വെങ്കലം) ഇന്ത്യയുടെ സമ്പാദ്യം. നാല് മെഡലുകൾ സ്വന്തമാക്കിയ റിയോയിലായിരുന്നു മുൻ ഗെയിംസുകളിലെ ഏറ്റവും മികച്ച പ്രകടനം. മെഡൽപട്ടികയിൽ ആദ്യ 25ൽ ഇടം നേടാനും ഇന്ത്യക്കായി (24). 96 സ്വർണമടക്കം 207 മെഡലുകളുമായി ചൈനയാണ് മെഡൽപട്ടികയിൽ ഒന്നാം സ്ഥാനത്ത്. 124 മെഡലുകളുമായി ബ്രിട്ടൻ രണ്ടാമതും 104 മെഡലുമായി അമേരിക്ക മൂന്നാമതുമെത്തി.
54 അത്ലറ്റുകൾ അടങ്ങുന്ന സംഘവുമായാണ് ഇന്ത്യ ജപ്പാനീസ് തലസ്ഥാനത്തെത്തിയത്. ടേബിൾ ടെന്നിസിൽ (ക്ലാസ് 4) വെങ്കലം സ്വന്തമാക്കി ഭവിനബെൻ പേട്ടലാണ് ഇന്ത്യയുടെ മെഡൽ കൊയ്ത്തിന് തുടക്കമിട്ടത്. പുരുഷൻമാരുടെ എസ്.എച്ച് 6 വിഭാഗം സിംഗിൾസ് ബാഡ്മിന്റണിൽ സ്വർണം കഴുത്തിലണിഞ്ഞ് കൃഷ്ണ നാഗറിലൂടെയായിരുന്നു ടോക്യോയിലെ അവസാന മെഡൽ.
ഷൂട്ടിങ്ങിൽ നിന്ന് രണ്ട് സ്വർണമടക്കം അഞ്ച് മെഡലുകൾ ഇന്ത്യൻ താരങ്ങൾ വാരിക്കൂട്ടി. അവനി ലേഖാരയും (സ്വർണം, വെങ്കലം) സിങ്രാജ് അദാനയും (വെള്ളി, വെങ്കലം) രണ്ട് മെഡലുകൾ വീതം നേടി. പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയായി മാറിയ അവനിയാകും സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുക.
അത്ലറ്റിക്സിലും ഇന്ത്യ തിളങ്ങിയ പാരാലിമ്പിക്സായിരുന്നു ഇത്. ഹൈജംപിൽ നാലും ജാവലിൻത്രോയിലൂടെ മൂന്നും ഡിസ്കസ് ത്രോയിലൂടെ ഒരുമെഡലും നേടി.
സുമിത് ആന്‍റിലാണ് അത്ലറ്റിക്സിലെ ഏക സ്വർണമെഡൽ ജേതാവ്. പാരാലിമ്പിക്സിൽ ബാഡ്മിന്റൺ ഉൾപെടുത്തിയ ആദ്യ വർഷം തന്നെ ഇന്ത്യ നേട്ടങ്ങളുടേതാക്കി മാറ്റി. പ്രമോദ് ഭഗതിന്‍റെയും കൃഷ്ണ നഗറിന്‍റെയും സ്വർണമടക്കം നാല് മെഡലുകളാണ് ഷട്ടിൽ താരങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്നത്. ഒളിമ്പിക്സിൽ ഏഴ് മെഡലുകളുമായി ചരിത്രം കുറിച്ച ഇന്ത്യ ടോക്യോയിൽ പാരലിമ്പിക്സിലും നേട്ടം ആവർത്തിക്കുന്ന കാഴ്ചയാണ് കണ്ടത്.
ഇന്ത്യൻ മെഡൽജേതാക്കളുടെ പട്ടിക
അവനി ലേഖാര-സ്വർണം -വനിത 10 മീ. എയർറൈഫിൾ സ്റ്റാൻഡിങ് എസ്.എച്ച്1
പ്രമോദ് ഭഗത്- സ്വർണം- പുരുഷ ബാഡ്മിന്റൺ സിംഗിൾസ് (എസ്.എൽ3)
കൃഷ്ണ നാഗർ- സ്വർണം- പുരുഷ ബാഡ്മിന്റൺ സിംഗിൾസ് (എസ്.എൽ6)
സുമിത് ആന്‍റിൽ-സ്വർണം-ജാവലിൻ ത്രോ എഫ്64
മനീഷ് നർവാൾ-സ്വർണം-മിക്സഡ് 50 മീ. പിസ്റ്റൾ എസ്.എച്ച്1
ഭവിനബെൻ പേട്ടൽ-വെള്ളി-വനിത സിംഗിൾസ് ക്ലാസ് 4 ടേബിൾ ടെന്നിസ്
സിങ്രാജ്-വെള്ളി-മിക്സഡ് 50 മീ. പിസ്റ്റൾ എസ്.എച്ച്1
യോഗേഷ് കതുനിയ-വെള്ളി-പുരുഷ ഡിസ്കസ് എഫ്56
നിശാദ്കുമാർ-വെള്ളി-പുരുഷ ഹൈജംപ് ടി47
മാരിയപ്പൻ തങ്കവേലു-വെള്ളി-പുരുഷ ഹൈജംപ് ടി63
പ്രവീൺകുമാർ-വെള്ളി-പുരുഷ ഹൈജംപ് ടി64
ദേവേന്ദ്ര ജജാരിയ-വെള്ളി-ജാവലിൻ ത്രോ എഫ് 46
സുഹാസ് യതിരാജ്-വെള്ളി-പുരുഷവിഭാഗം ബാഡ്മിന്റൺ സിംഗിൾസ് (എസ്.എൽ4)
അവനി ലേഖാര-വെങ്കലം-വനിത 50 മീ. റൈഫിൾ3 പൊസിഷൻ എസ്.എച്ച്1
ഹർവീന്ദർസിങ്-വെങ്കലം-പുരുഷൻമാരുടെ റീകർവ് അെമ്പയ്ത്ത്
ശരദ്കുമാർ-വെങ്കലം-പുരുഷ ഹൈജംപ് ടി63
സുന്ദർ സിങ് ഗുജാർ-വെങ്കലം-ജാവലിൻ ത്രോ എഫ് 46
മനോജ് സർക്കാർ-വെങ്കലം-പുരുഷവിഭാഗം ബാഡ്മിന്റൺ സിംഗിൾസ് (എസ്.എൽ3)
സിങ്രാജ് അദാന-വെങ്കലം- പുരുഷ 10മീ. എയർപിസ്റ്റൾ എസ്.എച്ച്1
മെഡൽനേട്ടം ഇനം തിരിച്ച്
അത്ലറ്റിക്സ്-8
ഷൂട്ടിങ്-5
ബാഡ്മിന്റൺ-4
അെമ്പയ്ത്ത്-1
ടേബിൾടെന്നിസ്-1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.